മോഹൻലാൽ നായകനും പദ്മരാജൻ വില്ലനുമാകേണ്ടിയിരുന്ന സിനിമ.. നടക്കാതെ പോയ ആ ചിത്രത്തെ കുറിച്ച്

0
63

മലയാളികൾക്ക് എവർ ഗ്രീൻ ആയ ഒരുപിടി ഹിറ്റുകൾ നൽകിയുടെ എഴുത്തുകാരൻ ആണ് ഡെന്നിസ് ജോസഫ്. ഒരു കാലത്തു മണി രത്നത്തിന്റെ പോലും റൈറ്റർ ആകാൻ അവസരം വന്ന, നിർമ്മാതാക്കളും സംവിധായകരും ക്യു നിന്ന എഴുത്തുകാരനാണ് ഡെന്നിസ് ജോസഫ്. ന്യൂ ഡൽഹിയും നിറക്കൂട്ടും പോലെ എത്രയെത്ര ഹിറ്റുകൾ. ഡെന്നിസ് ജോസഫ് പൂർത്തിയാക്കാൻ കഴിയാതെ പോയ ഒരു സിനിമയെ കുറിച്ചു അടുത്തിടെ പറയുകയുണ്ടായി.മോഹൻലാൽ നായകനും പ്രസിദ്ധ സംവിധായകൻ പദ്മരാജൻ വില്ലനുമാകേണ്ടിയിരുന്ന ആ സിനിമയെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

പ്രസിദ്ധ സംഗീതജ്ഞരെ പീഡിപ്പിച്ചും തടവിലിട്ടും അവരെ മറ്റ് രീതിയില്‍ ബ്ളാക്ക് മെയില്‍ ചെയ്തും അവരുടെ സൃഷ്ടികള്‍ സ്വന്തമാക്കി വിജയിക്കുന്ന ഒരു ക്രിമിനല്‍ ജീനിയസിന്റെ കഥയാണ് ഞാന്‍ എഴുതിയത്. ആ റോളില്‍ ആരെ അഭിനയിപ്പിക്കും എന്ന് ആശങ്കയായി. അവസാനം ഒരാള്‍ മനസിലെത്തി. തീരുമാനം സെവന്‍ ആര്‍ട്സ് വിജയകുമാറിനോട് പറഞ്ഞു. വിജയകുമാറിനും സന്തോഷമായി. അദ്ദേഹം സമ്മതിക്കുമെങ്കില്‍ ഓകെ എന്നു പറഞ്ഞു. ഞാന്‍ മനസില്‍ കണ്ടത് പദ്മരാജനെയായിരുന്നു. അദ്ദേഹത്തെ കണ്ട് കാര്യം പറഞ്ഞപ്പോള്‍, പപ്പേട്ടന് ആദ്യം തമാശ തോന്നി പിന്നീട് സമ്മതിച്ചു.’

‘ഒരുദിവസം പപ്പേട്ടന്‍ എന്നെ വിളിച്ചു. എനിക്ക് രാത്രിയില്‍ കിടന്നിട്ട് ഉറക്കം വരുന്നില്ല. അഭിനയിക്കണം എന്ന് നീ പറഞ്ഞപ്പോള്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നെ ഒരു സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട റോള്‍ ആദി മധ്യാന്തം ഉള്ള ഒരു വില്ലന്‍ റോള്‍ അഭിനയിക്കുക എന്നു പറഞ്ഞാല്‍ പേടി തോന്നുന്നു. എന്നെ ഒഴിവാക്കണം എന്നു പറഞ്ഞു. ഞങ്ങള്‍ നിരാശരായി വേറെ ആളെ നോക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആ സിനിമ നടന്നില്ല. എന്റെ സിനിമയ്ക്ക് കുറച്ചുകൂടി വിപുലമായ സൗകര്യങ്ങള്‍ വേണം. അത്ര സൗകര്യം ഒരുക്കിയെടുത്ത് അമേരിക്കയില്‍ സിനിമ ചെയ്യാന്‍ നിര്‍മ്മാതാവിന്റെ സ്ഥിതിയും സന്നാഹവും പോരാതെ വന്നു. ആ പ്രോജക്ട് അങ്ങനെ ഉപേക്ഷിച്ചു’