ലളിതം രസകരം!! കുഞ്ഞെദോ റിവ്യൂ

0
598

ആസിഫ് അലി നായകനായി ആർ ജെ മാത്തുകുട്ടി സംവിധാനം ചെയ്തു തിയേറ്ററുകളിലെത്തിയ ചിത്രമാണ് കുഞ്ഞെൽദോ. മാത്തുക്കുട്ടി സംവിധായകനായി അരങ്ങേറ്റംകുറിക്കുന്നു ചിത്രത്തിൽ ക്രീയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസനും ഉണ്ട്. കൽക്കിക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. വലിയ താരനിരയും ചിത്രത്തിലുണ്ട്. കോവിഡ് കാലഘട്ടത്തിനു മുമ്പ് തന്നെ ഷൂട്ടിംഗ് തുടങ്ങിയ ചിത്രം ഏറെ നാളുകളുടെ കാത്തിരിപ്പിനുശേഷമാണ് തിയേറ്ററുകളിലെത്തുന്നത്.

ഒരു കമിങ് ഓഫ് ഏജ് സ്റ്റോറിയാണ് കുഞ്ഞെൽദോ. കുഞ്ഞെൽദോ എന്ന് പേരുള്ള ഒരു യുവാവിന്റെ പ്ലസ്ടു കാലം മുതൽ കോളേജ് കാലം വരെയുള്ള സംഭവങ്ങളാണ് കുഞ്ഞെൽദോ പറയുന്നത്. പ്ലസ് ടു ജീവിതവും കോളേജ് ജീവിതം ഒക്കെ പറയുന്ന ആദ്യപകുതിയും പിന്നെ അല്പം ഇമോഷണൽ കഥാഗതികൾ വന്നുപോകുന്ന രണ്ടാം പകുതിയും ആണ് ചിത്രത്തിൽ ഉള്ളത്. ആസിഫ് നായിക ഗോപിക എന്നിവരുടെ പ്രകടനം ഏറെ ശ്രദ്ധേയമാണ്.

പ്ലസ് ടു ഫെയർവെൽ, പുതിയ കോളേജിലേക്കുള്ള പ്രവേശനം,പ്രണയം, അടിപിടികൾ,സൗഹൃദം അങ്ങനെയുള്ള കാര്യങ്ങൾ ആണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. ഇതിൽ പല സീക്വൻസുകളും ഏറെ രസകരവും പ്രേക്ഷകനെ കഥയോട് ചേർത്തു മുന്നോട്ടുകൊണ്ടുപോകുന്നതുമാണ്. കഥാപാത്രത്തിന്റെ മാനറിസങ്ങളും പ്രത്യേകതകളുമെല്ലാം കൃത്യമായി കൺവെ ചെയ്യാൻ ആസിഫലി എന്ന് നടന് കഴിഞ്ഞിട്ടുണ്ട്. 19 കാരൻ ആയി കൃത്യമായി ജെൽ ആകുന്നുണ്ട് ആസിഫ്.

കഥയുടെ പ്ലോട്ടിലേക്ക് കാര്യമായ സംഭാവനകൾ ഒന്നും ചെയ്യാത്തതും അതേസമയം രസകരവുമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വരുന്നൊരു ഇൻസിഡന്റ് ആണ് കഥയുടെ ടേക്ക് ഓഫ് പോയിന്റ്. അവിടെനിന്ന് അതുവരെ കണ്ടതിൽ നിന്ന് അല്പം വ്യത്യസ്തമായി ആണ് കഥ മുന്നോട്ടു നീങ്ങുന്നത്. വൈകാരികമായ ഒട്ടനവധി നിമിഷങ്ങൾ രണ്ടാം പകുതി സമ്മാനിക്കുന്നുണ്ട്. അവയെല്ലാം തരക്കേടില്ലാതെ സംവിധായകനും തിരക്കഥാകൃത്തുമായ മാത്തുക്കുട്ടി ചേർത്ത് കെട്ടുന്നുണ്ട്.

ദിലീപ് രാജൻ ശങ്കരാടി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മീനത്തിൽ താലികെട്ട് എന്ന ചിത്രത്തിന്റ കഥാപരിസരത്തിനോട് എവിടെയൊക്കെയോ സാമ്യം ചിത്രത്തിലെ രണ്ടാം പകുതിയിൽ തോന്നുന്നുണ്ട് . അങ്ങനെ പറയുമ്പോൾ പോലും ഇൻഡിവിജ്വാലിറ്റി കുഞ്ഞെൽദോ കാത്തുസൂക്ഷിക്കുന്നുണ്ട്. സിദ്ദിഖിന്റെ വേഷം ആണ് എടുത്തു പറയേണ്ട മറ്റൊന്ന്. ആസ് യൂഷ്വൽ നർമ്മ രംഗങ്ങളും ഇമോഷണൽ രംഗങ്ങളുമെല്ലാം അദ്ദേഹം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്

അതിഗംഭീരമായ കഥാ പ്രകൃതി ഒന്നുമില്ലെങ്കിലും ഒരു നല്ല എന്റെർറ്റൈൻർ ആണ് കുഞ്ഞെൽദോ. ആദ്യ ചിത്രത്തിൽ തന്നെ നല്ലൊരു കൊമേഷ്യൽ സിനിമ സമ്മാനിക്കാൻ ആർ ജെ മാത്തുക്കുട്ടിക്കായി.കുടുംബങ്ങളും യുവാക്കളും ഒരേസമയം ഏറ്റെടുക്കാൻ സാധ്യത ഉള്ള ഒരു ചിത്രമാണ് കുഞ്ഞെൽദോ. ലളിതമാണ് അതേസമയം രസകരവും