എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ കുഴിയിൽ വീഴും ഇപ്പോഴും ഒരു കൈയ്ക്ക് വേദനയുണ്ട്.അവതാരകന്‍,അഭിനേതാവ്,നിര്‍മ്മാതാവ്‌ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് സാബുമോന്‍ അബ്ദുസമദ്. ആലപ്പുഴ ജില്ലയിലെ കായംകുളമാണ് സാബുവിന്റെ സ്വദേശം. ഒരു ആങ്കർ എന്ന നിലയിൽ കലാജീവിതം തുടങ്ങിയ സാബുമോൻ ഇപ്പോൾ സിനിമ ലോകത്തും പേരെടുക്കുകയാണ് . ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് എന്ന സിനിമയിൽ ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ് തുടങ്ങിയവര്‍ക്കൊപ്പം ഒരു പ്രധാന വേഷത്തിൽ സാബും എത്തിയിരുന്നു . പോത്തിനെ വെടിവയ്ക്കാൻ എത്തുന്ന കുട്ടച്ചൻ എന്ന കഥാപാത്രമായി ആണ് സാബു മോൻ എത്തിയത്. അടുത്തിടെ മനോരമയക്ക് നല്‍കിയ അഭിമുഖത്തില്‍ ജല്ലിക്കെട്ടില്‍ അഭിനയിച്ചതിന്റെ അനുഭവം സാബുമോന്‍ പങ്കുവച്ചിരുന്നു.സാബുവിന്റെ വാക്കുകൾ ഇങ്ങനെ ”

സിനിമയിൽ പോത്തിറച്ചിയുടെ വലിയൊരു കഷ്ണം ഞാനെടുത്തു തൂക്കുന്നുണ്ട്. ഫ്ലാഷ് ബാക്ക് സീക്വൻസിലാണ് അതു വരുന്നത്. ചെറിയൊരു പീസെടുത്തു തൂക്കിയാൽ മതിയെന്നാണ് എന്നോടു പറഞ്ഞത്. പക്ഷേ, ചെറിയ പീസ് കുട്ടച്ചൻ തൂക്കില്ലല്ലോ എന്നാണ് മനസ്സിൽ ആദ്യം വന്നത്. അതു പറഞ്ഞ്, വലിയൊരു ഇറച്ചിക്കഷ്ണമാണ് ഞാൻ പൊക്കിയെടുത്ത് തൂക്കുന്നത്. ആറോ ഏഴോ ടേക്ക് അതെടുക്കേണ്ടി വന്നു. അവസാനം എല്ലാവരും ചിരിയോടു ചിരി ആയിരുന്നു. കുട്ടച്ചൻ ഇതു പൊക്കും എന്നുള്ളത് എന്റെയൊരു കണക്കുക്കൂട്ടൽ ആയിരുന്നു. പക്ഷേ, എന്റെ ശരീരത്തിന് ഇത്രയും ഭാരമുണ്ടെങ്കിലും അത് പുല്ലു പോലെ എടുത്ത് തൂക്കാൻ കഴിയില്ലായിരുന്നു. ഒറ്റയടിക്കു പറ്റാതെ ആയപ്പോൾ രണ്ടു ശ്രമങ്ങളുടെ ഒടുവിൽ തൂക്കുന്നതായി സിനിമയിൽ കാണിക്കുകയായിരുന്നു. ഷോട്ട് ശരിയാകാതെ വന്നപ്പോൾ, ഇറച്ചിയുടെ ആ വലിയ പീസ് ഒരാൾ താഴെയിരുന്ന് എടുത്തു തരാമെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. ചെയ്യുകയാണെങ്കിൽ ഞാൻ തന്നെ ചെയ്യും എന്ന നിലപാടിലായിരുന്നു ഞാൻ.

ഓട്ടം എല്ലാവർക്കും കിട്ടി. മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ കുഴിയിൽ വീഴും. ആ പ്രദേശം അങ്ങനെയാണ്. അവിടെ ലൈറ്റപ്പ് ചെയ്യാൻ പറ്റില്ല. സിനിമയെ ബാധിക്കും. അതുകൊണ്ട്, ആ ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഇഴഞ്ഞൊക്കെയാണ് ചെയ്യുന്നത്. വെള്ളത്തിൽ വീഴുന്ന രംഗത്തിന്റെ മേക്കിങ് വിഡിയോ വരും. അതൊന്നു കാണണം. ആ ഒരു രംഗത്തിനു വേണ്ടി എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അതു കാണുമ്പോൾ മനസ്സിലാകും.

ഡിസംബറിൽ കട്ടപ്പനയിലായിരുന്നു ഷൂട്ട്. വെറും ലുങ്കിയും ഷർട്ടും ഇട്ടാണ് ഐസു പോലെ തണുപ്പുള്ള വെള്ളത്തിൽ ഇറങ്ങിനിന്ന് ഇടികൂടുന്നത്. ശരീരം മുഴുവൻ വിറയ്ക്കുകയായിരുന്നു. അതു കുറെ ടേക്ക് പോയി. എന്റെയും ആന്റണിയുടെയുമെല്ലാം ശരീരം ഔട്ട് ഓഫ് ഓർഡർ ആയെന്നു പറയാം.ചെയ്യണമെന്നു വിചാരിച്ച് ഇറങ്ങിത്തിരിച്ചതാണ്. കുറേ പരുക്കുകൾ ഉണ്ടായി. കുറേ പണികിട്ടി. ഇപ്പോഴും ഒരു കൈയ്ക്ക് ഇടയ്ക്കിടെ വേദനയുണ്ട്. സംഘട്ടനരംഗം ചിത്രീകരിച്ചപ്പോൾ പല തവണ വീണിരുന്നു. അതിൽ പറ്റിയതാണ്. വേറൊരു രംഗത്തിൽ പെപ്പെയ്ക്കും പരുക്കേറ്റിരുന്നു. ഒരു സിനിമയെ ഗൗരവമായി എടുക്കുമ്പോൾ അതിനുവേണ്ടിയുള്ള ബുദ്ധിമുട്ടുകളും സഹിക്കണം. സിനിമ ഒരു കലയാണ്. നടൻമാർ സംവിധായകന്റെ ഉപകരണങ്ങളാണ്. ആ ഉപകരണത്തെ സംവിധായകൻ ഉപയോഗപ്പെടുത്തും. അതിലുണ്ടാകുന്ന കഷ്ടപ്പാട് സ്വാഭാവികമാണ്

Comments are closed.