അത്താഴപട്ടിണിക്കാരനാണ് പക്ഷെ ആ മനസ് !! ഒന്നും പറയാനില്ല നൗഷാദിക്കാ

0
21

ചില മനുഷ്യരുണ്ട്, നമ്മളെ വിസ്മയിപ്പിക്കുന്നവർ, അവർ ഉണ്ടില്ലെങ്കിലും മറ്റുള്ളവരെ ഊട്ടുന്നവർ, അവർ കരയുകയാണെങ്കിലും മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഏതറ്റം വരെയും പോകുന്നവർ. അത്തരത്തിൽ ഒരാളെയാണ് നമ്മുക്ക് നടൻ രാജേഷ് ശർമ്മ നമുക്ക് പരിചയപ്പെടുത്തി തന്നത്. നൗഷാദ്.. എറണാകുളം ബ്രോഡ് വേക്ക് അടുത്ത് കച്ചവടം ചെയ്യുന്ന നൗഷാദ്.. കച്ചവടം എന്നാൽ അതിനു അത്രക്ക് മാറ്റൊന്നുമില്ല. ഫുട്പാത്തിൽ തുണിയും മറ്റും വിൽക്കുന്നതാണ് നൗഷാദിന്റെ തൊഴിൽ. നമുക്ക് അയാളെ നൗഷാദിക്ക എന്ന് വിളിക്കാം, കാരണം ആ ബഹുമാനം അയാൾ അർഹിക്കുന്നുണ്ട്

പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈമാറാൻ വേണ്ടി എറണാകുളം ബ്രോഡ് വേയിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുകയായിരുന്നു രാജേഷ് ശർമ്മയും സംഘവും. അപ്പോഴാണ് നൗഷാദ് എന്റെ കൈയിൽ ആവശ്യത്തിന് തുണികൾ ഉണ്ടെന്നു പറഞ്ഞു രാജേഷ് ശർമയേയും കൂടെയുള്ളവരെയും കൂട്ടി പൂട്ടി കിടന്ന തന്റെ കട തുറന്നു കെട്ടു കണക്കിന് ഡ്രസ്സ്‌ അവർക്കായി ചാക്കിൽ നിറച്ചു നൽകിയത്. കൊടുത്തിട്ടും കൊടുത്തിട്ടും മനസ് നിറയാതെ നൗഷാദ് ചാക്കുകളിൽ തുണികൾ വാരി നിറച്ചു

ആ പാവപെട്ട മനുഷ്യന് നഷ്ടം വരുമെന്ന് വിചാരിച്ചു മതിയെന്ന് രാജേഷും കൂട്ടരും പറഞ്ഞെങ്കിലും നൗഷാദിക്ക നിർത്തിയില്ല. വീണ്ടും വീണ്ടും തുണികൾ ആവേശത്തോടെ ചാക്കുകളിൽ നിറച്ചു. ” ഇതൊന്നും നഷ്ടമല്ല, നമ്മൾ ഇവിടുന്നു പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ല ” എന്നും പറഞ്ഞു അന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്ന ആ മനുഷ്യൻ അയാളുടെ സഹോദരങ്ങൾക്ക് വേണ്ടി തന്റെ സമ്പാദ്യത്തിന്റെ ഒരു ഭാഗം പകുത്തു നൽകി. ഇങ്ങനെയും മനുഷ്യരുണ്ട്, ഒന്നും ആഗ്രഹിക്കാത്തവർ, മറ്റുള്ളവരുടെ ചിരി മാത്രം കൊതിക്കുന്നവർ