ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്.. ഇന്ദ്രൻസ് പറയുന്നു

0
88

നാട്യങ്ങളിലാത്ത തുന്നൽക്കാരൻ എന്നു വിളിക്കേണ്ടിവരും ഈ മനുഷ്യനെ. അത്രക്ക് ജനുവിൻ ആയ ഒരു താര പൊലിമയുമില്ലാത്ത ഒരു സാധാരണക്കാരൻ അതാണ് ഇന്ദ്രൻസേട്ടൻ. ശരീരത്തിന്റെ പേരിലുള്ള കോമഡികൾ കേട്ട് തഴമ്പിച്ച ഭൂതകാലത്തിനും അപ്പുറം അദ്ദേഹം ഇന്നൊരു നടനാണ്, ആ നടന്റെ അടയാളപ്പെടുത്തലുകൾ പല കുറി നമ്മൾ കണ്ടു കഴിഞ്ഞു. കോമഡി താരം എന്ന ലേബലിന് പുറത്ത് നല്ല വേഷങ്ങൾ അദ്ദേഹത്തെ തേടി എത്തുന്നുണ്ട് ഇന്ന്. ഒരു ടൈലർ ആയി ആണ് ഇന്ദ്രൻസ് തന്റെ ജീവിതം തുടങ്ങിയത്. രൂപം തന്നെയാണ് സിനിമയിലെ വസ്ത്രാലങ്കാരകനിൽ നിന്നു ഇന്നത്തെ താരത്തിലേക്ക് എത്തിച്ചത്.

അമ്മ ചിട്ടി പിടിച്ചതു കൊണ്ടു വാങ്ങിയ ഒരു തയ്യൽമെഷീൻ വച്ചാണ് ഇന്ദ്രൻസ് തുന്നൽ ജോലി തുടങ്ങുന്നത്. അന്നത്തെ പേര് സുരേന്ദ്രൻ എന്നായിരുന്നു.തൂവാനത്തുമ്പികൾ എന്ന സിനിമയുടെ ടൈറ്റിൽ കാർഡിൽ ആണ് ഇന്ദ്രൻസ് എന്ന പേരിൽ ആദ്യം അറിയപ്പെട്ടത്. ജീവിത സാഹചര്യങ്ങൾ കൊണ്ട് അദ്ദേഹത്തിന് നാലാം ക്ലാസ്സ്‌ വരെ മാത്രമേ പഠിക്കാനെ കഴിഞ്ഞുള്ളു. ഇന്നും തുന്നൽ എന്ന കല അദ്ദേഹം ഒട്ടും മറന്നിട്ടില്ല. കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി സർക്കാർ ഒരുക്കിയ അവബോധന വിഡിയോയിൽ വീണ്ടും തയ്യൽ മെഷീനു വേണ്ടി അദ്ദേഹം കാലുകൾ അനക്കിയിരുന്നു.

വസ്ത്രാലങ്കാരകൻ എന്ന നിലയിലുള്ള തന്റെ ജീവിതത്തെ പറ്റി ഇന്ദ്രൻസ് പറയുന്നതിങ്ങനെ. എല്ലാവരോടും നന്ദിയും കടപ്പാടുമുണ്ട്. പത്മരാജൻ സാറിനെ കടപ്പാടോടെ മാത്രമേ ഓർക്കാൻ കഴിയു. അദ്ദേഹം ഇന്നുമൊരു അദ്ഭുതമാണ്. കഥാപാത്രങ്ങൾ ഏതു നിറമുള്ള വസ്ത്രം ധരിക്കണം എന്നുവരെ അദ്ദേഹം എഴുതി വയ്ക്കും. ചില കഥാപാത്രങ്ങളെക്കുറിച്ചു പറയുമ്പോൾ ഞാൻ ചോദിക്കും. സാർ ആ കഥാപാത്രത്തിന് നമുക്ക് നീല നിറമുള്ള ഷർട്ട് എടുത്താലോ? അപ്പോൾ അദ്ദേഹം സ്ക്രിപ്റ്റ് എന്നെക്കാണിക്കും. അതിന്റെ വശത്ത് എഴുതിയിരിക്കും, കഥാപാത്രത്തിന്റെ ഷർട്ടിന്റെ നിറം നീല എന്ന്. അതായിരുന്നു വസ്ത്രാലങ്കാരകനും സംവിധായകനും തമ്മിലുള്ള ബന്ധം.എന്നാൽ ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്. അവരെയും കുറ്റപ്പെടുത്തുന്നില്ല. അത് അവരുടെ കൂറ്റമായിരിക്കില്ല ആ സമയത്തെ തോന്നലുകളായിരിക്കാം. ജീവിതം ഏതുവഴിക്കാണു പോകുന്നത് എന്നു പറയാൻ പറ്റില്ല. എന്നോടൊപ്പം തയ്യൽക്കടയിലൊരു രവി മേ സ്തിരി ഉണ്ടായിരുന്നു. പതിഞ്ഞ ശബ്ദത്തിൽ അദ്ദേഹം പറയുന്ന തമാശകൾ ഞങ്ങൾക്കു പൊട്ടിച്ചിരി മാത്രമല്ല അദ്ഭുതവുമായിരുന്നു. ഒരിക്കൽ ഞാൻ അദ്ദേഹത്തെ പാളയത്തു വച്ചു കണ്ടു. മനസ്സിന്റെ നില തെറ്റിയതുപോലെ സന്യാസി വേഷത്തിലായിരുന്നു അദ്ദേഹം. അതാണ് ജീവിതം. ആര് എ പ്പോൾ എങ്ങനെ എന്നൊന്നും പറയാൻ പറ്റില്ല.