ഡോണ്ട് ടോക്ക് നോണ്‍സെന്‍സ്.. അന്ന് മമ്മൂട്ടിയോട് ആദ്യമായി പറഞ്ഞതിങ്ങനെ ..റഹ്മാൻ



മലയാള സിനിമയിൽ എൺപതുകളിൽ തിളങ്ങി നിന്ന താരമാണ് റഹ്മാൻ . പിന്നീട് തമിഴിലേക്ക് ചുവടു മാറിയെങ്കിലും ഒരുപിടി നല്ല വേഷങ്ങളിലൂടെ ഇപ്പോഴും മലയാള സിനിമ ലോകത്തു സജീവമാണ് റഹ്‌മാൻ. മമ്മൂട്ടിക്കൊപ്പം കരിയറിന്റെ തുടക്കകാലത്തു അഭിനയിച്ച റഹ്‌മാൻ , ആ ഓർമ്മകൾ മമ്മൂട്ടിയുടെ ജന്മ ദിനത്തിൽ പോസ്റ്റ് ചെയ്ത ആശംസകൾക്ക് ഒപ്പം കുറിച്ചതിങ്ങനെ

മമ്മൂട്ടിയെന്ന മഹാനടന്റെയൊപ്പം അഭിനയിച്ചുകൊണ്ട് സിനിമാജീവിതം തുടങ്ങാന്‍ കഴിഞ്ഞതു ഒരു വലിയ ഭാഗ്യമായാണ് ഞാനിപ്പോഴും കണക്കാക്കുന്നത്. ‘കൂടെവിടെ’യില്‍ അഭിനയിക്കാനെത്തുമ്ബോള്‍ മമ്മുക്ക സിനിമയില്‍ രണ്ടോ മൂന്നോ വര്‍ഷമായിട്ടേയുള്ളു. പക്ഷേ, അപ്പോള്‍ തന്നെ സിനിമയില്‍ ഒരു സ്ഥാനം അദ്ദേഹം നേടിയെടുത്തുകഴിഞ്ഞിരുന്നു. ഊട്ടിയില്‍ പഠിച്ചിരുന്നതിനാല്‍ കുറെ വര്‍ഷങ്ങളായി ഞാന്‍ മലയാള സിനിമകളൊന്നും കാണുന്നുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മമ്മൂട്ടിയെന്ന നടനെക്കുറിച്ച്‌ ഞാന്‍ കേട്ടിരുന്നില്ല. നസീര്‍, മധു, സുകുമാരന്‍, ജയന്‍, സോമന്‍ തുടങ്ങിയ താരങ്ങളെയൊക്കെയെ എനിക്കപ്പോള്‍ അറിവുണ്ടായിരുന്നുള്ളു.നാട്ടില്‍ ഞങ്ങളുടെ കുടുംബത്തിന് ഒരു സിനിമാ തിയറ്ററുണ്ടായിരുന്നു: ഫെയറിലാന്‍ഡ്. ഊട്ടിയില്‍ പോകുന്നതിനു മുന്‍പുവരെ അവിടെ വരുന്ന സിനിമകളൊക്കെ കാണുമായിരുന്നു. ജയന്‍ അഭിനയിച്ച ‘അങ്ങാടി’യായിരുന്നു അവിടെ പ്രദർശിപ്പിച്ച ആദ്യ ചിത്രം . അത് വിജയമായതോടെ അതിന്റെ ആഘോഷത്തിന് ജയനും നസീറുമൊക്കെ നിലമ്ബൂരില്‍ വന്നു. ഒരു സിനിമാതാരത്തെ നേരിട്ടുകാണുന്നത് അന്നാദ്യമായായിരുന്നു. അബുദാബിയിലും പിന്നീട് ഊട്ടിയിലുമൊക്കെ പഠനവുമായി പോയതോടെ മലയാള സിനിമയുമായി ഒരു പ്രേക്ഷകൻ എന്ന നിലയിലുള്ള ബന്ധവും അവസാനിച്ചു.’കൂടെവിടെ’യുടെ സെറ്റിലേക്ക് ആദ്യം കടന്നുചെന്ന ദിവസം എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്.

മമ്മൂക്ക കുടുംബസഹിതമായിരുന്നു ഷൂട്ടിങ്ങിന് എത്തിയിരുന്നത്. എന്നെ കണ്ടപ്പോള്‍ അദ്ദേഹം തുറിച്ചൊന്നു നോക്കി. ‘ഇതാണോ പയ്യന്‍?’ എന്ന മട്ടില്‍.മമ്മൂക്കയുടെ കഥാപാത്രത്തിനോട് ക്ഷുഭിതനായി സംസാരിച്ചുകൊണ്ട് ഞാന്‍ ഇറങ്ങിപ്പോകുന്ന കോമ്പിനേഷൻ സീനാണ് ആദ്യമെടുത്തത്. മമ്മുക്കയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നതിനാല്‍ ഒരു പേടിയും കൂടാതെ എന്റെ ആദ്യ സീന്‍ ഞാന്‍ അഭിനയിച്ചു. ‘ഡോണ്ട് ടോക്ക് നോണ്‍സെന്‍സ്’ എന്നായിരുന്നു എന്റെ ആദ്യ ഡയലോഗ്. മമ്മുക്കയോട് ഞാന്‍ ആദ്യം പറഞ്ഞ വാക്കുകളും അതുതന്നെയാവും. ഒരു പുതിയ പയ്യന്‍ എന്നതില്‍ കവിഞ്ഞ് ഞാനന്ന് ഒന്നുമല്ല. പിന്നീട് നിരവധി സിനിമകളിൽ ഞങ്ങള്‍ ഒന്നിച്ച്‌ അഭിനയിച്ചു. ഒരോ ചിത്രം കഴിയുമ്പോഴും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. ഐ.വി. ശശിയുടെ കാണാമറയത്തായിരുന്നു ഞങ്ങള്‍ ഒരുമിച്ച രണ്ടാമത്തെ ചിത്രം.

രഞ്ജിത്തിന്റെ ‘ബ്‌ളാക്കി’ലൂടെ തിരിച്ചുവന്നപ്പോഴും നായകനായി മമ്മുക്കയുണ്ടായിരുന്നു. ബ്‌ളാക്കില്‍ മമ്മുക്കയെ എതിര്‍ക്കുന്ന പൊലീസ് ഓഫിസറായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചത്. പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്ക് അദ്ദേഹത്തെ ചവിട്ടിയിടുന്ന സീനുണ്ടായിരുന്നു അതില്‍. രഞ്ജിത്ത് സീന്‍ പറഞ്ഞുതന്നപ്പോള്‍ എനിക്കൊരൂ മടി തോന്നി. മമ്മൂക്കയെ ചവിട്ടാനൊരു മടി. അതിനു ധൈര്യം തന്നതു മറ്റാരുമല്ല. സാക്ഷാല്‍ മമ്മുക്ക തന്നെ.എന്റെ സിനിമാജീവിതത്തിന്റെ പല ഘട്ടങ്ങളിലും എനിക്കു മാര്‍ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും തന്നതും അദ്ദേഹമായിരുന്നു. ചിലപ്പോഴൊക്കെ സിനിമകള്‍ തിരഞ്ഞെടുക്കും മുന്‍പു പോലും അദ്ദേഹത്തോടു ഞാന്‍ ചോദിക്കുമായിരുന്നു; ‘ഈ കഥ നിനക്കു ചേരും. ധൈര്യമായി അഭിനയിച്ചോളൂ..’ എന്നൊരു വാക്കു കേള്‍ക്കുന്നതിനു വേണ്ടി.

Comments are closed.