ആ മനോഹര പ്രണയ കാവ്യത്തിനിന്നു രണ്ടു വയസ്!!!!മുക്കത്തെ ഉണ്ണി മൊയ്‌തീൻ സാഹിബിന്റെ മകൻ മൊയ്തീനും കൊറ്റിങ്ങൽ അച്യുതന്റെ മകൾ കാഞ്ചന മാലയും തമ്മിലുള്ള പ്രണയത്തിന്റെ കഥ അതോ അങ്ങനെ ഒരു മുഖവുരയുടെ ആവശ്യം ഉണ്ടായിരുന്നോ.. അത് കാഞ്ചനയുടെയും മൊയ്തീന്റെയും മാത്രം കഥയായിരുന്നു, അവരുടെ ഒടുങ്ങാത്ത പ്രണയത്തിന്റെ. മഴത്തുള്ളികൾ പോലെ ഭംഗിയുള്ള ഒന്നിന്റെ കഥ. മതത്തെയും കാലത്തെയും അതീജീവിച്ച പ്രണയം അതിനു വല്ലാത്തൊരു സൗന്ദര്യമായിരുന്നു കണ്ടു നിൽക്കുന്നവരുടെ മനസ് ഉലക്കുന്ന ആ കഥ പിറന്നത് ഇന്നേക്ക് രണ്ടു വർഷം മുൻപൊരു സെപ്റ്റംബർ 19 ന്.

മലയാളത്തിൽ പുറത്തു വന്നിട്ടുള്ള അല്ലെങ്കിൽ ഒരു പത്തു വർഷത്തിനിടെ പുറത്തു വന്നിട്ടുള്ള സ്ത്രീകഥാപാത്രങ്ങളുടെ കാര്യമെടുത്താൽ ഇനിയുള്ള സിനിമകളുടെ കാര്യമെടുത്താലും കാഞ്ചന മാല എന്ന കഥാപാത്രം ഒരു ബെഞ്ച്മാർക്ക് തന്നെയാണ്. അതിനു മേളിൽ അല്ലെങ്കിൽ എന്ന് മറ്റു സ്ത്രീ കഥാപാത്രങ്ങളെ കൊണ്ട് തുലനം ചെയ്യിപ്പിക്കാൻ സാധിക്കുന്ന ഒന്ന്. അത്രകണ്ട് ജീവനുണ്ടായിരുന്നു ആ കഥാപാത്രത്തിന് ഒരുപക്ഷെ യഥാർഥ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത ഒരേടായിരുന്നത് കൊണ്ടാകാം. മാംസനിബിഢമല്ലാത്ത ആ പ്രണയകഥ അതുവരെ വന്ന അല്ലെങ്കിൽ വെറുതെ പറഞ്ഞു പോയ കഥകളിൽ നിന്നും ഏറെ വേറിട്ട, അടിത്തറയുള്ളതായിരുന്നു. പ്രണയത്തിന്റെ വേറൊരു മുഖമായ ത്യാഗത്തിന്റെ സഹനത്തിന്റെ നൂലുകൾ ചേർത്തുണ്ടാക്കിയ ഒരു കലാസൃഷ്ടിയെ അത്രകണ്ട് നമ്മളിപ്പോഴും സ്നേഹിക്കുന്നുണ്ട്.

എന്ന് നിന്റെ മൊയ്‌തീൻ എന്ന ചിത്രത്തെ ഒരു പ്യുർ പ്രണയകഥ എന്നുള്ള രീതിയിൽ വിശേഷിപ്പിച്ചു ഹൃദയത്തോട് ചേർത്ത് വയ്ക്കാമെങ്കിലും മറ്റൊരു അർത്ഥത്തിൽ അതൊരു ഓർമ്മപ്പെടുത്തലാണ്, മനുഷ്യത്വത്തിനു ഏറെ വില നൽകിയിരുന്ന, തന്റെ ചുറ്റുമുള്ളവരെ ഒരുപാട് സ്നേഹിച്ചിരുന്ന മൊയ്തീനെ പോലുള്ളവരുടെയും പ്രണയ സാഫല്യം വരിക്കാനായില്ലെങ്കിലും അവന്റെ വിധവയായി ഇന്നും ജീവിക്കുന്ന കാഞ്ചനമാലയുടെയും മണ്ണാണിത് എന്നൊരു ഓർമപ്പെടുത്തൽ. ചുറ്റുമുള്ളവരെ ശ്രദ്ധിക്കാതെ ജീവിതവും കൈയിലെടുത്തു ഓട്ടപാച്ചില് നടത്തുന്ന, ഒന്നോ രണ്ടോ ദിവസം മാത്രം നീണ്ടു നിൽക്കുന്ന പ്രണയകഥകളുടെ ഉപജ്ഞാതാക്കൾ ഇന്ന് വേണ്ടോളമുള്ള നമ്മുടെ നാട്ടിൽ മൊയ്‌തീനും കാഞ്ചനമാലയും ചിലരുടെയെങ്കിലും കണ്ണുതുറപ്പിച്ചിരിക്കണം.

കോഴിക്കോട് ഭാഗങ്ങളിൽ ഇന്നും ഏറെ ആശ്ചര്യത്തോടെ ഒപ്പം ഇതിഹാസ സമമായി അവർ പറയുന്ന ഒരു നടന്ന കഥ ലോകത്തിനു മുഴുവനായി പറഞ്ഞു കൊടുത്തപ്പോൾ അതിനെ അതിന്റെ ഇമോഷനുകളുടെ പരകോടിയിൽ പ്രേക്ഷനിലേക്ക് എത്തിക്കാൻ വിമലിനു കഴിഞ്ഞു. പല കാലഘട്ടങ്ങളിൽ പറയുന്ന കഥക്ക് ഇഴച്ചിലിന്റെ യാതൊരു കേടുപാടുകളും വരുത്താതെ തികച്ചും ജനപ്രിയമായി പറയാൻ കഴിഞ്ഞ ആഖ്യാനത്തിനു നൂറു മാർക്കാണ്. ജലം കൊണ്ട് മുറിവേറ്റവൾ എന്ന ഡോക്യൂമെന്ററിയിൽ നിന്നും സിനിമയിലെത്തിയപ്പോൾ ഈ പറഞ്ഞ മേക്കേഴ്‌സ് ബ്രില്ലിയൻസ് തന്നെയാണ് പ്രേക്ഷകന് മൊയ്തീനെയും കാഞ്ചനയെയും ഓർത്തു കൈതട്ടാൻ തോന്നിക്കുന്നത് ഒപ്പം ദൂരെ ഇരവരിഞ്ഞി പുഴയുടെ നടുവിലെ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും മൊയ്‌തീൻ നമ്മെ നോക്കി കൈവീശി കാണിക്കുന്നു എന്ന ചിന്തയും. മൊയ്‌തീനെ മരിച്ചിട്ടുള്ളു പ്രണയം മരിച്ചിട്ടില്ല..

Comments are closed.