ഷൈജു ഖാലിദ് !ദൃശ്യാവതരണത്തിൽ ഈ മനുഷ്യനെപ്പോലെ ‘വെറൈറ്റി പീസ് വേറെയേതുണ്ട്..വൈറലാകുന്ന കുറിപ്പ്



മലയാള സിനിമയിൽ ഇന്ന് ഉള്ളതിൽ വച്ചേറ്റവും മികവ് പുലർത്തുന്ന ഛായാഗ്രാഹകന്മാരിൽ ഒരാളാണ് ഷൈജു ഖാലിദ്. ഈ മ യു എന്ന ചിത്രത്തിലൂടെ അന്തർ ദേശിയ തലത്തിൽ വരെ അഭിനന്ദനങ്ങൾ നേടിയ ഷൈജു ഖാലിദിന്റെ പുതിയ റീലീസാണു കുമ്പളങ്ങി നെറ്സ്. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ കുമ്പളങ്ങി എന്ന നാടിൻറെ രാത്രികളുടെ ഭംഗി അടുത്തറിയുന്ന ഫ്രെയിമുകളാണ് ചിത്രത്തിലേതു.ലോ ലൈറ്റിലെ കുമ്പളങ്ങി രാത്രിയുടെ ഭംഗി ഏതൊരു പ്രേക്ഷകന്റെയും മനസ് നിറയ്ക്കും. ഷൈജു ഖാലിദിന്റെ സിനിമാട്ടോഗ്രഫി മികവിനെ പറ്റി സംവിധായകൻ വി സി അഭിലാഷ് എഴുതിയ കുറിപ്പ് വൈറലാകുകയാണ് ..ഒരുപാട് പുരസ്‍കാരങ്ങൾ നേടിയ ആളൊരുക്കം എന്ന ചിത്രത്തിന്റെ സംവിധായകനാണ് അഭിലാഷ്

കുറിപ്പ് ഇങ്ങനെ

കുമ്പളങ്ങി ഇഷ്ടത്തിൽ വിക്കിപീഡിയയിൽ കയറി ഷൈജു ഖാലിദ് ക്യാമറ ചെയ്ത സിനിമകളിലേക്കൊന്ന് കണ്ണോടിച്ചു. ട്രാഫിക് മുതൽ കുമ്പളങ്ങി നൈറ്റ്സ് വരെ അതാത് സമയങ്ങളിലെ ശ്രദ്ധേയ ചിത്രങ്ങൾ..

സാൾട്ട് & പേപ്പറും മഹേഷിന്റെ പ്രതികാരവുമടക്കം മലയാള സിനിമയുടെ മൈൽ സ്റ്റോണുകളായ വർക്കുകൾ..

ഒരേ വർഷം തന്നെ രാജ്യം ശ്രദ്ധിക്കുന്ന
ഈമയൗവും സുഡാനിയും…

ദൃശ്യാവതരണത്തിൽ ഈ മനുഷ്യനെപ്പോലെ ‘വെറൈറ്റി പീസ്’ വേറെയേതുണ്ട്?

കുമ്പളങ്ങി തന്നെ എടുക്കുക.
ആ നാടിനെ പറ്റി പൊതു മലയാളിയ്ക്കുള്ള രൂപമെന്താണ്?

നിരയായി നിൽക്കുന്ന തെങ്ങുകളും കണ്ണെത്താത്തിടത്തോളം പരന്ന ജലക്കെട്ടുകളും മാനത്തെ തുറന്ന വെള്ള മേഘ സഞ്ചാരികളുമൊക്കെയല്ലേ?

എന്നാൽ ഈ കാൽപനികതയെ കണ്ടില്ലെന്ന് നടിച്ച് ക്യാമറ കൊണ്ട് മറ്റൊരു ലോകം പരിചയപ്പെടുത്തുകയാണ് സിനിമാട്ടോഗ്രാഫർ; (ഇടുക്കി എന്ന് കേട്ടാലുടൻ ആ ആർച്ച് ഡാമിന് നേരെ ക്യാമറ തിരിക്കുന്ന പൊതു ശൈലിയെ മഹേഷിൽ പൊളിച്ചടുക്കിയതുപോലെ!)

ഈമയൗവിൽ കടലിന് നേരെ തിരിച്ചു വച്ച് പിടിച്ചെടുത്ത ഫ്രെയിമുകൾ ശ്രദ്ധിക്കുക. കരയിലെ വാവച്ചൻ മേസിരിയുടെ വീട്ടിലെ സകല സംഘർഷങ്ങളും കടലിൽ അലയടിക്കുന്നത് കാണാം.

അങ്ങനെ എല്ലാ സിനിമകളും!


വിചിത്രമെന്ന് പറയട്ടെ,
വിക്കിപീഡിയ പറയുന്നു, ഇന്നോളം ഒരു സുപ്രധാന അവാർഡും ഈ മനുഷ്യനെ തേടി വന്നിട്ടില്ല.!!
(അവാർഡുകളല്ല ഒന്നിന്റേയും മാനദണ്ഡമെന്നൊക്കെ പറയാമെങ്കിലും, അവ തരുന്ന ഊർജ്ജം വലുതാണല്ലൊ.)

2011 മുതൽ ഷൈജു ഖാലിദിന്റെ ചലച്ചിത്ര ജീവിതം/അല്ലെങ്കിൽ ആ സിനിമകൾ വരും തലമുറയ്ക്ക് പാഠപുസ്തകമാണ്. അയാൾ സഹകരിച്ച സിനിമകൾ അവയ്ക്ക് അടിവരയിടുന്നു.

2010 ന് ശേഷമുള്ള മലയാള സിനിമയുടെ വഴിമാറ്റ നടത്തയുടെ ഈ അണിയറക്കാരന് ഇതിനും എത്രയോ മുമ്പ് സംസ്ഥാന – ദേശീയ പുരസ്കാരങ്ങൾ കിട്ടേണ്ടതായിരുന്നു.

ഇനി അദ്ദേഹത്തെ തേടിയെത്തേണ്ടത് പത്മശ്രീ പോലുള്ള അംഗീകാരങ്ങളാണ് എന്നാണ് എന്റെ പക്ഷം. അത്രമേൽ അയാൾ നമ്മുടെ നവസിനിമയെ സ്വാധീനിച്ചിട്ടുണ്ട്!

(NB : ദേശീയ അവാർഡ് കിട്ടിയിട്ടുണ്ട് എന്ന് ഒരു പൊതു വേദിയിൽ പറയാൻ പലപ്പോഴും എനിക്ക് മടി തോന്നാറുണ്ട്. കാരണം അന്നേരങ്ങളിലൊക്കെ ഓർത്ത് പോകുന്നത് വിൻസന്റ്മാസ്റ്ററും രാമചന്ദ്രബാബുവും മുതൽ
ജഗതി ശ്രീകുമാർ വരെ ഈ അംഗീകാരങ്ങൾ ഇന്നോളം തേടിയെത്താത്ത ഇതിഹാസ മനുഷ്യരെ / മാസ്റ്റേഴ്സിനെയാണ്; ഇപ്പോൾ ഷൈജു ഖാലിദ് എന്ന ഇന്നിന്റെ വിസ്മയത്തേയും!)

Comments are closed.