പൊന്മുട്ടയിടുന്ന താറാവിലെ തട്ടാനും ശ്രീനിവാസനും – രഘുനാഥ്‌ പാലേരി!!!!മലയാളികളുടെ മനസു അറിഞ്ഞ ഒരു എഴുത്തുകാരനാണ് രഘുനാഥ്‌ പാലേരി. ആ തൂലികത്തുമ്പിൽ നിന്നും ഒട്ടനവധി മികച്ച രചനകൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ഒന്ന് മുതൽ പൂജ്യം വരെ, പിൻഗാമി , മൈ ഡിയർ കുട്ടിച്ചാത്തൻ മുതൽ ദൈവദൂതൻ വരെ അസംഖ്യം നല്ല രചനകൾ. രഘുനാഥ്‌ പാലേരി എന്ന തിരക്കഥാകൃത്തിന്റെ രചനയിൽ നിന്നും വന്നിട്ടുള്ള ഏറ്റവും നല്ല രചനയിലൊന്നു പൊന്മുട്ടയിടുന്ന താറാവ് ആണ് . കേരളത്തിന്റെ ഗ്രാമാന്തരീഷത്തിന്റെ ഇത്രയും നല്ലൊരു സിനിമ വേർഷൻ ഉണ്ടായിട്ടില്ലെന്ന് വേണം പറയാൻ. ആ സിനിമ വന്ന വഴിയെപ്പറ്റി രഘുനാഥ് പാലേരി തന്റെ ഫേസ്ബുക് പ്രൊഫൈലിൽ എഴുതിയിട്ടുണ്ട്. പോസ്റ്റിന്റെ പൂർണരൂപം

സിനിമാ തിരശ്ശീലയിൽ നേരത്തെ കണ്ടിട്ടുണ്ടെങ്കിലും നടൻ ശ്രീനിവാസനെ ഞാൻ ജീവനുള്ള ശ്രീനിവാസനായി ആദ്യം കാണുന്നത് ഇന്നത്തെ ചെന്നൈ ആയ അന്നത്തെ മദിരാശിയിലെ അശോക്‌നഗറിലെ ഒരു നിരത്ത് വക്കിലെ പൊരിവെയിലത്ത് വെച്ചാണ്. 1978 ലെ ഒരു വെയിൽ ആണെന്നാണ് ഓർമ്മ. ഭംഗിയാർന്ന കറുപ്പുള്ള ശ്രീനി കനത്ത ചൂടിൽ വെട്ടിത്തിളങ്ങുന്ന കരിഞ്ഞ വിറക് കനൽപോലെ തോന്നിച്ചു. ഒരു ബീഡി ഉണ്ടായിരുെന്നെങ്കിൽ ശ്രീനിയിൽ തൊട്ട് കത്തിച്ചെടുക്കാം. എന്നിട്ടും ഉള്ളിലെ ജീവിതച്ചൂട് പുറത്തു കാണിക്കാതെ ചെറിയ വാക്കുകളും ഇത്തിരി ചിരിയും മുഖത്ത് പുരട്ടി ശ്രീനി ഏതാനും വാക്കുകൾ സംസാരിച്ചു.

ആറ്റിറമ്പത്തെ കൈതക്കാടുപോലുള്ള മുടി. മുഷിഞ്ഞ ഷർട്ടും മുണ്ടും. ഉള്ളിൽ സിനിമാ അവശത. ഒരു സിനിമയിൽ ചെറിയൊരു വേഷം ചെയ്ത പുഞ്ചിരിയേ ആ മുഖത്തുള്ളു. ഞാനാെണങ്കിൽ അതിനേക്കാൾ കഷ്ടം. വിയർപ്പും കട്ടിക്കണ്ണടയും തളർച്ചയും സിനിമയും എല്ലാം ചേർന്ന ഒരു ഈർക്കിൽ രൂപം. ഗ്ലാമർ ശ്രീനിക്കായിരുന്നു. ഉള്ള ധൈര്യം വെച്ച് സത്യത്തിൽ ഞാൻ ശ്രീനിയെ കയറി അങ്ങ് ഹെഡ് ചെയ്തതാണ്. കാരണം തലേ ദിവസം ശ്രീനിയെക്കുറിച്ച് സംവിധായകൻ ശ്രീ പിഎ ബക്കർ എന്നോട് സംസാരിച്ചിരുന്നു. ഏത് ഘട്ടത്തിലും മുഖം മൂടുന്ന ചിരിയും മനസ്സ് നിറയെ സിനിമയും ഉള്ള ഒരു സംവിധായകൻ ആയിരുന്നു പിഎ ബക്കർ. അദ്ദേഹം ഇന്നില്ല. ഗൂഗിളിൽ പിഎ ബക്കർ എന്നെഴുതി തിരച്ചിൽ കീ അമർത്തിയാൽ താൾ നിറയെ ബക്കർ വരും. 1975- 90 കാലത്ത് അദ്ദേഹം മലയാളത്തിന് നൽകിയ ശക്തമായ സിനിമകൾ വരും. തോളറ്റം മുടിയും സമൃദ്ധ താടിയും ആണ് പിഎ ബക്കറിന്. താടിയുള്ള ശ്രീനിവാസനെ ഞാൻ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. ഈയ്യിടെ സത്യന്റെ മകന്റെ വിവാഹത്തിന് കണ്ടേപ്പോൾ ശ്രീനിക്ക് മീശയും ഇല്ല.

ബക്കറിന്റെ അന്നത്തെ പുതിയ സിനിമയാണ് ”ചാരം”. ചാരത്തിന് തിരക്കഥ എഴുതുകയായിരുന്നു ഞാൻ. എഴുതിക്കഴിഞ്ഞ ചില ഭാഗങ്ങൾ ബക്കറിന് നൽകാനായി ചെന്നൈ അശോക് നഗറിലെ ബക്കറിന്റെ വീട്ടിലേക്ക് ചെല്ലുമ്പോൾ വഴിയിൽ വെച്ചാണ് ശ്രീനിവാസനെ കാണുന്നതും ഹെഡ് ചെയ്യുന്നതും. ഒരുമിച്ച് വീട്ടിൽ ചെന്നു കയറിയ ശ്രീനിവാസനെ എനിക്ക് പരിചയപ്പെടുത്തി ബക്കർ പറഞ്ഞു.”നടനാണ്..”

ശ്രീനിയും ആ സിനിമയിൽ ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ ഉണ്ടായില്ല. എന്നാൽ അന്നുമുതൽ ശ്രീനി എന്റെ മനസ്സെന്ന വെയിലത്ത് കസേരയിട്ടങ്ങ് ഇരുന്നു. ഉള്ളിൽ കൊണ്ടു നടന്ന ആ ചങ്ങാത്തത്തിന്റെ ധൈര്യത്തിലാണ് ആദ്യത്തെ ത്രിഡി സിനിമയായ ”മൈഡിയർ കുട്ടിച്ചാത്ത” നിലെ ഹിന്ദി നടന്ന് ശബ്ദം നൽകാൻ ശ്രീനിവാസനെ ക്ഷണിക്കാൻ ഞാൻ ജിജോയോട് പറഞ്ഞത്. ജിജോ വിളിച്ചു. ശ്രീനിവാസൻ വന്നു. ”കുട്ടിച്ചാത്തൻ” കാരണം ചിത്രാഞ്ജലി സ്റ്റൂഡിയോ വഴികളിലൂടെ ശ്രീനിയുടെ തോളിൽ കയ്യിട്ട് ഞാനും ഒപ്പം നടന്നു. മനസ്സിലെ വെയിലിൽ ഇത്തിരി തണൽ കയറി. ശ്രീനിയുടെ ഇരിപ്പിടം ഞാൻ ആ തണലിലേക്ക് മാറ്റി.

“ഒന്നുമുതൽ പൂജ്യം വരെ” എന്ന സിനിമയുടെ തിരക്കഥ എഴുതവേ, ആ ഹോട്ടലിലെ തൊട്ടടുത്ത മുറിയിൽ സത്യൻ അന്തിക്കാടിനു വേണ്ടി തിരക്കഥ എഴുതാൻ വന്ന ശ്രീനിയെ ഞാൻ വീണ്ടും കണ്ടുമുട്ടി. അപ്പോഴേക്കും ശ്രീനിയിൽ ഇത്തിരി നിറവും ജ്വലനവും ഉഷാറും എല്ലാം വന്നിരുന്നു. പൊട്ടിച്ചിരിക്കും ഇടക്കിടെ വീഴുന്ന നർമ്മത്തിനും നല്ല ഉണർവും തേജസ്സും ഉണ്ടായിരുന്നു. അപ്പോഴേക്കും എന്റെ മനസ്സും എവിടുന്നോ ഉരുക്കിയെടുത്ത ഇത്തിരി പൊന്ന് ഒരു തട്ടാൻ കഥയായി മനസ്സിൽ ഉരുക്കി വെച്ചിരുന്നു. ഒന്നുമുതൽ പൂജ്യം വരെയും കഴിഞ്ഞ്, ആ സിനിമക്ക് ഛായാഗ്രഹണം നൽകിയ ശ്രീ ഷാജി എൻ കരുണിന് അദ്ദേഹത്തിന്റെ പ്രഥമ സിനിമയായ ”പിറവി..”ക്ക് തിരക്കഥയും സംഭാഷണവും എല്ലാം എഴുതി, പിറവിയുടെ ചിത്രീകരണം അങ്ങ് ദൂരെയുള്ള കാഞ്ഞങ്ങാട് മഴയത്ത് നടക്കുമ്പോഴാണ്, മഴയിൽ നനഞ്ഞ് സത്യൻ അന്തിക്കാട് ആ പൊന്നും ചോദിച്ച് തട്ടാനായി എന്റെ മുന്നിൽ എത്തുന്നത്. ”രഘൂ, നിന്റെ പൊന്മുട്ടയിടുന്ന തട്ടാനെ എനിക്ക് തര്വോ..”

നിഷ്‌ക്കളങ്കമായിരുന്നു ആ ചോദ്യം. എനിക്കൊരു വിരോധവും ഇല്ലായിരുന്നു. അസ്സല് തട്ടാനാണ് സത്യൻ. സിനിമയുടെ പൊന്നറിയാം. തിരക്കഥയിലെ സിനിമയെന്ന പൊന്നിനെ ഉരുക്കാനും പണിയാനും അറിയാം. മനസ്സിന്റെ ജാലകം ഇത്തിരി തുറന്നു കാണിച്ചാൽ ഉള്ളിലെ കാഴ്ച്ചകളെ ആർദ്രതയോടെ നോക്കാനറിയാം. അക്ഷരങ്ങളുടെ മാറ്റുരച്ച് പൊട്ടിച്ചിരിക്കാനും അമർത്തിച്ചിരിക്കാനും ആരും അറിയാതെ ഉണരുന്ന വിങ്ങലുകൾ ഉള്ളിൽ തന്നെ അമർത്താനും അറിയാം. നർമ്മത്തിൽ നർമ്മത്തെക്കാൾ ജീവിതം ഉണ്ടെന്ന് സത്യനെ ആരും പഠിപ്പിക്കേണ്ട. നർമ്മം മറ്റുള്ളവർക്ക് കേട്ട് ചിരിച്ചു മറിയാനുള്ളതാണെങ്കിലും, പറയുന്നവന് അത് ജീവിത പാളിയിൽ നിന്നും പറിച്ചെടുക്കുന്ന കത്തുന്ന തിരശ്ശീലയാണ്. ഓരോ നർമ്മവും ഓരോ തീനാളമാണ്. അത് ജ്വലിപ്പിക്കുന്ന കഥാപാത്രത്തിന് ജീവിതത്തിലും സിനിമയിലും ചിരിക്കാൻ കഴിയില്ല. ചിരിക്കുന്നതും ആശ്വസിക്കുന്നതും ആ ജീവിതം കാണുന്ന മറ്റുള്ളവരാണ്. അവർക്കത് മറ്റൊരു കാഴ്ച്ചപ്പാടിലൂടെ ജീവിതം ആസ്വദിക്കാനുള്ള ഊർജമാണ്.

പൊന്മട്ടയിടുന്ന തട്ടാനെ ചോദിച്ച സത്യനോട് ഞാൻ ഒരു കാര്യം മാത്രം ആവശ്യപ്പെട്ടു.” ശ്രീനിയെ തട്ടാനാക്കണം.” സത്യൻ പുഞ്ചിരിച്ചു. അതായിരുന്നു ആദ്യത്തെ പൊന്മുട്ട. ഞാൻ ഓർമ്മിക്കുന്നു. ചിത്രീകരണം തുടങ്ങുമ്പോഴും ആദ്യമായി നായക വേഷം കെട്ടുന്ന ശ്രീനിക്ക് ആ തട്ടാനാവാനും പൊന്നുരുക്കാനും അത്ര വലിയ ധൈര്യം ഇല്ലായിരുന്നു. മറ്റേതോ സിനിമയുടെ വേലിക്കുള്ളിൽ ആയിരുന്ന ശ്രീനിക്ക് ചിത്രീകരണത്തിനായി എത്താനും ഇത്തിരി മടിയായിരുന്നു. കഥയിലെ തട്ടാനേം കാമുകിയേം പൊന്നും പണിക്കരേം എല്ലാം കണ്ട ഇന്നസെൻറ് നിരന്തരം ശ്രീനിയെ വിളിച്ച് അരിശപ്പെടും. ഇടക്കിടെ സത്യനും. ഒടുക്കം ശ്രീനിയെന്ന പൊന്നെത്തി. സത്യനെന്ന തട്ടാൻ ആ പൊന്നെടുത്ത് ഉരുക്കി അടിച്ചു പരത്തി പത്ത് പവന്റെ മാലയാക്കി സ്‌നേഹലതയുടെ കഴുത്തിൽ ചാർത്തി.

യഥാർത്ഥ ജീവിതത്തിലെ പൊന്നും തട്ടാനും അവിടെ പിറന്നു. സകലതും അതിജീവിച്ചു. പൊന്നുരുക്കാൻ തീ വേണം. എന്നാൽ ഞങ്ങൾക്കു ചുറ്റും അന്ന് അഗ്നി മനസ്സുകളുടെ പ്രളയമായിരുന്നു. മഹാഅഗ്നിനാളങ്ങളായ ഒടുവിൽ ഉണ്ണിക്കൃഷ്ണൻ, ശങ്കരാടി, മാമുക്കോയ, കരമന, ഇന്നസെന്റ്. കൃഷ്ണൻകുട്ടിനായർ, ജഗതി, ജയറാം, കെപിഎസി ലളിത. ഫിലോമിന. ഊർവ്വശി. പാർവ്വതി, ഭാമ അങ്ങിനെ എത്രയെത്ര തീനാളങ്ങളായിരുന്നു ആ ഇത്തിരിപ്പൊന്നിനു ചുറ്റും. പല തീനാളങ്ങളും ഇന്നില്ല. പക്ഷെ അവയുടെ പ്രഭാപൂരം ഇന്നും ജ്വലിച്ചങ്ങിനെ നിൽക്കുന്നു. കഴിഞ്ഞ ദിവസം വീണ്ടും തട്ടാനും കൂട്ടരും ടിവിയിൽ വന്നപ്പോൾ എനിക്ക് ശ്രീനിയുടെ ശബ്ദം ഒന്നൂടി കേൾക്കണംന്ന് തോന്നി. ഞാൻ ശ്രീനിയെ വിളിച്ചു. എന്റെതല്ലാത്ത നമ്പറായിട്ടും ശ്രീനി അതെടുത്തു. ”എന്തേ വിളിച്ചതെന്ന്..” ശ്രീനി. ”വെറുതെ..” എന്ന് ഞാനും. അത് വെറുതെ അല്ലെന്ന് തട്ടാനറിയാം. അതാണ് മനസ്സെന്ന പൊന്നിന്റെ മഹത്വവും….

Comments are closed.