അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു -ദിലീപിനെ പറ്റി ബാലചന്ദ്ര മേനോന്റെ കുറിപ്പ്



മലയാളികളുടെ ഇഷ്ട സംവിധായകനും നടനുമായ ബാലചന്ദ്ര മേനോൻ നടൻ ദിലീപിനെ പറ്റി എഴുതിയ കുറിപ്പ് വൈറലാകുകയാണ്. പോസ്റ്റ് ഇങ്ങനെ ഞാൻ ദിലീപിനെ കണ്ടുമുട്ടി .
അതും തികച്ചും ആകസ്മികമായിട്ട് …

ലാൽ മീഡിയായിൽ “എന്നാലും ശരത് ” എന്ന എന്റെ ചിത്രത്തിൻറെ അന്നത്തെ ഡബ്ബിങ് തീർത്തു പോവുകയായിരുന്നു ഞാൻ . ദിലീപാകട്ടെ തന്റെ വിഷു ചിത്രമായ “:കമ്മാര സംഭവത്തിനു ” വന്നതും .

ജയിൽ വാസം കഴിഞ്ഞുള്ള ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു അത് .ഏതാണ്ട് അരമണിക്കൂറോളം നിന്ന നിൽപ്പിൽ ഞങ്ങൾ ആ സംഗമം ആഘോഷിച്ചു. വിഷയങ്ങൾ ഓരോന്നായി മാറി മാറി വന്നു . ദിലീപിന്റെ ഓരോ വാക്കിലും എന്തും തഞ്ചത്തോടെ നേരിടാനുള്ള ഒരു ലാഘവം ഞാൻ കണ്ടു .
പ്രതിസന്ധികളിൽ തളരാത്ത ഒരു മനസ്സുണ്ടാവുകയെന്നതു അത്ര ചെറിയ കാര്യമല്ല .( പരീക്ഷയിൽ തോറ്റു പോയതിനു ഇന്നും കുട്ടികൾ ആത്‍മഹത്യ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ എന്നത് കൂടി ഓർക്കുക.)
ശാന്തമായ സ്വരത്തിൽ ദിലീപ് എന്നോട് പറഞ്ഞു :

” അവിടെ അകത്തുള്ളവർക്കു പുറത്തു സൗഹൃദം നടിക്കുന്ന പലരേക്കാളും എന്നോട് സ്നേഹമുണ്ടെന്നു ഞാൻ മനസ്സിലാക്കി …. ”

അത് കലാകാരന്റെ മാത്രം നേട്ടമാണ് . പ്രേക്ഷകമനസ്സിൽ ‘ഇഷ്ട്ടം ‘ ( അങ്ങിനെ പേരുള്ള ഒരു ചിത്രത്തിൽ മാത്രമേ ഞാൻ ദിലീപിനൊപ്പം അഭിനയിച്ചിട്ടുള്ളു . നവ്യാനായരുടെ അച്ഛനായിട്ടു . നവ്യയുടെ സിനിമയിലെ ആദ്യത്തെ അച്ഛനും ഞാനാണെന്ന് തോന്നുന്നു ) നേടിയിട്ടുള്ള ദിലീപിന് ആ പിന്തുണ ഏറെ ഉണ്ടാവും .ഇനി തന്റെ മുന്പിലുള്ള ഏക വെല്ലുവിളി ആ നിരപരാധിത്വം തെളിയിക്കുക എന്നതാണ് .ആ ദൃഢ നിശ്ചയമാണ് ഞാൻ ദിലീപിന്റെ മുഖത്തു കണ്ടത് …

ഒരു കാര്യം കൂടി ഞാൻ ദിലീപിനോട് പങ്കു വെച്ചു . ‘എന്നാലും ശരത്തി’ ലെ ഒരു രംഗത്തു എന്നെയും ലാൽ ജോസിനെയും കൈയാമം വെച്ചുകൊണ്ട് പോകുന്ന ഒരു രംഗമുണ്ട്. അതിന്റെ ഷൂട്ടിംഗിനുള്ള ക്രമീകരണങ്ങൾ എല്ലാം കഴിഞ്ഞു . കോസ്‌റ്റ്യുമർ വന്നു കയ്യിൽ വിലങ്ങിട്ടു പൂട്ടിയ നിമിഷം ഞാൻ ദിലീപുമായി ഷെയർ ചെയ്തു . എനിക്കേറ്റവും ദുസ്സഹമായി തോന്നിയത് വീട്ടിൽ നിന്ന് പോലീസ് ജീപ്പിലേക്കുള്ള വഴി മദ്ധ്യേ നാട്ടുകാർ കൂട്ടം കൂടി നിൽക്കാൻ അസിസ്റ്റന്റ് ഡയറക്ടർസ് ഏർപ്പാട് ചെയ്തിരുന്നു . വിലങ്ങണിഞ്ഞ ഞാൻ നടന്നു പോകുമ്പോൾ അവർ എന്നെ നോക്കി ഒരു കുറ്റവാളി എന്ന നിലയിൽ ആക്രോശിക്കുന്നത് അഭിനയമായിട്ടുകൂടി എനിക്ക് പൊള്ളുന്നതായി തോന്നി .

“ആ നിമിഷമാണ് ഒരു പക്ഷെ ഞാൻ താങ്കളുടെ മനസ്സിന്റെ നിലയിലേക്ക് ഇറങ്ങിച്ചെന്നത് . അത് എനിക്ക് ഭീകരമായ ഒരു അനുഭവമായിരുന്നു ….”

അത് കേട്ട് ദിലീപ് ചിരിച്ചു . ആ ചിരിയിലും ഒരു ദൃഢതയുണ്ടായിരുന്നു .

ദിലീപ് എന്ന കലാകാരനെ ഏവർക്കും ഇഷ്ടമാണ് .ആ ഇഷ്ട്ടം വീണ്ടും വീണ്ടും പകരാനായി ഇപ്പോഴത്തെ ഈ കടുത്ത പരീക്ഷണത്തെ അതിജീവിച്ചു ഉത്സുകനായി അദ്ദേഹം വരട്ടെ, പ്രേക്ഷക ലോകത്തിലേക്കു …

that’s ALL your honour !

Comments are closed.