ആ കമന്റ് കണ്ട് എന്റെ കണ്ണുനിറഞ്ഞു, അച്ഛനെത്ര വേദനിച്ചുകാണും എന്നോർത്ത്!!ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് എത്തിയ ഒരാളാണ് സൈജു കുറുപ്പ്. നായകനായി ആണ് രംഗപ്രവേശനം ചെയ്തത് എങ്കിലും പിന്നിട് സൈജു ഏറെ ശ്രദ്ധിക്കപ്പെടുന്ന ഒരു കോമഡി താരമായി. ഇന്ന് തന്റേതായ ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ സൈജുവിനു കഴിഞ്ഞിട്ടുണ്ട്.രണ്ട് വർഷം മുൻപ് അപ്രതീക്ഷിതമായൊരു റോഡ് അപകടത്തിലൂടെയാണ് സൈജുവിന്റെ അച്ഛൻ കടന്നു പോയത്. വനിതാ ഫിലിം അവാർഡ്‌സിൽ മികച്ച കോമേഡിനു ഉള്ള അവാർഡ് നേടിയ ശേഷം സൈജു അത് സമർപ്പിച്ചത് അച്ഛനാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ അച്ഛന് തന്നോട് ഉണ്ടായിരുന്ന സ്നേഹത്തെ കുറിച്ചു സൈജു പറഞ്ഞത് ഇങ്ങനെ

അടുത്തിടെ ഏറെ സങ്കടം തോന്നിയൊരു കാര്യമുണ്ടായി. വനിത ഫിലിം അവാർഡ്സിൽ മികച്ച കൊമേഡിയനുള്ള അവാർഡ് ലഭിച്ചപ്പോൾ വേദിയിൽ വെച്ച് ആ അവാർഡ് ഞാൻ അച്ഛനാണ് സമർപ്പിച്ചത്. അതിന്റെ വീഡിയോ യൂട്യൂബിൽ വന്നപ്പോൾ അതിനുതാഴെ വന്നൊരു കമന്റാണ് എന്നെ പഴയൊരു സംഭവം ഓർമിപ്പിച്ചത്. “സൈജുകുറപ്പിന്റെ അച്ഛനെ കുറിച്ച് ഒരു പഴയ ഓർമ. ഞാൻ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ആണ് സൈജു കുറുപ്പ് നായകനായി Jubilee എന്ന സിനിമ വരുന്നത്. ഒരു ദിവസം ആ ചിത്രത്തിന്റെ ബ്രോഷറുമായി ഒരു ചേട്ടൻ ഞങ്ങൾ വിദ്യാർത്ഥികളുടെ അടുത്ത് വന്നു.ഇവന്റെയൊക്കെ സിനിമ ആരെങ്കിലും കാണുമോ, ചേട്ടന് വേറെ പണിയില്ലേ എന്ന് ചോദിച്ചു ഞാൻ. അയാൾ ഒന്നും പറയാതെ പോയി. അപ്പോൾ ആരോ പറഞ്ഞു, അത് സൈജു കുറുപ്പിന്റെ അച്ഛനാണെന്ന്. ഞാൻ പെട്ടെന്ന് സോറി പറഞ്ഞു. സൈജു കുറുപ്പ് ഇന്ന് മലയാളത്തിലെ ഒരു മികച്ച നടനാണ്, അദ്ദേഹത്തെ ഓർത്ത് ഞാനഭിമാനിക്കുന്നു. ആശംസകൾ ചേട്ടാ& അദ്ദേഹത്തിന്റെ അച്ഛൻ വളരെ സ്നേഹമുള്ളൊരു വ്യക്തിയായിരുന്നു””- ഇതായിരുന്നു ആ കമന്റ്

അതു വായിച്ചപ്പോൾ എന്റെ കണ്ണു നിറഞ്ഞു, ആ സിനിമ ഇറങ്ങിയ സമയത്ത് എനിക്കോർമയുണ്ട്. നാട്ടിലൊക്കെ അതിന്റെ ബ്രോഷർ വിതരണം ചെയ്യാൻ ഒരാളെ ഏൽപ്പിക്കാൻ ഞാനച്ഛനോട് പറഞ്ഞിരുന്നു. ഇപ്പോഴാണ് മനസ്സിലായത്, അതിന് ആളെ ഏർപ്പാടാക്കിയതിനൊപ്പം കുറച്ചു ബ്രോഷറുകൾ അച്ഛൻ തന്നെ നേരിട്ട് വിതരണം ചെയ്തിരുന്നു എന്ന്. അന്ന് ഇങ്ങനെയൊരു കാര്യം നടന്നിട്ടുണ്ടെങ്കിൽ അച്ഛനെത്ര സങ്കടമായി കാണും എന്നോർത്തപ്പോൾ വേദന തോന്നി. ഇതു പോലുള്ള സങ്കടങ്ങൾ ഒന്നും അച്ഛൻ എന്നോട് പറഞ്ഞിരുന്നില്ല. ഞാൻ രക്ഷപ്പെട്ടു കാണണമെന്ന ആഗ്രഹവും പ്രാർത്ഥനയുമായിരുന്നു അച്ഛനെന്നും.

Comments are closed.