ഇത് ചിരിയുടെ രാത്രി !!മറിയം വന്നു വിളക്കൂതി

0
323

ജെനിത് കാച്ചപ്പളി എന്ന യുവ സംവിധായകൻ തന്റെ ആദ്യ ചിത്രവുമായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. മറിയം വന്നു വിളക്കൂതി എന്ന ചിത്രം നിർമ്മിക്കുന്നത് ഇതിഹാസ എന്ന ചിത്രം നിർമ്മിച്ച രാജേഷ് അഗസ്റ്റിൻ ആണ്. ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രതിൽ സിജു വിത്സൺ, അൽത്താഫ്, കൃഷ്ണശങ്കർ സേതു ലക്ഷ്മി എന്നിവർ അഭിനയിക്കുന്നു.

ഒരു രാത്രിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് മറിയം വന്നു വിളക്കൂതി. നാല് സുഹൃത്തുക്കളിലൂടെ ആണ് കഥ മുന്നേറുന്നത്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാള സിനിമകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ യുവത്വത്തിന്റെ രസനിമിഷങ്ങളിലൂടെ തുടങ്ങി പിന്നിട് ത്രില്ലറായും അതെ സമയം അല്പം എക്സ്പീരിമെന്റൽ പരിപാടികളിലൂടെയും മുന്നേറുകയാണ് മറിയം വന്നു വിളക്കൂതി. ജോണർ സ്റ്റോണർ ആണെങ്കിലും അതിൽ ഒരു വിഭാഗം പ്രേക്ഷകർക്കെങ്കിലും തോന്നാവുന്ന അരോചകമായ ഫാക്ടറുകൾ പുറത്തിരുത്തി ആണ് ജെനിത് ഈ ചിത്രം ഒരുക്കിയത്.

വളരെ വ്യത്യസ്തമായ ഒരു ടൈറ്റിൽ വിഡിയോയിലൂടെ തന്നെ സിനിമയുടെ ടോണും സ്വഭാവവും ജെനിത് ആദ്യം തന്നെ സെറ്റ് ചെയ്യുന്നുണ്ട്. ഒരുമിച്ചു പഠിച്ച സുഹൃത്തുക്കള്‍ ഒരു വീട്ടില്‍ ഒത്തുചേരുന്നന്നിടത്താണ് ചിത്രം ടേക്ക് ഓഫ് ചെയ്യുന്നത്. വീടിന്റെ ഉടമയാണ് മുൻ അധ്യാപിക കൂടെയായ മറിയം. നാല് സുഹൃത്തുക്കളും ഒത്തു ചേരുന്ന ഒരു രാത്രി അവരിൽ അലംമ്പരിൽ അലമ്പാനായ ടോണി ഒരു സ്പെഷ്യൽ സംഭവം അവരുടെ മുന്നിലേക്ക് എത്തിക്കുന്നതോടെ കഥാ ഇതൾ വിരിയുന്നു. പിന്നീടങ്ങോട്ട് അല്പം വട്ടിന്റെയും കുസൃതിയുടെയും ചിരിയുടെയും മാലപടക്കത്തിന് തിരി കൊളുത്തുകയാണ് ചെയ്യുന്നത്.

മന്ദാകിനി, അതിന്റെ കടന്നു വരവോടെ ആണ് മറിയം വന്നു വിളക്കൂതി അതിന്റെ വിശ്വരൂപം പ്രാപിക്കുന്നത്. ജനിതിന്റെ ക്രീയേറ്റീവിറ്റി വളരെ മികച്ചു നിൽക്കുന്നുണ്ട്. അഭിനേതാക്കൾ അവരുടെ ഭാഗങ്ങൾ വൃത്തിയായി ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. കൈയടി അർഹിക്കുന്ന മറ്റൊരു കാര്യം എഡിറ്റിംഗ് പാറ്റേൺ ആണ്. അപ്പു ഭട്ടതിരി നല്ല സെൻസോടെ അതെ സമയം കോംപ്രമൈസുകൾക്ക് ഒന്നും മുതിരാതെ ആ പാറ്റേൺ വർക്ക്‌ ഔട്ട്‌ ചെയ്തിട്ടുണ്ട്. കുരുക്കിൽ നിന്നു കുരുക്കിലേക്ക് മുന്നേറുന്ന നാല് കൂട്ടുകാരുടെ കഥ അതീവ രസകരമായി പകർന്നു തരുന്നതിൽ ഛായാഗ്രാഹകന്റെയും മികവ് എടുത്തു പറയണം.

ഒറ്റവരി – ചിരിയുണർത്തുന്ന, കൗതുകം ജനിപ്പിക്കുന്ന.. ഒരു ചെറിയ വലിയ ചിത്രം