ഒൻപതു മാസത്തെ കഷ്ടപ്പാടാണ് കണ്ണമ്മ !! ഗൗരി നന്ദഅയ്യപ്പനും കോശിയും എന്ന ചിത്രം തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ്. സച്ചി തിരകഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് ചിത്രീകരിക്കപ്പെട്ടത്. ചിത്രത്തിലൊരു പ്രധാന വേഷത്തിൽ എത്തുന്നത് ഗൗരി നന്ദ എന്ന നടിയാണ്. കണ്ണമ്മ എന്ന കഥാപാത്രത്തെ ആണ് ഗൗരി നന്ദ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ കണ്ണമ്മ ആയി എത്തുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങളെ പറ്റി ഗൗരി നന്ദ പറയുന്നതിങ്ങനെ

സ്ക്രിപ്റ്റ് പറഞ്ഞു തരുമ്പോള്‍ സച്ചി സാര്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ കുറിച്ച് വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു. ഇങ്ങനെയായിരിക്കും അവളുടെ ശരീരഭാഷ, അവള്‍ നടക്കുന്നത് ഇതുപോലെയാണ്, അവളൊരു കാര്യത്തെ സമീപിക്കുക ഇങ്ങനെയായിരിക്കും എന്നെല്ലാം വളരെ ഡീറ്റെയിലായി പറഞ്ഞു തന്നിരുന്നു. കഥാപാത്രത്തിന് വേണ്ടി 9 മാസത്തോളം കുറച്ചധികം തന്നെ കഷ്ടപ്പെട്ടു. അട്ടപ്പാടിയിലെ സ്ത്രീകള്‍ വെയിലും മഴയുമൊന്നും വക വയ്ക്കാതെ, സ്വന്തം ശരീരം പോലും നോക്കാതെ കുന്നു മലയുമെല്ലാം കയറി ഇറങ്ങി നടക്കുന്നവരായിരുന്നു. എനിക്കും അതുപോലെ ആകണമായിരുന്നു. അതുകൊണ്ട് ശരീരഭാരം കുറച്ചു. നന്നായി മെലിയണമെന്ന് സാര്‍ പറഞ്ഞിരുന്നു. ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്താല്‍ ശരിയാകില്ലെന്ന് തോന്നി. അതോടെ ഭക്ഷണം നിയന്ത്രിച്ചു. ഒമ്പത് മാസം പച്ചക്കറി മാത്രം, അരിയോ മീറ്റോ മറ്റൊ കഴിച്ചതേയില്ല. ബുദ്ധിമുട്ടായിരുന്നു, പക്ഷെ അതിന്‍റെ ഫലം തിയേറ്ററില്‍ നിന്നും ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്. കണ്ണമ്മയെ തിയേറ്ററില്‍ കണ്ടവര്‍ പലരും യഥാര്‍ത്ഥത്തില്‍ അട്ടപ്പാടിയില്‍ ഉള്ള സ്ത്രീ തന്നെയാണോ എന്നു ചോദിക്കുന്നു, ഞാനാണെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പറയുന്നു. അതൊക്കെ സന്തോഷമാണ്. നരസിംഹസ്വാമി എന്ന മേക്ക് അപ്പ് മാനും അരുണ്‍ മനോഹര്‍ എന്ന കോസ്റ്റ്യൂമറുമാണ് ആ ലുക്കിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത്.

എന്‍റെ പേരിനേക്കാള്‍ കണ്ണമ്മ എന്ന പേരിലാണ് ‍ഞാനിപ്പോള്‍ അറിയപ്പെടുന്നത്. ഒരുപാട് സന്തോഷം, ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുക എന്നത് വളരെ വലിയ കാര്യമാണ്. അതിന്‍റെ സന്തോഷത്തിലാണ് ഞാനിപ്പോള്‍. ഫുള്‍ ക്രെഡിറ്റും സംവിധായകന്‍ സച്ചി സാറിനാണ്. അദ്ദേഹമാണ് അങ്ങനൊരു കഥാപാത്രത്തെ സൃഷ്ടിച്ച് എനിക്ക് നല്‍കിയത്.

Comments are closed.