അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകനൊപ്പമുള്ള നല്ല വേഷത്തിലേക്ക്അയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തുകയാണ്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്നു മികച്ചു നിന്നു എന്ന് പറയാതെ വയ്യ. അക്കൂട്ടത്തിൽ പ്രിത്വി ചെയ്യുന്ന കോശി എന്ന കഥാപാത്രത്തിന്റെ ഡ്രൈവർ കുമാരന്റെ വേഷത്തിലെത്തിയ കോട്ടയം രമേശിന്റെ പ്രകടനവും മികച്ചു നിന്നു. കോട്ടയം രമേശിനെ ചിലർക്കെങ്കിലും പരിചയം കാണും. ഉപ്പും മുളകും എന്ന സിറ്റ്കോമിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം. അദ്ദേഹത്തെ പറ്റി ഉപ്പും മുളകും തിരക്കഥാകൃത് അഫ്സൽ കരുനാഗപ്പള്ളി എഴുതിയ ഒരു കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനേ

ഇന്നലെ അയ്യപ്പനും കോശിയും കണ്ടു കഴിഞ്ഞു കുമാരേട്ടനെ കെട്ടിപ്പിടിച്ചു സന്തോഷം പങ്കു വെച്ചപ്പോൾ രമേഷേട്ടൻ പഴയ ഒരു ഓർമ്മ പങ്കു വെച്ചു.

1989 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ‘ഞങ്ങളുടെ കൊച്ചു ഡോക്ടർ’ എന്ന സിനിമയിൽ സുകുമാരൻ അവതരിപ്പിക്കുന്ന ഡോക്ടർ കഥാപാത്രത്തെ ചോദ്യം ചെയ്യാൻ വരുന്ന ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു രമേഷേട്ടന്.
ഒരു പാട്ട് രംഗത്തിൽ സെക്കന്റുകൾ മാത്രം സ്ക്രീനിൽ വന്നു പോകുന്ന വേഷം. എവിടെയാണ് വന്നു പോകുന്നതെന്ന് കൃത്യമായി രമേഷേട്ടൻ പറഞ്ഞു തന്നത് കൊണ്ട് അപ്പോൾ തന്നെ യൂട്യൂബിൽ കയറി ആ സീനിന്റെ സ്ക്രീൻഷോട്ട് എടുത്തു.

സുകുമാരനൊപ്പമുള്ള ആ പഴയ ഫോട്ടോയും തലേന്ന് പൃഥ്വിരാജ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുമാരനോടൊപ്പമുള്ള ഫോട്ടോയും കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി.

കാലം കാത്തു വെക്കുന്ന ചില കൗതുകങ്ങൾ ഉണ്ട് അച്ഛനൊപ്പമുള്ള പേരില്ലാത്ത കഥാപാത്രത്തിൽ നിന്നും മകൻ ‘കുമാരാ’ എന്നു നീട്ടി വിളിക്കുന്ന തലയെടുപ്പുള്ള കഥാപാത്രത്തിലേക്കുള്ള വളർച്ച. അഭിമാനം രമേഷേട്ടാ 😍😍😍

Comments are closed.