തല്ല് കേസിന് പ്രേക്ഷക വിധി ! രണ്ടര മണിക്കൂർ നിറഞ്ഞ കൈയടികളും വിസിലടികളും

0
225

വെള്ളിമൂങ്ങയിലൂടെ ഒരു നാടൻ പ്രണയവും അയ്യപ്പനും കോശിയിലൂടെ ഒരു നാടൻ തല്ലിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച ബിജുമേനോൻ ഈ ഓണത്തിന് വീണ്ടും വരുന്നു. പക്ഷെ ഇത്തവണ ഇത്തിരി പഴയ കാലഘട്ടത്തിലെ കഥ പറഞ്ഞു കൊണ്ടാണെന്നു മാത്രം. ഈ ഓണം നമുക്ക് ബിജുമേനോന്റെ തെക്കൻ തല്ല് കേസ് കണ്ടു ആഘോഷിക്കാം.

ഗ്രാമത്തിലെ സർവരാലും ഭയം കലർന്ന ബഹുമാനം നേടിയ ആളാണ് അമ്മിണിപ്പിള്ള. ഒരു ലൈറ്റ് ഹൗസ് കാര്യസ്ഥൻ. പരുക്കനെങ്കിലും ഭാര്യ രുഗ്മിണിയെ ജീവനാണ് അമ്മിണിപ്പിള്ളക്ക്, ഭാര്യക്ക് തിരിച്ചും.അമ്മിണിപ്പിള്ള കഴിഞ്ഞാൽ രുഗ്മിണിക്ക് ഏറ്റവും അടുപ്പം വാസന്തിയോടാണ്. വാസന്തിയാകട്ടെ വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ നാട്ടിലെ ചെറുപ്പക്കാരനായ പൊടിയൻപിള്ളയുമായി പ്രണയത്തിലും. ഒരിക്കൽ ഒരു പാതിരാത്രി സമയത്ത് വാസന്തിയും പൊടിയൻ പിള്ളയും തമ്മിലുള്ള പ്രണയസല്ലാപത്തിൽ അമ്മിണിപിള്ള ഇടപെടുന്നു. തുടർന്ന് ആ ഗ്രാമത്തിനെ തന്നെ ബാധിക്കുന്ന രീതിയിലേക്ക് അത് വളരുകയും അതിനെതുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

പ്രമുഖ എഴുത്തുകാരൻ ജി ആർ ഇന്ദുഗോപന്റെ അമ്മിണിപിള്ള വെട്ടു കേസ് എന്ന നോവൽ ആണ് സിനിമയായി രൂപാന്തരം പ്രാപിച്ചിരിക്കുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനും. താൻ കൂടെ സാക്ഷിയായ യഥാർത്ഥ സംഭവങ്ങളിൽ നിന്ന് വികസിപ്പിച്ചതെന്ന് പിൽക്കാലത്തു നോവലിസ്റ്റ് പറഞ്ഞ കഥയെ സിനിമയുടെ രസചരട് പൊട്ടാത്ത വിധം ഭംഗിയായി ഒരുക്കിയിരിക്കുന്നു രാജേഷ്പിന്നാടൻ. പേര് പറഞ്ഞു വച്ചതു പോലെ ആയിരത്തി തൊള്ളായിരത്തി എൺപതുകളിലെ തെക്കൻ കേരളത്തിലെ തീരദേശ ഗ്രാമത്തിലാണ് ഈ തല്ല്കേസ് നടക്കുന്നത്. അതിനോട് നീതിപുലർത്തുന്ന വിധം തന്നെയാണ് സംവിധായകൻ എൻ. ശ്രീജിത്ത്‌ ചിത്രം തയ്യാറാക്കിയിരിക്കുന്നതും. മധു നീലകണ്ഠന്റെ സിനിമോട്ടോഗ്രാഫിയും ജസ്റ്റിൻ വർഗീസിന്റെ സംഗീതവും ചിത്രം ആരംഭിച്ചു അവസാനം വരെയും പ്രേക്ഷകരെ എൺപതുകളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നവ തന്നെയാണ്.

നീണ്ട ഇടവേളക്ക് ശേഷം പത്മപ്രിയ മടങ്ങിയെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ “തല്ല് കേസ്” ന്. ബിജുമേനോൻ അവതരിപ്പിക്കുന്ന അമ്മിണിപ്പിള്ളയുടെ സർവസ്വവും ആയ ഭാര്യ രുഗ്മിണി എന്ന ശക്തമായ കഥാപാത്രത്തെ ആണ് പത്മപ്രിയ ചിത്രത്തിൽ അവരിപ്പിക്കുന്നത്.കിട്ടിയ വേഷങ്ങളെല്ലാം മികച്ചതാക്കി തീർത്ത നിമിഷ സജയൻ ആണ് വാസന്തിയായി ചിത്രത്തിൽ ഉള്ളത്. താൻ ചെയ്ത മറ്റു കഥാപാത്രങ്ങളോട് പോലെ വാസന്തിയോടും നിമിഷ 100% നീതി പുലർത്തിയിരിക്കുന്നു. യുവനടന്മാരിൽ ശ്രദ്ധേയനായ റോഷൻ ആണ് പൊടിയൻ പിള്ളായായി വേഷമിടുന്നത്. ബിജുമേനോന്റെ അമ്മിണിപ്പിള്ളയോട് കട്ടക്ക് നിൽക്കുന്ന പ്രകടനമാണ് ചിത്രത്തിൽ പൊടിയൻ പിള്ളയുടേത്. റോഷന്റെ കരിയറിലെ തന്നെ മികച്ചൊരു വേഷം.

E4 എന്റർടൈൻമെന്റ്സും സൂര്യ ഫിലിംസും ചേർന്നാണ് “ഒരു തെക്കൻ തല്ല് കേസ്” നിർമിച്ചു ഈ ഓണത്തിന് പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. അപ്പോൾ ഈ ഓണത്തിന് ഓണത്തല്ല് കാണാൻ വേറെ എങ്ങോട്ടും പോകണ്ട നേരെ തിയേറ്ററിലേക്ക് പോരു ഒരു തെക്കൻ തല്ല് കേസ് കാണാം…