ഉയരെ.. പേര് പോലെ ഉയരുമി സിനിമയും – റിവ്യൂ

0
220

പാർവതി തിരുവോത് എന്ന പേരുകാരിക്ക് മലയാള സിനിമയിൽ ഉണ്ടായിരുന്ന അപ്രഖ്യാപിത വിലക്ക് പൊട്ടിച്ചു കളഞ്ഞു കൊണ്ട് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഉയരെ. ട്രാഫിക് എന്ന ചിത്രം സംവിധാനം ചെയ്തു എന്നെന്നും നമ്മുടെ ഹൃദയങ്ങളിൽ സ്ഥാനം സൂക്ഷിക്കുന്ന രാജേഷ് പിള്ളയുടെ സഹ സംവിധായകനായിരുന്ന മനു അശോകൻ ആണ് സംവിധാനം. സ്ക്രിപ്റ്റ് ബോബി സഞ്ജയും.

ആ പേര് പോലെ തന്നെയാണ് സിനിമയും എന്ന് ആദ്യമേ പറയട്ടെ. ഇമോഷനുകളിലും ത്രില്ല് അടിപ്പിക്കുന്ന മുഹൂര്തങ്ങളിലും ഉയരെ ഏറെ ഉയരെ തന്നെയാണ്. ഇരുത്തം വന്ന ഒരു സംവിധായകന്റെ വർക്ക് എന്ന് പറയാവുന്ന ഐറ്റം. ഉയരെ അപൂർവമായി പുറത്തു വരുന്നു ദി ബെസ്റ്റ് എന്ന ക്ലാസ്സിൽ പെടുത്താവുന്ന സിനിമയാണ്. സിനിമ കണ്ടിറങ്ങുന്നവന്റെ മനസ്സിൽ കുടിയിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളും.

ജീവിതം നമ്മെ നിലയില്ലാ കയങ്ങളിലേക്ക് തള്ളി വിടുമ്പോഴും ഉള്ളിൽ ഒരു പ്രകാശത്തിന്റെ കണിക എങ്കിലും അവശേഷിക്കപെടും. അത്തരത്തിൽ വീണു പോയിടത്തു നിന്ന് മുന്നോട്ട് ഓടി സ്വപ്നത്തെ ചേർത്ത് പിടിച്ച പല്ലവി രവീന്ദ്രന്റെ കഥയാണിത്. ഒരുപക്ഷെ മലയാള സിനിമ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും മികച്ച സ്ത്രീ കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ് പല്ലവി രവീന്ദ്രൻ. അവളുടെ മനസിന്റെ കോൺഫ്ലിക്റ്റുകളും, ഡിസിഷൻ മേക്കിങ് ഡയലമ്മകളും എല്ലാം വളരെ മെന്യുട്ട് ആയി മേക്കേഴ്‌സ് നമ്മുടെ ഉള്ളിലേക്ക് കടത്തി വിട്ടിട്ടുണ്ട്. അത് തന്നെയാണ് സിനിമയുടെ വിജയം.

ഏതൊരു പെൺകുട്ടിയെയും പോലെ തന്നെയായിരുന്നു പല്ലവി രവീന്ദ്രൻ. ഒരു സ്വപ്നവും പേറി പതിനാലാം വയസ് മുതലേ നടന്നവൾ. അവൾക്ക് ഒരു കാമുകൻ ഉണ്ടായിരുന്നു. ഗോവിന്ദ്. അവന്റെ രീതികളോടും ചിന്തകളോടും കലഹിച്ചും ഒത്തു കൂടിയുമെല്ലാം അവൾ മുന്നോട്ട് പോയി. അവന്റെ അനുവാദം ഇല്ലാതെ അവൾ ഏവിയേഷൻ കോഴ്സിന് ചേർന്നു. ഒരു പെൺകുട്ടിക്ക് ജീവിതത്തിൽ ഏതെങ്കിലും ഒരു പോയിന്റിൽ ഉണ്ടാകുന്ന ഡിലെമ്മ അവൾക്കും ഉണ്ടായി. തന്റെ കരിയറും പ്രണയവും രണ്ടു വശത്തു നിന്നപ്പോൾ ഏത് തിരഞ്ഞെടുക്കണമെന്നു അവൾ ചിന്തിച്ചു. അവൾ ഒരു തീരുമാനമെടുത്തു, അത് വലിയ തിരിച്ചടികളാണ് അവളുടെ ജീവിതത്തിൽ കൊണ്ട് വന്നത്.

ആസിഫ് അലിയുടെ ഗോവിന്ദിനെ കുറിച്ച് പറയാതെ ഉയരെ പൂര്ണമാകില്ല. ഗോവിന്ദിനെ അത്രമേൽ ഗംഭീരമായി ആ മനുഷ്യൻ പകർന്നാടിയിട്ടുണ്ട്.ഗോവിന്ദ് എന്താണെന്നും, അയാളുടെ മനസ് എങ്ങനെയാണെന്നും ബോബി സഞ്ജയ് തിരക്കഥയിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. അയാൾ ചെയ്യുന്നതിലെ നല്ലതും ചീത്തയും വിസ്തരിക്കാൻ നിക്കാതെ നമ്മൾ സിനിമയുടെ ഭാഗമാകുമ്പോൾ അത് ആ എഴുത്തുകാരുടെ വിജയമാണ്. ഒപ്പം ആസിഫ്, പറയാതെ വയ്യ.. അതി ഗംഭീരമാണ് നിങ്ങളുടെ പ്രകടനം.

ഇമോഷണൽ ഖോഷ്യന്റിലും ഉയരെ ഗംഭീരമായി പോർട്ര ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. സിദ്ദിഖും പാർവതിയുടെ കഥാപാത്രവും തമ്മിലുള്ള സീനിലെ ഒക്കെ പെർഫോമൻസ് വേറെ ലെവലാണ്‌. ടോവിനോ ചെറുതെങ്കിലും ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് എത്തിയത്. കുറ്റങ്ങൾ ഒന്നും തന്നെ നിരത്താൻ ഇല്ലാത്ത ഒരു നല്ല സിനിമയാണ് ഉയരെ. ഗിമ്മിക്കുകളിലാത്ത സ്ത്രീപക്ഷ സിനിമയാണ് ഉയരെ….

ഒറ്റവരി – വല്ലപ്പോഴും സൃഷ്ടിക്കപ്പെടുന്ന നല്ല സിനിമകളിൽ ഒന്നാണ് ഉയരെ.. ആ പേര് പോലെ ഉയരത്തിൽ പറക്കേണ്ട ഒന്ന്…