“എന്നെ മമ്മൂക്ക ഫാന്‍ ആക്കാന്‍ വേണ്ടി അച്ഛന്‍ വളരെ പണ്ടുമുതല്‍ ശ്രമം തുടങ്ങിയിരുന്നു’ ഹരി പത്തനാപുരത്തിന്റെ വൈറലാകുന്ന കുറിപ്പ്



അച്ഛൻ മമ്മൂട്ടി ഫാനും മകൻ മോഹൻലാൽ ഫാനും.. ജോതിഷ രംഗത്തെ പ്രധാനിയായ ഹരി പത്തനാപുരത്തിന്റെ വീട്ടിലെ കാര്യമാണ് പറയുന്നത്. സംഭവം അങ്ങനെയൊക്കെ ആണെങ്കിലും ഹരി മമ്മൂട്ടിയെ കാണണം എന്ന തന്റെ അച്ഛന്റെ വലിയ ഒരു ആഗ്രഹം സാധിപ്പിച്ചു കൊടുത്തിരിക്കുകയാണ്. അച്ഛനെയും കൂട്ടി മമ്മൂട്ടിയെ കാണാൻ അദ്ദേഹം എത്തിയ കാര്യം ഹരി സോഷ്യൽ മീഡിയയിൽ കുറിച്ചത് വൈറലാണ്. കുറിപ്പ് ഇങ്ങനെ

അച്ഛനും ഞാനും തമ്മില്‍ ഒരു അഭിപ്രായവ്യത്യാസമുണ്ട്. അച്ഛന്‍ കട്ട മമ്മൂട്ടി ഫാനും ഞാന്‍ കട്ട മോഹന്‍ലാല്‍ ഫാനും ആണ്. എന്നെ മമ്മൂക്കഫാന്‍ ആക്കാന്‍ വേണ്ടി അച്ഛന്‍ വളരെ പണ്ടുമുതല്‍ ശ്രമം തുടങ്ങിയിരുന്നു. മമ്മൂക്ക തകര്‍ത്തഭിനയിച്ച വിജയിച്ച നിരവധി ചിത്രങ്ങള്‍ ഒന്നിലധികം തവണ തീയറ്ററില്‍ കൊണ്ടുപോയി കാണിച്ചു തന്നിട്ടുണ്ട്.


കോട്ടയം കുഞ്ഞച്ചന്‍, അമരം, ധ്രുവം, ഒരു വടക്കന്‍ വീരഗാഥ, സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, അധര്‍വ്വം എന്നിങ്ങനെ ധാരാളം ചിത്രങ്ങള്‍ അങ്ങനെ ഒന്നിലധികം തവണ കണ്ടതാണ്. കോട്ടയം കുഞ്ഞച്ചന്‍ 4 തവണ എങ്കിലും അച്ഛന്‍ ഞങ്ങളെ കൊണ്ട് കാണിച്ചിട്ടുണ്ട്. ആ മമ്മൂട്ടിയുടെ കട്ട ആരാധകനെ മമ്മൂക്കയ്ക്ക് ഒന്ന് നേരിട്ട് കാണിച്ചു കൊടുക്കണം എന്ന് ഞാന്‍ ചിന്തിച്ചു. ഇതറിഞ്ഞ മമ്മൂക്ക വളരെ സന്തോഷത്തോടു കൂടിയാണ് അച്ഛനെ കാണാമെന്ന് സമ്മതം മൂളിയത്. അങ്ങനെ അച്ഛനും മമ്മൂക്കയും തമ്മില്‍ ഒരു കൂടിക്കാഴ്ച ഒരുങ്ങി.

ഒരുപാട് നേരം അവര്‍ തമ്മില്‍ സംസാരിച്ചിരുന്നു. ഒടുവില്‍ കാറില്‍ കയറിയപ്പോള്‍ അച്ഛന്റെ കണ്ണ് ഒന്ന് നനഞ്ഞിരുന്നു എന്ന് എനിക്ക് തോന്നി. എത്രയോ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം അപ്രതീക്ഷിതമായി സാധിച്ചത് സന്തോഷത്തിലായിരുന്നു അച്ഛനുമമ്മയും. മലയാളത്തിന്റെ പ്രിയനടന്‍ സ്റ്റാര്‍ മമ്മൂട്ടിക്ക് അ ഹൃദയത്തില്‍ തൊട്ട് ഒരായിരം ജന്മദിനാശംസകള്‍.

Comments are closed.