എന്‍റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലാണ് സ്ഫടികം – മോഹന്‍ലാല്‍ഓട്ടകാലണക്കും പതിനെട്ടാം പട്ട തെങ്ങും, കടുവ എന്നീ പേരുകൾ കേൾകുമ്പോൾ മലയാളികൾക്ക് ഒരേയൊരു ചിത്രമേ ഓർമ്മ വരുള്ളൂ. അപ്പൻ മകനെ ലോകമറിയുന്ന ഒരു മാത്തമാതിഷ്യൻ ആക്കാൻ ആഗ്രഹിച്ചപ്പോ അവൻ താന്തോന്നിയായി മാറിയ കഥ മലയാളികൾ ഇന്നും അവരുടെ നെഞ്ചിന്റെ അടിത്തട്ടുകളിലാണ് സൂക്ഷിക്കുന്നത്.
മോഹന്‍ലാല്‍ എന്ന നടന്റെയും സംവിധായകൻ ഭദ്രന്റെയും കരിയറില്‍ തന്നെ വിലപ്പെട്ട ഒരു ചിത്രമാണ് സ്ഫടികം. മോഹന്‍ലാലിനെ ഹീറോയിസത്തിന്റെ യുഗ പുരുഷനായി മാറ്റിയ ചിത്രം. പഠിക്കാന്‍ പിന്നിലാണെങ്കിലും ഒട്ടേറെ കഴിവുകളും ഉള്ള വിദ്യാര്‍ത്ഥിയായിരുന്നു തോമസ് ചാക്കോ. എന്നാല്‍ ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച ചാക്കോ മാഷിന്, തോമസ് ചാക്കോ ഒരു ഓട്ടക്കാലണയായിരുന്നു. അവന് പകരം പതിനെട്ടാം പട്ട തെങ്ങ് വച്ചു. ആട് തോമ എന്ന തെമ്മാടിയായി തോമസ് ചാക്കോ മാറിയെങ്കിലും അവനില്‍ മനോഹരമായ ഒരു ഹൃദയമുണ്ടായിരുന്നു. തനിക്കെന്നും പ്രിയപ്പെട്ട ചിത്രമാണ് സ്ഫടികമെന്നും മോഹന്‍ലാല്‍ പറയുന്നു. സംവിധായകൻ ഭദ്രനൊപ്പം ലാൽസലാം എന്ന പ്രോഗ്രാമിൽ ആണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

“ആട് തോമയ്ക്ക് മനോഹരമായ ഒരു ഹൃദയമുണ്ട്. വളരെ സത്യസന്ധനായ ഒരു മനുഷ്യനാണ് ആട് തോമ. എന്‍റെ സിനിമ ജീവിതത്തിലെ നാഴികക്കല്ലാണ് സ്ഫടികം എന്ന സിനിമ. ഭദ്രന്‍ സാറുമായി ഒരു പാട് സിനിമ ചെയ്തിട്ടുണ്ടെങ്കിലും ആള്‍ക്കാര്‍ ആദ്യം പറയുന്ന സിനിമ സ്ഫടികമാണ്. തീര്‍ച്ചയായും ആ കഥാപാത്രത്തിന്റെ സൃഷ്ടി, അദ്ദേഹത്തിന്റെ സംവിധാനം ഒപ്പം ഒരുപാട് ഇമോഷണല്‍ ഡ്രാമയുള്ള സിനിമയാണ്. അതുകൊണ്ട് ഭദ്രന്‍ സാറും സ്ഫടികവും എനിക്ക് എപ്പോഴും പ്രിയപ്പെട്ടതാണ്.”

തന്നെ വച്ചല്ലാതെ വേറെ ആരെയെങ്കിലും നായകനാക്കി ഒരിക്കല്‍ കൂടി സ്ഫടികം ചെയ്യാന്‍ തയാറാകുമോ എന്ന് മോഹന്‍ലാല്‍ ചോദിച്ചപ്പോള്‍ ഭദ്രന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.


“അങ്ങനെയൊരു സിനിമ ഇനി ഉണ്ടാകില്ല.അങ്ങനെയൊരു സിനിമയിലേക്ക് ഞാന്‍ കടന്നാല്‍ ആര് അഭിനയിക്കും? ഒരു ചോദ്യം നമ്മുടെ മുന്നില്‍ നില്‍ക്കും. എന്റെ മനസിനകത്ത് ആട് തോമയെ ഇത്ര ഉള്‍ക്കൊണ്ട് അഭിനയിച്ച നടന്റെ ഇതിനോടകം ഉണ്ട്. ഞാനൊരിക്കലും ലാലിനോട് സ്ഫടികത്തിന്റെ കഥ മുഴവനായും പറഞ്ഞിരുന്നില്ല. ലാലിനോട് ഞാന്‍ പറഞ്ഞു മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആട് തോമ, അടിച്ചാല്‍ തുണി പറിക്കുന്ന ആട് തോമ. റെയ്ബാന്‍ ഗ്ലാസ് വയ്ക്കുന്ന ആട് തോമ. നിഷ്‌കളങ്കമായ ചിരിയായിരുന്നു ഉത്തരം. ചിരി കഴിഞ്ഞ് ഞങ്ങള്‍ ഷൂട്ട് തുടങ്ങുമ്പോള്‍ ചിത്രീകരിക്കുന്ന ദിവസം സ്‌ക്രിപ്ട് അറിയുന്നതല്ലാതെ അദ്ദേഹം കഥ അറിഞ്ഞിരുന്നില്ല.”

Comments are closed.