ചങ്ക്‌സ് : സൗഹൃദ ചിരിയുടെ തട്ടുപൊളിപ്പൻ ആഘോഷം!!!ഹാപ്പി വെഡിങ് എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളി പ്രേക്ഷകരെ ഇഷ്ടപെടുത്തിയ സംവിധായകനാണ് ഒമർ. വലിയ താരങ്ങളുടെ അകമ്പടി ഇല്ലാതെ തിയറ്ററുകളിൽ എത്തിയ സിനിമ പ്രേക്ഷക പ്രീതിയിൽ തിയറ്ററുകളിൽ വിജയം കണ്ടു, കാരണം വേറെ ഒന്നുമല്ലായിരുന്നു പ്രേക്ഷകരുടെ പൾസ്‌ അറിയുന്ന സിനിമ ആയിരുന്നു ഹാപ്പി വെഡിങ് എന്നത് തന്നെയാണ്. സിനിമയെ ആഘോഷമാക്കുന്ന ഒരുകൂട്ടം പ്രേക്ഷകർ തിയയറ്ററുകളിൽ സിനിമയെ ചിരിയുടെ ആഘോഷമായി കൊണ്ടാടി. രണ്ടാം സിനിമയായ ചങ്ക്‌സിലേക്കു എത്തുമ്പോഴും എടുത്തു പറയത്തക്ക വിധം താരങ്ങളുടെ അകമ്പടി ചിത്രത്തിനില്ല, ഇവിടെയും സംവിധായകൻ പിന്തുടരുന്നത് ആ പഴയ ചിരിയുടെ രസക്കൂട്ടാണ്‌. അത്തരം ശ്രമത്തിൽ വിജയം കാണുന്ന സിനിമ തന്നെയാകും ചങ്ക്‌സ് എന്ന് ആദ്യ ദിവസത്തിലെ പ്രേക്ഷക പ്രതികരണത്തിൽ നിന്ന് തന്നെ മനസിലാക്കാം. സിനിമയെ ഉത്സാവമാക്കുന്നവർക്കു, നേരമ്പോക്കിനുള്ള ഉപാധിയായി കാണുന്നവർക്കു സധൈര്യം ടിക്കറ്റ് എടുക്കാം ചങ്ക്‌സിനു…

അങ്ങനെ എടുത്തു പറയത്തക്കവിധം വലിയ കഥയുടെയോ തിരക്കഥയുടെയോ പിൻബലമില്ലാത്ത സിനിമയാണ് ചങ്ക്സ്. ഒരു പ്രേക്ഷകൻ തന്‍റെ വിലപ്പെട്ട സമയത്തിലെ രണ്ടു മണിക്കൂർ സിനിമ കണ്ടു രസിക്കണം എന്ന ഉദ്ദേശത്തോടുകൂടി തിയറ്ററിലെത്തുമ്പോൾ ആ ലക്ഷ്യത്തെ സാധൂകരിക്കുന്ന സിനിമ തന്നെയാണ് ഒമർ ഒരുക്കിയ തന്റെ രണ്ടാമത്തെ സിനിമയായ ചങ്ക്‌സും എന്ന് പറയാം. ഒരുകൂട്ടം സുഹൃത്തുക്കളുടെ ആഘോഷങ്ങളിലൂടെ പറഞ്ഞു പോകുന്ന സിനിമ അതിന്‍റെ ഉദ്ദേശ ശുദ്ധിയിൽ അണിയിച്ചൊരുക്കുന്നതിൽ സംവിധായകനും മറ്റു സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട്. ഒമർ എന്ന സംവിധായകനിൽ നിന്നും ഇത്തരം ആഘോഷത്തെ സിനിമകൾ ഇനിയും പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം എന്ന് അടിവരയിട്ടുറപ്പിക്കുന്നുണ്ട് സംവിധായകൻ. മുന്‍നിര കച്ചവട സിനിമകളുടെ സംവിധായകരുടെ ഒപ്പം കസേരയിട്ട് ഇരുപ്പുറപ്പിക്കാം ഒമർ എന്ന സംവിധായകന് ഇനി മുതൽ…

ബാലു വർഗീസ്, ധർമജൻ ബോൾഗാട്ടി,ഗണപതി,വിശാഖ് നായർ എന്നിവരാണ് സിനിമയിലെ സൗഹൃദകൂട്ടായ്മയിലെ നാലംഗ സംഘങ്ങൾ. പതിവ് പോലെ തന്നെ സിനിമയിലെ ആഘോഷങ്ങൾക്ക് നിറം പകരാന്‍ നാല് പേരുടെയും പ്രകടം കൊണ്ട് സാധിച്ചിട്ടുണ്ട്. സിനിമയിലെ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഹണി റോസാണ്. പ്രകടനത്തിൽ നാലംഗ സൗഹൃദ കൂട്ടത്തിനൊപ്പം പിടിച്ചു നിൽക്കാൻ ഹണി റോസിന് സാധിച്ചിട്ടുണ്ട്. ലാൽ, സിദ്ദിഖ് എന്നിവരാണ് സിനിമയിലെ പഴയ മുഖങ്ങൾ എന്ന് പറയാം, പക്ഷേ പ്രകടനം കൊണ്ട് ഇരുവരും ചങ്ക്‌സിലും നവ താര സാന്നിദ്ധ്യനങ്ങൾക്കൊപ്പം അല്ലെങ്കിൽ അവരെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്നുണ്ട്. ഇവർക്കൊപ്പം നർമത്തിൽ തന്റേതായ ഭാഷ്യം കൊണ്ട് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ച ഹാരിഷ് കൂടി ചേരുമ്പോൾ സിനിമ ചിരിയുടെ ഉത്സവമായി മാറുന്നുണ്ട്.

ആൽബിയുടെ ഛായാഗ്രഹണം സിനിമയുടെ പശ്ചാത്തലത്തിനോട് ചേർന്ന് നിൽക്കുന്നുണ്ടു, ഒപ്പം സംവിധായകന്റെ കാഴ്ചക്കൊപ്പം ഛായാഗ്രഹണം നിർവഹിക്കുന്നതിലും ആൽബി വിജയിച്ചിട്ടുണ്ട്. കെട്ടിലും മട്ടിലും സിനിമയ്ക്ക് അതിന്റെ ആഘോഷണങ്ങളുടെ നിറം നിറയ്ക്കാൻ ആൽബിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ദിലീപ് ഡെന്നീസാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും, സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ ഭാവപരിസരത്തോടു ചേർന്ന് നിൽക്കുന്നുണ്ട് എഡിറ്റിംഗ്. ഗോപി സുന്ദർ ആണ് സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്, സംവിധായകനും ഛായാഗ്രാഹകനും ഒപ്പം സിനിമയ്ക്ക് ഒരു ഉത്സവ പ്രതീതി ഒരുക്കുന്നതിൽ ഗോപി സുന്ദറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സഹായകരമായിട്ടുണ്ട്…

ആകെ മൊത്തത്തിൽ, കഥയില്ലായ്മയുടെ പോരായ്മകളെ കെട്ടിലും മട്ടിലും ഒളിപ്പിക്കുന്ന സൗഹൃദ കൂട്ടായ്മയുടെ ചിരി ആഘോഷിക്കുന്ന ഒരു രസികൻ തട്ടുപൊളിപ്പൻ സിനിമ തന്നെയാണ് ചങ്ക്‌സ്. എല്ലാം മറന്നു പൊട്ടിച്ചിരിക്കാൻ പ്രേക്ഷകരെ സാധ്യമാക്കുന്ന സിനിമ തന്നെയാണ് ചങ്ക്‌സ്. ഒമർ ലുലുവും കൂട്ടരും താര പകിട്ടില്ലാതെ ശുദ്ധഹാസ്യത്തിൽ ഒരുക്കിയ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം, ഒമർ ലുലുവും കൂട്ടരും നിങ്ങളെ മടുപ്പിക്കില്ല…

Comments are closed.