കേവലം ഒരു സിനിമയുടെ വിപണനത്തിന് വേണ്ടി എഴുതിയ ഒന്നല്ല രക്ഷാധികാരി ബൈജു ഒപ്പ്!സാങ്കേതികത മനുഷ്യന്റെ തലച്ചോറിനെ കാർന്നു തിന്നുന്ന ആധുനിക ലോകത്തു ഇന്ന് മനുഷ്യന് നഷ്ടമാകുന്ന പലതും അവൻ അറിയുന്നില്ല, അല്ലെങ്കിൽ നഷ്ടപെടുന്നതിനെയെല്ലാം ”നൊസ്റ്റാൾജിയ” എന്ന് പേരിട്ടു വിളിച്ചു അവൻ സ്വയം ആശ്വസിക്കുന്നു. ഇത്തരത്തിൽ മനുഷ്യന് നഷ്ടമാകുന്ന പലതിന്റെയും ഓർമ്മപ്പെടുത്തൽ ആകുന്നുണ്ട് രക്ഷാധികാരി ബൈജു ഒപ്പു എന്ന ബിജു മേനോൻ സിനിമ. ഇതെഴുതുന്ന ഞാൻ അടങ്ങുന്ന ഇന്നത്തെ പുതുതലമുറ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിലാണ്, ആ ഓട്ടത്തിൽ ഒന്നാമനായി അവൻ വിജയിച്ചു കയറുമ്പോൾ ആത്യന്തകമായി അവൻ വിജയിക്കുന്നുണ്ടോ എന്നു സ്വയം ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഇന്നത്തെ സമൂഹത്തിനുള്ളൂ, കൂടെയോടി തളർന്നു വീഴുന്നവനെയും, പിന്നിലായവരെയും കൈപിടിച്ച് തന്റെ വിജയത്തിലേക്ക് അടുപ്പിക്കാൻ കഴിയുമ്പോഴാണ് വിജയം എന്നത് അവനു പൂർണമാകുന്നത് എന്ന് തിരിച്ചറിവ്, ആ തിരിച്ചറിവാണു ഒരു മനുഷ്യ ജീവിതം കൊണ്ട് നാം സമ്പാദിക്കേണ്ടത്.

 

കൂട്ടുകൂടി കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ കളിച്ചു നടന്ന ഒരു സമയം നമ്മൾക്ക് ഉണ്ടായിരുന്നു, കൂട്ടുകുടുംബത്തിലെ ചെറിയ സന്തോഷങ്ങളും പരിഭവങ്ങളും നാം ആസ്വദിച്ചിരുന്നു, മണ്ണിൽ കാലുറപ്പിച്ചുള്ള വിനോദങ്ങൾ നമ്മൾക്കുണ്ടായിരുന്നു, ഗോലി കളിയും, കണ്ണ് പൊത്തി കളിയും, കുട്ടിയും കോലും അങ്ങനെ എന്തെല്ലാം കളികൾ നമ്മൾക്കുമുണ്ടായിരുന്നു. അങ്ങനെ അങ്ങനെ എന്തെല്ലാം നമ്മൾക്കുണ്ടായിരുന്നു,  ‘ഉണ്ടായിരുന്നു’ ആ വാക്ക് തന്നെയാണ് ഇവിടെ പ്രസക്തം കാരണം ഇന്നിതൊക്കെ കാണുക അപൂർവം.ഇന്നത്തെ കുട്ടികൾക്ക് മണ്ണിലിറങ്ങി കളിക്കുക എന്നത് തന്നെ നടപ്പില്ലാത്ത കാര്യമാണ്, കാരണം ഇന്ന് അംബരചുംബികളായ മനുഷ്യ നിർമ്മിതികളുടെ കാലമാണ്.  വികസനം നല്ലതാണ് പക്ഷേ അതൊരു സംസ്കാരത്തെ പൂർണമായും അവഗണിച്ചു കൊണ്ടാകരുതു.

ഇന്ന് മനുഷ്യന് ഇല്ലാത്ത രോഗങ്ങളില്ല, ചെറുപ്പക്കാരിൽ പോലും ഹൃദ്രോഗവും പ്രമേയവും അങ്ങനെ എന്തെല്ലാം രോഗങ്ങൾ കാണാം, ഇതിനെല്ലാം കാരണം എന്താണ് എന്ന് നമ്മൾക്കു കൃത്യമായി അറിയാം എന്നതാണ് രസകരമായ വസ്തുത.  രോഗങ്ങളെ, രോഗികളെ മുതലെടുക്കാൻ ഇന്നത്തെ ആരോഗ്യനിലയങ്ങൾ പോലും വ്യാവസായികക്കരിക്കപ്പെട്ടു,  അവർക്കു കൂട്ടിനു കഴിക്കുന്ന ഭക്ഷണത്തിൽ പോലും വിഷം കലർത്തുന്നുന്ന വ്യാവസായിക ശൃംഖലകൾ കൂടി ചേർന്നപ്പോൾ മനുഷ്യൻ തിടുക്കപ്പെട്ടു ഓടി കൂട്ടി സമ്പാദിച്ചത് മുഴുവനും ഗമയുള്ള രോഗങ്ങളുടെ പേരിൽ ചിലവഴിചു തീർക്കുന്നു.നമ്മുടെ കുട്ടികളെ വീണ്ടും ആ വയൽപ്പരപ്പിൽ കളിച്ചു രസിച്ചു വിയർക്കാൻ അനുവദിച്ചാൽ തീരുന്ന ഒന്നാണ് ഇതെല്ലം തന്നെ എന്ന തിരിച്ചറിവ് ഉണ്ടായിട്ടും വീണ്ടും അവരെ മണ്ണിൽ കളിക്കുന്നതിനു, മണ്ണിൽ ചവിട്ടി നിൽക്കുന്നതിനു പോലും ശ്വാസിക്കുന്നു.

മൊബൈൽ ഫോണുകളിലേക്കും,  ലാപ്ടോപ്പുകളിലേക്കും ഒക്കെ കുട്ടികളുടെ വിനോദങ്ങൾ ഒതുങ്ങിപോകുമ്പോൾ അവർക്ക് മാനസികമായും പ്രശ്നങ്ങൾ സംഭവിക്കുന്നു,  ചെറിയ വിഷയങ്ങൾക്ക് പോലും നാടുവിട്ടു പോകുന്നത്, സ്വയം ജീവനൊടുക്കുന്നതുമായ എത്രയോ വാർത്തകൾ നാം ഇന്ന് കേൾക്കുന്നു, എന്തുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ കാരണം മറ്റൊന്നുമല്ല ഇന്ന് ശക്തമായ കൂട്ടുകെട്ടുകൾ, സൗഹൃദങ്ങൾ ഒന്നും തന്നെ ഇന്നത്തെ കുട്ടികൾക്കില്ല, അങ്ങനെ വരുമ്പോൾ അവന്റെ പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ ആരും കൂട്ടില്ല. പണ്ട് കൂട്ടുകുടുംബങ്ങളും, എന്തും തുറന്നു പറയാവുന്ന സൗഹൃദവലയങ്ങളും ഉണ്ടായിരുന്ന കാലത്തു ഇങ്ങനെയൊക്കെ സംഭവിക്കുക അപൂർവം ആയിരുന്നു, ഇന്ന് ഒരു കുടക്കീഴിൽ മനുഷ്യൻ തൊട്ടടുത്ത് ഫ്ലാറ്റുകളിൽ താമസിക്കുന്നുണ്ടെങ്കിലും തൊട്ടടുത്ത താമസിക്കുന്ന ആരെന്നു പോലും അറിയാത്തവർ നമുക്കിടയിലുണ്ട്.

മേൽപറഞ്ഞ വിഷയങ്ങൾ എല്ലാം തന്നെ അതിന്റെ ലാളിത്യത്തിൽ പ്രേക്ഷകരെ ഓർമപ്പെടുത്തുന്ന സിനിമയാണ് രഞ്ജൻ പ്രമോദ് ആ പഴയ ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ രക്ഷാധികാരി ബൈജു ഒപ്പു എന്ന സിനിമ. നമ്മൾക്ക് എന്നോ നഷ്ടപ്പെട്ടുപോയ ആ ഗ്രാമീണ കാഴ്ചകളിലേക്കും, സുന്ദര സംസ്കാരത്തിലേക്കും നമ്മളെ തിരികെ കൊണ്ട് പോകുന്ന സിനിമ. കേവലം ഒരു സിനിമയുടെ വിപണനത്തിന് വേണ്ടി എഴുതിയ ഒന്നല്ല ഇത് സിനിമ കണ്ടപ്പോൾ എന്നിൽ തോന്നിയ വികാരവിചാരങ്ങൾ പങ്കുവെക്കുക എന്ന ലക്ഷ്യബോധം ഈ എഴുത്തിനുണ്ട്. പാരക്കപ്പാച്ചിലിൽ സമ്പാദിച്ചുകൂട്ടി ജീവിതം മോടിപിടിപ്പിക്കുന്നവൻ അല്ല, ഓടി ഓടി തളർന്നു വീഴുമ്പോൾ ഒരു കൈ തന്നു സഹായിക്കാൻ മനസ്സ് കാടട്ടുന്നവനാണ് മനുഷ്യൻ, അതാണ് മനുഷ്യത്വം, ആ മനുഷ്യത്വത്തിന്‌ മുകളിൽ ആകരുത് ഒരു വികസനവും

Comments are closed.