ബിജു മേനോന്റെ അച്ഛൻ വിവാഹത്തിന് മുൻപ് സംയുക്തയെ ഫോണിൽ വിളിച്ചു പറഞ്ഞ കാര്യം

0
1248

മലയാളി സിനിമ പ്രേക്ഷകരുടെ ഇഷ്ട താര ദമ്പതികളാണ് ബിജു മേനോനും സംയുക്തയും. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഒരുമിച്ചു സിനിമകൾ ചെയ്ത ശേഷമാണു ഇരുവരും പ്രണയത്തിലായത്. മലയാള സിനിമയിൽ ഒരു തിരക്കുള്ള ഒരു നായികയായി തിളങ്ങവേ ആണ് സംയുക്തയെ ബിജു മേനോൻ സ്വന്തമാക്കുന്നത്. വിവാഹത്തിന് ശേഷം സംയുക്ത സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. വീട്ടുകാര്യങ്ങളും അല്പം യോഗ ട്രെയിനിങ്ങും ഒക്കെയായി സംയുക്ത ഇപ്പോൾ ബിസിയാണ്.

സംയുക്തയുടെയും ബിജു മേനോന്റെയും പ്രണയത്തെ കുറിച്ചു സുനിൽ വെയ്ൻ എന്നൊരാൾ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറലാണ്. അതിലെ പ്രസക്ത ഭാഗം ഇങ്ങനെ. “പത്രത്തിലെ ACP ഫിറോസ് മുഹമ്മദിനെയും FIRലെ ഗ്രിഗറിയേയും കണ്ട് ആരാധന തോന്നാത്ത ആണ്‍കുട്ടികളുണ്ടോ? പ്രണയഭാവങ്ങളുടെ മൂര്‍ത്തരൂപമായി വിക്ടര്‍ എന്ന കഥാപാത്രം പെയ്തിറങ്ങിയ അതേ വര്‍ഷം തന്നെയാണ് ഫിറോസ് മുഹമ്മദ് എന്ന ഉശിരുള്ള പൊലീസ് ഉദ്യോഗസ്ഥനായി ബിജു മേനോനെ സ്‌ക്രീനില്‍ കണ്ടത്..അതേ വര്‍ഷം തന്നെയാണ് അയാള്‍ ചിത്രശലഭത്തിലെ ഡോ.സന്ദീപ് ആയത്..സ്‌നേഹത്തിലെ ശശിധരന്‍ നായരായത്..കണ്ണെഴുതി പൊട്ടും തൊട്ടിലെ ഉത്തമനായത്.ഈ ഒരു Versatality കരിയറിലുടനീളം ബിജു മേനോനില്‍ കാണാം.

റോളുകളോ അതിന്റെ വലിപ്പചെറുപ്പമോ ഒന്നും നോക്കിയല്ല, മറിച്ച് ഒരു സിനിമ ചെയ്താല്‍ അത് കൊണ്ട് തനിക്കെന്തെങ്കിലും ഗുണമുണ്ടോ എന്ന് മാത്രമാണ് ആത്യന്തികമായി ബിജു മേനോനിലെ നടന്‍ ശ്രദ്ധിച്ചത്. ഇടക്കാലത്ത് സൂപ്പര്‍താര ചിത്രങ്ങളിലെ സജീവസാന്നിദ്ധ്യമായി അയാള്‍ മാറിയതും ഇക്കാരണം കൊണ്ട് മാത്രമായിരുന്നു. കാല്‍പതിറ്റാണ്ട് താണ്ടിയ അഭിനയസപര്യ ഇന്നിപ്പോള്‍ സാനു ജോണ്‍ വര്‍ഗീസിന്റെ ‘ആര്‍ക്കറിയാം’ വരെ എത്തി നില്‍ത്തുന്നു. സിനിമയില്‍ അത്യാവശ്യം പ്രശസ്തനായ ശേഷവും പക്ഷേ ബിജുവിന്റെ പിതാവ് ആഗ്രഹിച്ച ഒറ്റ കാര്യമേ ഉണ്ടായിരുന്നുള്ളൂ ബിജുവിന്റെ വിവാഹം. മില്ലേനിയം സ്റ്റാര്‍സ് പോലുള്ള സിനിമകളില്‍ കൂടെ അഭിനയിക്കുമ്പോള്‍ ജയറാം അടക്കമുള്ള സഹനടന്മാര്‍ അതിനോടകം നിരവധി തവണ ചോദിച്ച കാര്യമായിരുന്നു അത്..ജയറാം മാത്രമല്ല, കൂടെ അഭിനയിച്ച സഹപ്രവര്‍ത്തകരില്‍ നിന്നെല്ലാം അതിനോടകം പലകുറി ആ ചോദ്യം ബിജു കേട്ടിരുന്നു പലവുരു..പലയാവര്‍ത്തി ‘നല്ലൊരു കുട്ടിയെ കിട്ടിയാ കെട്ടിക്കൂടെഡോ തനിക്ക്’ എല്ലാവരോടും ചിരിച്ചു കൊണ്ട് തന്റെ സ്വതഃസിദ്ധമായ ശൈലിയില്‍..സൗമ്യമായ പുഞ്ചിരിയോടെ ബിജു പറഞ്ഞു ‘വരട്ടെ..സമയം ആവട്ടെ’ സംയുക്ത വര്‍മ്മയോടൊപ്പം ബിജു ഒരുമിച്ച്/തുടര്‍ച്ചായി സിനിമകള്‍ ചെയ്യുന്നത് 2000-2001 സമയത്താണ്. പരിചയം സൗഹൃദമായി..സൗഹൃദം പതിയെ പ്രണയവും എപ്പോഴാണ് പ്രണയിച്ച് തുടങ്ങിയതെന്ന് ചോദ്യത്തിന് ഇരുവര്‍ക്കുമിടയില്‍ അന്നും ഇന്നും ഉത്തരമില്ല. ഒരിക്കലും പെട്ടെന്ന് കണ്ടു മുട്ടി പ്രണയിച്ചവര്‍ അല്ലായിരുന്നു. ബിജു-സംയുക്തമാര്‍. മഴ, മധുരനൊമ്പരക്കാറ്റ് എന്നീ സിനിമകളില്‍ പത്തറുപത് ദിവസം അവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒരുമിച്ച് മഴ നനഞ്ഞു. ഒരുമിച്ച് പാട്ടുകള്‍ പാടി അഭിനയിച്ചു. മഴ എന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞയുടനാണ് ബിജു തന്റെ ഇഷ്ടം സംയുക്തയോട് സൂചിപ്പിക്കുന്നത്. സിനിമയിലെന്ന പോല്‍ ജീവിതത്തിലും അന്ന് സംയുക്ത വ്യക്തമായ മറുപടിയൊന്നും ആ ചോദ്യത്തിന് നല്‍കിയില്ല. അതിന്റെ ഉത്തരം അതിനോടകം തന്നെ ഇരുവര്‍ക്കും അറിയാമായിരുന്നു എന്നത് തന്നെ കാരണം. മഴയെന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ എവിടെയോ വെച്ച് ഒരുമിച്ച് സ്‌നേഹിക്കാന്‍ മോഹിച്ച/ഒരുമിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ട രണ്ട് പേരായി അവരിരുവരും അതിനോടകം മാറിക്കഴിഞ്ഞിരുന്നു. പ്രായത്തില്‍ കവിഞ്ഞ പക്വത ഇന്‍ഡസ്ട്രിയില്‍ വരുന്നതിന് മുമ്പേ സംയുക്തയ്ക്കുണ്ടായൊരുന്നു..ഒരു നടിയെന്ന നിലയില്‍ അവര്‍ കൈവരിച്ച അംഗീകാരങ്ങള്‍ അതിന്റെ കൂടി പ്രതിഫലനമായിരുന്നു.3 വര്‍ഷം മാത്രം ഇന്‍ഡസ്ട്രിയില്‍ സജീവമായൊരു നടി.. ആകെ ചെയ്തത് 18ല്‍ പരം സിനിമകള്‍..മോഹന്‍ലാല്‍, ദിലീപ്, ജയറാം, ശ്രീനിവാസന്‍ പോലെ ഇന്‍ഡസ്ട്രിയില്‍ പ്രഗത്ഭരായവര്‍ക്കൊപ്പമുള്ള സിനിമകള്‍..

സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കമല്‍, ജോഷി, കെ.മധു, ലെനിന്‍ രാജേന്ദ്രന്‍, മോഹന്‍, ഹരികുമാര്‍, രാജസേനന്‍ പോലെ ഇന്‍ഡസ്ട്രിയിലെ അതികായര്‍ക്കൊപ്പമുള്ള സിനിമകള്‍.അരങ്ങേറ്റ സിനിമയില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം..അതും തന്റെ 20-ാം വയസ്സില്‍. സഹജീവികളോട് സംയുക്ത കാണിക്കുന്ന പ്രായത്തില്‍ കവിഞ്ഞ പക്വതയായിരുന്നു ബിജു അവരില്‍ കണ്ട ഏറ്റവും പ്രകടമായ സവിശേഷത. ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ഇരുവരും പ്രണയബദ്ധരാണെന്ന വാര്‍ത്ത മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കിയപ്പോഴും സംയുക്ത ചിരിച്ചു കൊണ്ടാണ് അതിനെയെല്ലാം സമീപിച്ചത്.’പ്രിയപ്പെട്ട നടന്‍ ആരാണ്.. ബിജുവാണോ’ എന്ന ഉത്തരം അക്കാലത്ത് മോഹിച്ചവരോട് പുഞ്ചിരിച്ചു കൊണ്ട് സംയുക്ത പറഞ്ഞു ‘എനിക്കേറ്റവും ഇഷ്ടമുള്ള നടന്‍ തിലകന്‍ സാറാണ്’ സഹപവര്‍ത്തകര്‍ക്ക് ബിജു നല്‍കുന്ന സ്‌നേഹവും ബഹുമാനം ആയിരുന്നു ബിജുവില്‍ സംയുക്ത കണ്ട ഏറ്റവും നല്ല ക്വാളിറ്റി. ഒരുമിച്ചഭിനയിച്ച ‘മഴ’ എന്ന സിനിമ തിയേറ്ററില്‍ പോയി കണ്ട ശേഷം ബിജു ആദ്യം വിളിച്ചത് സംയുക്തയെ ആയിരുന്നു… ‘ചിന്നൂ…നിന്നെയോര്‍ത്ത് ഞാന്‍ സന്തോഷിക്കുന്നു’ ഒരൊറ്റ വാക്യത്തില്‍ ആദ്യന്തം ഒതുക്കിയ മറുപടി സ്നേഹിച്ചു കൊണ്ടിരിക്കുന്ന സമയത്ത് വെറുതെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വാക്കുകള്‍ അല്ലായിരുന്നു അവ..ഹൃദയത്തിനുള്ളില്‍ നിന്ന് ആത്മാര്‍ത്ഥമായി പ്രസരിച്ച വാചകങ്ങള്‍ തന്നെയായിരുന്നു അവ..മാധ്യമങ്ങള്‍ക്കിടയില്‍ വളരെ വേഗത്തില്‍ തന്നെ ഇരുവരുടെയും പ്രണയകഥക്ക് പ്രചാരം കിട്ടി. രണ്ട് പേരും തൃശൂരുകാര്‍ ആണെന്നായിരുന്നു ഇതിന് നിദാനമായ പ്രധാന സംഗതി. രണ്ട് പേരും സിനിമയുടെ ആഡംബരത്തിന്റെ സുഖശീതളിമയിലോ കാര്യമായി മയങ്ങാത്തവര്‍. സിനിമയുടെ മായികവലയം തീര്‍ത്ത പ്രഭയില്‍ നിന്നെല്ലാം ഒഴിഞ്ഞു നടന്ന പ്രകൃതം ആയിരുന്നു ഇരുവരുടെയും.സിനിമാക്കാരെല്ലാം ചെന്നൈയില്‍ തമ്പടിച്ച കാലത്തും തൃശൂര്‍ വിട്ടൊരു ലോകം ബിജുവിനും സംയുക്തക്കും ഇല്ലായിരുന്നു (കല്യാണം കഴിഞ്ഞ് വര്‍ഷം 20 ആകുമ്പോഴും ആ തീരുമാനത്തിന് തെല്ലും ഇളക്കം സംഭവിച്ചിട്ടില്ല. നാല് ആണ്‍മക്കള്‍ അടങ്ങുന്ന മഠത്തില്‍ പറമ്പ് വീട്ടിലേക്ക് മരുമകള്‍ ആയി സംയുക്ത കടന്നുവരണമെന്ന് ബിജു മേനോന്റെ യശഃശരീരനായ പിതാവ് ബാലകൃഷ്ണപിള്ളയുടെ ഏറ്റവും വലിയ ആഗ്രഹം കൂടിയായിരുന്നു. ബിജു വിവാഹിതനായി കാണണമെന്നും കുടുംബനാഥനായി കാണണമെന്നും ആ വീട്ടില്‍ മറ്റാരേക്കാളും ആഗ്രഹിച്ചത് അദ്ദേഹം തന്നെയായിരുന്നു. സംയുക്തയേയും ബിജുവിനെയും കുറിച്ചുള്ള വാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് മാധ്യമങ്ങള്‍ എഴുതി പിടിപ്പിക്കുമ്പോഴും, ആഘോഷമാക്കുമ്പോഴും ഒരിക്കല്‍ പോലും ബിജുവിന്റെ അച്ഛന്‍ അതിനെക്കുറിച്ച് ബിജു മേനോനോട് ചോദിച്ചിരുന്നതേയില്ല.

സൗഹൃദം പ്രണയത്തിലേക്ക് വഴുതി വീണ നാളുകളിലെപ്പോഴോ ഒരിക്കല്‍ അദ്ദേഹം ബിജുവിനെ വിളിച്ചു നിര്‍ത്തി ചോദിച്ചുവെത്രേ ‘എന്താടാ..ഈ കേള്‍ക്കുന്നതെല്ലാം ശരിയാണോ’?? അന്നും ബിജു, ഒന്നും മിണ്ടാതെ നിന്നതേ ഉള്ളൂ സ്‌നേഹം കൊണ്ടായിരുന്നു ആ മനുഷ്യന്‍ എന്നും അയാളുടെ അഞ്ച് ആണ്‍മക്കളെയും തോല്പിച്ചിരുന്നത്. ബിജുവിന്റ പരിഭ്രമിച്ച മുഖം കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു ‘എനിക്ക് വിരോധമില്ല..അവള്‍ നല്ല കുട്ടിയാണ്’ പിന്നീട് ബിജു അറിയാതെ സംയുക്തയോട് അദ്ദേഹം ഫോണില്‍ സംസാരിക്കുകയുണ്ടായി.. സംയുക്തയുടെ അച്ഛനോട് വിവാഹത്തെ പറ്റി സംസാരിക്കുകയും വിവാഹത്തിന്റെ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്തത് ആ അച്ഛനാണ്. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്. ബിജുവിന്റെ ദുഃഖം സംയുക്തയുടേത് കൂടിയാണെന്ന് ഇരുവരും പരസ്പരം മനസ്സിലാക്കിയ നാളുകള്‍ കൂടി ആയിരുന്നു ആ ദിവസങ്ങള്‍..അത്തരം പങ്കിടലുകള്‍ അവരെ കൂടുതല്‍ കൂടുതല്‍ അടുപ്പിച്ചു നിര്‍ത്തി. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ബിജുവിന്റെ അച്ഛന്‍ സംയുക്തയെ ഫോണില്‍ വിളിച്ചിരുന്നു..പറഞ്ഞത് ഒറ്റ കാര്യം മാത്രം’ ‘അവന്‍ അലസനാണ്..ജീവിതത്തില്‍ കാര്യമായ അടുക്കും ചിട്ടയും ഇല്ലാത്തവനാണ്..മോള് വേണം ഇനി’.. മഴയില്‍ നനഞ്ഞു കൊണ്ടാണ് അവര്‍ ഇരുവരും സ്‌നേഹിച്ചത്. മഴ തീരാറായപ്പോള്‍ അവര്‍ തിരിച്ചറിഞ്ഞു, സ്‌നേഹത്തിന്‍ പെരുമഴ തങ്ങള്‍ക്ക് ചുറ്റും തണുത്ത കാറ്റ് പോല്‍ വീശുന്നുണ്ടെന്ന്. പുതുമഴ പെരുകി പതിയെ പെരുമഴയായ പോലെ ആയിരുന്നു അത്.. രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2002 നവംബര്‍ 21ന് സംയുക്ത വര്‍മ..അടുപ്പക്കാരുടെ ചിന്നു..ബിജു മേനോന്റെ ജീവിതസഖിയായി മഠത്തില്‍പറമ്പ് വീടിന്റെ ഉമ്മറം കടന്ന് വന്നപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും പൂവണിഞ്ഞത് ആ അച്ഛന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്ന് കൂടിയാണ് വിവാഹത്തോട് അനുബന്ധിച്ച് നല്‍കിയ ഒരു അഭിമുഖ സംഭാഷണത്തില്‍ ബിജു മേനോന്‍ പറഞ്ഞ ഒരു ചെറിയ സംഭാഷണ ശകലം എനിക്കിപ്പോഴും ഓര്‍മയുണ്ട് (അന്ന് ഞാന്‍ ചെറിയ ചെക്കനാണ്..പക്ഷേ അന്ന് മനസ്സില്‍ കോറിയിട്ട ആ വാചകങ്ങള്‍ മാത്രം എനിക്കിപ്പോഴും നല്ല ഓര്‍മ്മയുണ്ട്) അതിന്റെ രത്‌നചുരുക്കം ഏതാണ്ട് ഇങ്ങനെ വരും ‘എന്റെ ജീവിതത്തില്‍ സംയുക്ത വന്നത് കൊണ്ട് ഒരുപക്ഷേ എനിക്ക് കൂടുതല്‍ അടുക്കും ചിട്ടയും കൈവരുമെന്നോ എന്റെ സ്വതസിദ്ധമായ മറവി ഇല്ലാതാകുമെന്നോ എനിക്കുണ്ടെന്ന് പൊതുവേ എല്ലാവരും പറയപ്പെടുന്ന അലസത ഇല്ലാതാകുമെന്നോ അറിയില്ല..പക്ഷേ ഒരു കാര്യം ഉറപ്പാണ്..ആരും മോഹിച്ചു പോകുന്നൊരു നന്മ ആ കുട്ടിയില്‍ ഉണ്ട്..ഞാന്‍ അവളില്‍ കണ്ടതും സ്‌നേഹിച്ചതും അതാണ്..അത് മാത്രമാണ്’ നബി : നടി ഊര്‍മിള ഉണ്ണിയുടെ മകളും അഭിനേത്രിയുമായ ഉത്തര ഉണ്ണിയുടെ വിവാഹ റിസപ്ഷന് വന്ന സംയുക്ത വര്‍മയുടെ സര്‍പ്പസൗന്ദര്യം കണ്ട് ഭ്രമം തോന്നിയ.. ബിജു മേനോന്റെ സൗഭാഗ്യം കണ്ട് കുശുമ്പ് തോന്നിയ..ഇരുവരുടെയും ദാമ്പത്യവല്ലരി കണ്ട് ഒരേ സമയം ആനന്ദം തോന്നിയ..ചേതോവികാരത്തിന്‍ പുറത്ത് കുറിക്കുന്ന കുറിപ്പ്…