നടന്ന കഥയെ ആസ്പദമാക്കി മെഗാസ്റ്റാറിന്‍റെ പുതിയ ചിത്രം..

0
723

മലയാളത്തിൽ ഒട്ടനവധി നവാഗതരായ സംവിധായകർക്ക് സിനിമ എന്ന ലോകത്തേക്ക് കവാടം തുറന്നുകൊടുത്ത വ്യക്തിയാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇനി വരാൻ പോകുന്ന മമ്മൂട്ടി ചിത്രവും ഒരു പുതുമുഖ സംവിധായകനായ ശരത്ത് സന്ദിത്തിന്റേതാണ്. മമ്മൂട്ടി യെ വച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പരസ്യ ചിത്ര സംവിധാനത്തിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ശരത്ത് സന്ദിത്ത്. മമ്മൂട്ടി യുമായി 12 വർഷത്തിലേറെ ബന്ധമുള്ള ശരത്ത് തന്റെ ആദ്യ ചിത്രവും മമ്മൂക്കയെ നായകനാക്കിയാണ് ഒരുക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഒരു നടന്ന സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത്. ചിത്രത്തിൽ നടി മിയ ജോർജും ഒരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളെ കുറിച്ചും മറ്റ് അഭിനേതാക്കളെ കുറിച്ചും വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് സംവിധായകൻ ശരത്ത് സന്ദിത്ത് പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂൺ 5ന് ബാംഗ്ലൂരിൽ ആരംഭിക്കുന്നു. 2 ഷൂട്ടിംഗ് ഷെഡ്യൂളുകൾ ഉള്ള ചിത്രത്തിന്റെ ആദ്യ 25 ദിനങ്ങൾ ബാംഗ്ലൂരിലും ബാക്കി ദിവസങ്ങൾ കേരളത്തിലുമായി ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

മമ്മൂക്ക ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിന്റെയും ശ്യാം ദത്ത് സംവിധാനം ചെയ്യുന്ന സ്ട്രീറ്റ് ലൈറ്റ് എന്ന ചിത്രത്തിന്റെയും ഷൂട്ടിംഗ് തിരക്കുകളിലാണ്. ഈ ചിത്രങ്ങൾക്ക് ശേഷം സേതു സംവിധാനം ചെയുന്ന കോഴി തങ്കച്ചൻ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് തുടങ്ങേണ്ട മമ്മൂക്കാ ചിത്രം.