25 കൊല്ലം മുൻപ് മമ്മൂട്ടിയുടെ കൈയിൽ ഒരു മോട്ടോറോള മൊബൈൽ ഉണ്ടായിരുന്നു

0
407

അന്നും ഇന്നും ഗാഡ്ജറ്റ്‌സുകൾക്ക്, പുത്തൻ ഉപകരണങ്ങൾക്ക്, കാറുകൾക്കെല്ലാം വളരെയധികം പ്രാധന്യം കൊടുക്കുന്ന ഒരാളാണ് മമ്മൂട്ടി. 25 വര്‍ഷം മുന്‍പ് മൊബൈല്‍ ഫോണ്‍ ഒരു ആഢംബരമായി കണ്ടിരുന്ന സമയത്ത് നടന്‍ മമ്മൂട്ടിയുടെ മൊബൈല്‍ ഫോണ്‍ സിനിമയുടെ സെറ്റില്‍ ട്രെന്‍ഡും അതേ സമയംഒച്ചപ്പാടും സൃഷിച്ചിരുന്നു . വർഷങ്ങൾക്ക് മുൻപ് ആയിരം നാവുള്ള അനന്തൻ എന്ന സിനിമയുടെ സെറ്റിൽ വച്ച് നടന്ന ഒരു സംഭവം സംവിധായകൻ തുളസിദാസ്‌ ഓർത്തെടുക്കുന്നതിങ്ങനെ

ആയിരം നാവുള്ള അനന്തൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുകയായിരുന്നു. മമ്മൂട്ടി, മുരളി, ഗൗതമി, മാധവി, ദേവൻ അങ്ങനെ ശക്തമായ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

“മമ്മൂട്ടി വലിയ ഒരു മൊബൈൽ ഫോണുമായി എത്തിയതോടെയാണ് കാര്യങ്ങൾ തുടങ്ങുന്നത്. എന്റെ ഓർമ ശരിയാണെങ്കിൽ മോട്ടറോളയുടെ സെറ്റായിരുന്നു അത്. ആ സമയത്ത് വളരെ അപൂർവമായിരുന്നു. സംസ്ഥാനത്ത് വളരെ കുറച്ചു പേർക്ക് മാത്രമേ അത് ഉണ്ടായിരുന്നുള്ളൂ. തുടർന്ന് സെറ്റിലെ പ്രധാന ചർച്ചാ വിഷയമായി മമ്മൂട്ടിയുടെ മൊബൈൽ ഫോൺ മാറി.

കുറച്ച് ദിവസങ്ങൾക്ക് ശേഷം ഗൗതമി ഒരു മൊബൈലുമായി സെറ്റിൽ എത്തി. പിന്നീട് മാധവിയുടെ കൈയിലും മൊബൈൽ കണ്ടു. ദേവനും പുതിയ ഫോൺ വാങ്ങി. എന്നാൽ മുരളി മാത്രം ഫോൺ വാങ്ങിയില്ല. ചില സമയങ്ങളിൽ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് മൊബൈൽ ഫോൺ റിങ് ചെയ്യാൻ തുടങ്ങും. അപ്പോൾ ഷൂട്ട് നിർത്തിവെച്ച് അഭിനേതാക്കൾ ഫോൺ വിളിക്കാൻ പോകും.
ഇത് മുരളിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. കുറച്ചു കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ച് ഇനിയും ഇങ്ങനെ നടന്നാൽ താൻ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞു. ഞാൻ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹത്തെ പറഞ്ഞ് മനസിലാക്കിയത്. പക്ഷേ പ്രശ്നങ്ങൾ വളരെ വേഗം പരിഹരിക്കുകയും ഷൂട്ട് പുനരാരംഭിക്കുകും ചെയ്തു” തുളസിദാസ്‌ പറയുന്നതിങ്ങനെ