ന്യൂഡൽഹിക്കും, നഷ്ടപെട്ടത് എല്ലാം തിരിച്ചു പിടിച്ച ഒരുവന്‍റെ ചിരിക്കും 32 വർഷങ്ങൾ!!!32 വർഷങ്ങൾക്ക് മുൻപ് ഒരു ജൂലൈ 24. നായർസാബ് എന്ന മമ്മൂട്ടി ചിത്രം ഷൂട്ടിംഗ് കാശ്മീരിൽ നടക്കുകയാണ്. എന്നത്തേതും പോലെ അന്നും സാധാരണ ഒരു ദിവസമെന്നാണ് മമ്മൂട്ടി വിചാരിച്ചിരുന്നത്. മലയാള സിനിമയിൽ ഒരിക്കൽ താൻ ഏറെ ആഗ്രഹിച്ചു സ്റ്റാർ പദവി തന്നിൽ നീന്നും അകന്നു മാറുകയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്തിനധികം പറയുന്നു സിനിമക്കാരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പ്രതികരണങ്ങൾ പോലും തണുപ്പൻ മട്ടിലുള്ളത്.

തന്റെ മലയാള സിനിമയിലെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞു എന്നും പോലും അദ്ദേഹം സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. കശ്മീരിലെ ആ തണുപ്പിനിടെ ഒരു സിഗരറ്റ് കൊളുത്തി വലിക്കുന്നതിനിടെ ആണ് ആരോ ആ വിവരം മമ്മൂട്ടിയോട് പറയുന്നത്, “നാട്ടിൽ നിന്നും ഫോൺ വന്നിരുന്നു, ന്യൂ ഡൽഹി സൂപ്പര്‍ ഹിറ്റാണ്, മികച്ച പ്രതികരണങ്ങൾ ആണ് എങ്ങും.” മമ്മൂട്ടി ഒന്ന് ചിരിച്ചു, മമ്മൂക്കയുടെ ആ ചിരിക്കു ഒരു ഹീറോ ടച്ചുണ്ടായിരുന്നു…!!! നഷ്ടപെട്ടത് എല്ലാം തിരിച്ചു പിടിക്കുന്നവന്റെ ആ ചിരിക്ക് ഇന്ന് 32 വര്‍ഷം!!! ആ ചിരി പതിയെ പതിയെ നീണ്ടു തുടങ്ങി. ഒരു മെഗാ സ്റ്റാറിന്റെ ജനനം ആയിരുന്നു അന്ന്. തകർച്ചയുടെ വക്കിൽ നിന്ന് ജി കെ യെ പോലെ മമ്മൂട്ടിയും ഒരു ഫിനിക്സ് പക്ഷിയെ പോലെ പറന്നുയർന്നു.

ഒരുപക്ഷെ ജി കെ എന്ന ന്യൂ ഡൽഹിയിലെ കഥാപാത്രത്തിനും മമ്മൂട്ടിയും തമ്മിൽ ഒരുപാട് സാമ്യം ഉണ്ട്. നടൻ തിലകൻ ചേട്ടൻ എവിടേയോ എഴുതിയത് വായിച്ചിട്ടുണ്ട്, ന്യൂ ഡൽഹിക്കു മുൻപ് മമ്മൂട്ടി ഇടയ്ക്കിടെ തന്നോട് വന്നു എന്റെ സിനിമാ ജീവിതം അവസാനിക്കാറായി എന്ന് പറയുമായിരുന്നു എന്ന്. തുടർച്ചയായ പരാജയങ്ങൾ ആ നടന്റെ ജീവിതത്തെ അത്രമേൽ ബാധിച്ചിരുന്നു. ഒരേപോലുള്ള റോളുകളും മോശം ചിത്രങ്ങളും ഏതാണ്ട് ഇരുപതോളം ചിത്രങ്ങൾ തോൽവിയടഞ്ഞത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ തകർത്തു. പക്ഷെ ന്യൂ ഡൽഹി എന്ന പത്രവുമായി ജി കെ നഷ്ടപെട്ടത് തിരിച്ചു പിടിച്ചത് പോലെ ന്യൂ ഡൽഹി എന്ന ചിത്രവുമായി മമ്മൂട്ടി ഒരിക്കൽ കൈവിട്ടു പോയി എന്ന് വിചാരിച്ചത് എല്ലാം തിരിച്ചു പിടിച്ചു. അദ്ദേഹത്തിന്റെ ജീവിത കാലഘട്ടത്തെ ന്യൂ ഡൽഹിക്കു മുൻപ് ന്യൂഡല്ഹിക്ക് ശേഷം എന്ന് വിലയിരുത്തേണ്ടതായുണ്ട് .

നാല് ചിത്രങ്ങൾ സായം സന്ധ്യ, ന്യായവിധി, ആയിരം കണ്ണുകൾ, വീണ്ടും. പൊട്ടി തകര്‍ന്നു വീണ നാല് ചിത്രങ്ങളുടെ ഓർമകളിൽ ഇനിയെന്ത് എന്ന ചിന്തയുമായി നിന്നത് മമ്മൂട്ടി എന്ന നടനും, ജോഷി എന്ന സംവിധായകനും ഡെന്നിസ് ജോസഫ് എന്ന എഴുത്തുകാരനുമാണ്. ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത് ഒരിക്കൽ വായിച്ചു തീർത്ത the almighty എന്ന നോവലിന്റെ ഒരു മലയാളം വേർഷൻ സിനിമ ചെയ്താലോ എന്ന് ജോഷിയോട് ചോദിച്ച ചോദ്യത്തിൽ നിന്നാണ് ന്യൂ ഡൽഹി ഉണ്ടാകുന്നത്.

ജി കെ എന്ന പേര് നായക കഥാപാത്രത്തിന് ലഭിച്ചതും ഒരു കഥയാണ്. ഡെന്നിസ് ജോസഫ് കുറച്ചു നേരം എഴുതിയാൽ കൈക്ക് നീര് വരുന്ന ആളായിരുന്നു അത് കൊണ്ട് അദ്ദേഹം ആരെയെങ്കിലും കൊണ്ട് പറഞ്ഞു കൊടുത്തു എഴുതിപ്പിക്കുകയായിരുന്നു പതിവ്. അത്തവണ ആ അവസരം ലഭിച്ചത് ജോഷിയുടെ ഒരു സംവിധാന സഹായിക്ക് ആയിരുന്നു, ആളിന്റെ പേര് ജി കെ എന്നായിരുന്നു, അങ്ങനെ ന്യൂ ഡൽഹിയിലെ നായകനും ആ പേര് നൽകി ഡെന്നിസ്. ശ്രീനഗറിലെ ഷൂട്ടിംഗ് സ്ഥലത്തു ഫോണിന് ചുറ്റുമിലിരുന്ന സംവിധായകനും തിരക്കഥാകൃത്തും 31 വർഷങ്ങൾക്ക് മുൻപ് അന്നേ ദിവസം ഫോൺ കാളിൽ നിർമാതാവ് ജോയ് തോമസ് പറഞ്ഞത് ഇങ്ങനെ.. “പല സെന്ററുകളിലും തിരക്ക് കാരണം ലാത്തിച്ചാർജ് ഉണ്ടാകേണ്ട അവസ്ഥയാണ്.” മമ്മൂട്ടിയുടെ മാത്രമല്ല ജോഷിയുടെയും ഡെന്നിസ് ജോസഫിന്റെയും ജീവിതത്തിലെ ഒരു ടേണിങ് പോയിന്റ് ആയിരുന്നു ചിത്രം, ഒരുപക്ഷെ ഈ ചിത്രം പരാജയപെട്ടങ്കിൽ അവരുടെ സിനിമ ജീവിതവും മുന്നോട്ട് പോകില്ല എന്ന് ഉറപ്പായിരുന്നു.

കേരളത്തിലും കേരളത്തിന് പുറത്തുമൊക്കെയായി 250 ല്‍ അധികം ദിവസം ചിത്രം പ്രദര്‍ശനം നടത്തി. മമ്മൂട്ടി തന്നെ പിന്നീട്‌ പല അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു ഈ സിനിമ കഴിഞ്ഞാൽ പിന്നെ ഇയാൾക്ക് സിനിമയൊന്നും കിട്ടില്ല എന്ന് ഷൂട്ടിംഗ് സമയം തൊട്ടേ സിനിമക്കാർക്കിടയിൽ സംസാരം ഉണ്ടായിരുന്നെന്നും ആ സമയത് അഭിനയിക്കുന്ന സിനിമകൾക്കൊന്നും നിർമ്മാതാക്കൾ പ്രതിഭലം പോലും തരാറില്ലായിരുന്നു എന്നും.’എല്ലാം നഷ്ടപെടുന്നതിനു മുൻപുള്ള അവസാന കച്ചിത്തുരുമ്പ് അതായിരുന്നു എനിക്ക് ആ സിനിമ , എന്റെ കരിയർ തുടങ്ങിയത് ശെരിക്കും അതിൽ നിന്നാണ്” , അത്രമേൽ മമ്മൂക്ക ന്യൂ ഡൽഹിയെ സ്നേഹിക്കുനുണ്ട്, അത്പോലെ പ്രേക്ഷകരും …ഞങ്ങൾക്ക് ഇങ്ങനൊരു നടനെ തന്നതിന്…എങ്ങുമെത്താതെ തീരേണ്ട ഒരു പ്രതിഭയെ കൈപിടിച്ചുയര്ത്തിയതിന്..ഇപ്പോഴും ഞാൻ ആലോചിച്ചു നോകാറുമുണ്ട്, സിനിമ ഹിറ്റാണ് എന്നറിഞ്ഞപ്പോളുള്ള മമ്മൂക്കയുടെ ചിരിയെ പറ്റി (എവിടേയോ വായിച്ചതാണ്)..ആ ചിരിക്കു ഒരുപാട് അർത്ഥങ്ങളുണ്ടാകണം അല്ലെ…

JINU ANILKUMAR

Comments are closed.