വിചാരിച്ചത്ര മോശമായില്ല, ആ പഴയ ഓർമ പങ്കു വച്ചു വിദ്യ ബാലൻബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് വിദ്യ ബാലൻ. ബോളിവുഡിലെ ഗ്ലാമറിന്റെ ലോകത്തു ഏറെ വ്യത്യസ്തയാണ് താരം. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലാണ് വിദ്യ ബാലൻ ബോളിവുഡിൽ അഭിനയിക്കുന്നത്. വെറും മേനി പ്രദർശനം അല്ലാതെ അഭിനയ പ്രതിഭയുടെ മികവിലാണ് വിദ്യ ബാലൻ തിളങ്ങി നില്കുന്നത്. വിദ്യയുടെ പ്രകടനങ്ങൾക്ക് നിരവധി പുരസ്‌കാരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. രാജ്യം പദ്മശ്രീ അവാർഡ് സമ്മാനിച്ചു വിദ്യയെ 2014 ൽ ബഹുമാനിച്ചിരുന്നു.

2003 ൽ ബലോ തെക്കോ എന്ന ബംഗാളി സിനിമയിലൂടെ ആണ് വിദ്യ അഭിനയ രംഗത്ത് എത്തിയത്. 2005 ൽ പരിണീത എന്ന ചിത്രത്തിലൂടെ വിദ്യ ബാലൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതിനു ശേഷം താരത്തിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ശകുന്തള ദേവി എന്ന സിനിമയിലാണ് വിദ്യ അവസാനമായി അഭിനയിച്ചത്. അഭിനയ രംഗത്ത് എത്തും മുൻപ് വിദ്യ ബാലൻ ദീർഘകാലം മോഡലിംഗ് രംഗത്ത് പ്രവർത്തിച്ചിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യ ആദ്യമായി അരങ്ങേറ്റം കുറിക്കാനിരുന്നത് ഒരു മലയാളം ചിത്രത്തിലൂടെ ആയിരുന്നു. മോഹൻലാൽ നായകനായ ചക്രം എന്ന സിനിമ ആയിരുന്നു അത്. പിന്നീട് ചിത്രം പല കാരണങ്ങൾ കൊണ്ട് മുടങ്ങിപോയി.

ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ മോഹൻലാലിനൊപ്പം എടുത്ത ഒരു ഫോട്ടോ ഇപ്പോൾ വിദ്യ ബാലൻ ഇൻസ്റ്റാഗ്രാം സ്റ്റോറി ആയി പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. ഒപ്പം വിദ്യ കുറിച്ചത് ഇങ്ങനെ. “എന്റെ ആദ്യ മലയാളം ചിത്രം ചക്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ചിത്രം. ഈ ചിത്രം മുടങ്ങിപോയിരുന്നു. ഞാൻ വിചാരിച്ചത്ര മോശമായെന്നു തോന്നുന്നില്ല”. ആദ്യ ചിത്രം തന്നെ മുടങ്ങിപോയത് കൊണ്ട് തന്നെ രാശിയില്ലാത്തവളായി പലരും മുദ്ര കുത്തി എന്നും സിനിമകളിൽ നിന്നു മാറ്റി നിർത്തിയിരുന്നു എന്നും വിദ്യ ബാലൻ ഒരിക്കൽ പറഞ്ഞിരുന്നു.

Comments are closed.