മമ്മൂക്കയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്– ശങ്കർ രാമകൃഷ്ണൻ

0
69

കാമറയ്ക്ക് മുന്നിലും പിന്നിലുമായി എഴുപതോളം പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ ഒരുക്കുന്ന പതിനെട്ടാം പടി തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. കേരളത്തിലെ 14 ജില്ലകളിൽ നിന്ന് ടാലെന്റ്റ് ഹണ്ട്ലൂടെ തിരഞ്ഞെടുത്ത താരങ്ങൾക്കൊപ്പം മമ്മൂട്ടി പൃഥ്വിരാജ്, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി ആണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയെ പറ്റി സംവിധായകൻ പറയുന്നതിങ്ങനെ

“പതിനെട്ടാം പടിയിലെ മമ്മൂട്ടിയുടെ ഒരു ഫോട്ടോ വൈറൽ ആയിരുന്നു. ആ ചിത്രം പുറത്തു വന്നതുമുതലാണ് പതിനെട്ടാം പടി എന്ന ചിത്രത്തെക്കുറിച്ച് മാധ്യമങ്ങളും പ്രേക്ഷകരും ചർച്ച ചെയ്തു തുടങ്ങിയത്. സത്യത്തിൽ ആ ചിത്രം ലീക്ക് ആയ ഒരു ഫോട്ടോ ആണ്. ഞങ്ങളുടെ തന്നെ ഫോട്ടോഗ്രാഫർ എടുത്തതായിരുന്നു ആ ചിത്രം. പക്ഷേ, ഞങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ട ചിത്രം അല്ലായിരുന്നു. എങ്ങനെയോ ലൊക്കേഷനിൽ നിന്നും ലീക്ക് ആയതാണ്. ഒരു കാര്യം പറയാതെ വയ്യ. മമ്മൂക്കയുടെ സൗന്ദര്യം എന്നു പറയുന്നത്, അദ്ദേഹത്തിന്റെ ആകാരഭംഗിയോ വേഷമോ ഒന്നുമല്ല. മമ്മൂക്കയുടെ സൗന്ദര്യം അദ്ദേഹത്തിന്റെ വ്യക്തിത്വമാണ്. സാധാരണ മുണ്ടും ഷർട്ടും ഇട്ടു നടന്നാലും ഒരു ജനക്കൂട്ടത്തിൽ പോലും അദ്ദേഹം എടുത്തു നിൽക്കും. മമ്മൂക്ക എങ്ങനെ ഇത്രയും സുന്ദരനായി ഇരിക്കുന്നു എന്ന് ആലോചിച്ചാൽ എനിക്കു തോന്നുന്നു, അദ്ദേഹത്തിന്റെ ഉള്ളിലുള്ള തേജോവലയം (aura) ആണ് അദ്ദേഹത്തെ ‘നിത്യഹരിത’നാക്കുന്നത്.

നിശ്ചയിച്ച സമയത്ത് ഷൂട്ട് നടന്നില്ലെങ്കിൽ മമ്മൂക്കയുടെ ഡെയ്റ്റിന് പ്രശ്നമാകും. അങ്ങനെ ടെൻഷൻ അടിച്ച സമയത്താണ് അതിരപ്പിള്ളിയിൽ ഒരു ലൊക്കേഷൻ എന്ന ആശയം വന്നത്. ഈയടുത്ത് അന്തരിച്ച പരിസ്ഥിതി പ്രവർത്തകൻ ബൈജു ആണ് അവിടെ തന്നെ ഷൂട്ട് ചെയ്യാൻ ധൈര്യം തന്നത്. അവിടെ സെറ്റ് ഇടാൻ ഏഴു ദിവസം വേണ്ടി വന്നു. വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഗംഭീരൻ സെറ്റ്! ഷൂട്ടിങ് ദിവസം മമ്മൂക്ക ലൊക്കേഷനിൽ എത്തി. സിനിമയിലെ കഥാപാത്രത്തിന്റെ വേഷമിട്ട്, മെയ്ക്കപ്പും ചെയ്തു മമ്മൂക്ക നടന്നു വന്നു… അതൊരു മാസ്മരിക നിമിഷമായിരുന്നു. സിനിമയിലെ ഒരു പ്രധാന ഷോട്ട് ആണ് അത്. പതിനെട്ടാം പടി എന്ന സിനിമയിൽ മമ്മൂട്ടി അഭിനയിച്ചത് വെറും ഏഴു ദിവസം മാത്രമാണ്. ആ ദിവസങ്ങൾ വളരെ അമൂല്യമായിരുന്നു. പുതിയ ആളുകളോട് നമ്മുടെ ഇൻഡസ്ട്രിയുടെ മനോഭാവം വ്യക്തമാക്കുന്നതാണ് ഈ സിനിമയിലെ മമ്മൂട്ടിയുടെ സാന്നിധ്യം. പുതിയ ചെറുപ്പക്കാർക്കൊപ്പം അഭിനയിക്കാൻ അദ്ദേഹം തയ്യാറായി എന്നതു തന്നെ നമ്മുടെ ഇൻഡസ്ട്രിയുടെ നന്മയെ ആണ് കാട്ടിത്തരുന്നത്.”