റോൾ ഇല്ലെന്നു അറിഞ്ഞു അരിസ്റ്റോ ജങ്ഷനിൽ നിന്ന് കരഞ്ഞ ആ മനുഷ്യനിൽ നിന്നും ഇന്നത്തെ സുരാജിലേക്ക്

0
853

വർഷങ്ങൾക്ക് മുൻപാണ്, ഇവിടെ ഇപ്പോഴുള്ള പല സൂപ്പർസ്റ്റാറുകളുടെയും അരങ്ങേറ്റത്തിന് മുൻപ്. ഇന്നത്തെ പല മുൻനിര സംവിധായകരും സിനിമയിൽ എത്തുന്നതിനു മുൻപ്. വെഞ്ഞാറമൂട് നിന്നൊരു മിമിക്രി താരം, കഷ്ടിച്ച് കുറച്ചു പരമ്പരകളിലും ഒന്നോ രണ്ടോ സിനിമകളിലും മാത്രം വേഷമിട്ട ഒരുവൻ തനിക്ക് പുതുതായി ഒരു റോൾ വാഗ്ദാനം വാഗ്ദാനം ചെയ്ത സിനിമയുടെ ലൊക്കേഷനിലേക്ക് പോകാൻ തിരുവനന്തപുരത്തു നിന്നും ബസ് കയറുകയാണ്. പതിനഞ്ചു ദിവസത്തെ ഷൂട്ട് ഉണ്ടെന്നാണ് അറിവ് അതുകൊണ്ട് ഉണ്ടായിരുന്ന മിമിക്രി പ്രോഗ്രാമുകൾ ഒക്കെ ക്യാൻസൽ ചെയ്തു ആണ് പോക്ക്.

പക്ഷെ പെട്ടന്ന് ആണ് ഫോണിലേക്ക് പ്രൊഡക്ഷൻ കൺട്രോളറുടെ കോൾ. ആ വേഷം പോയി, മറ്റൊരാളാണ് ആ വേഷം ചെയുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ ആ ബസിൽ നിന്നും സുരാജ് വെഞ്ഞാറമൂട് എന്ന മനുഷ്യൻ പുറത്തിറങ്ങി. തിരുവനന്തപുരത്തെ അരിസ്റ്റോ ജംഗ്ഷന് മുന്നിൽ നിന്നും അയാൾ വിതുമ്പി. തിരക്കേറിയ അരിസ്റ്റോ ജംഗ്ഷനിൽ അയാൾക്ക് അരികിലായി കൈരളി ശ്രീ തീയേറ്ററുകളിൽ സിനിമ പ്രദർശനം നടക്കുന്നുണ്ടായിരുന്നു. അതുപോലൊരു തിയേറ്ററിൽ തന്നെ സ്‌ക്രീനിൽ കാണണം എന്ന ആഗ്രഹം പൊലിഞ്ഞു പോകുകയാണെന്ന് അയാൾക്ക് തോന്നി. അയാളുടെ കരച്ചിൽ വണ്ടിയുടെ ബഹളങ്ങൾക്കിടെ അലിഞ്ഞു പോയി. ഒടുവിൽ ആരെയൊക്കെയോ അയാൾ വിളിച്ചു. എങ്ങനെനയൊക്കെയോ അയാൾക്കൊരു റോൾ കിട്ടി. മായാവി എന്ന സിനിമയിലെ വേഷമായിരുന്നു അത്. ആയിരത്തിലൊരുവൻ ആണെങ്കിലും അയാളെ നോക്കി നഗരഹൃദയം ചിരിക്കുന്നുണ്ടായിരുന്നു അപ്പോഴും.

മായാവി ക്ലിക്ക് ആയി സുരാജും. സുരാജിന്റെ ആദ്യത്തെ മുഴുനീള വേഷം. ഇന്ന് അയാൾ മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. ഓരോ സിനിമയിലും അയാൾ പ്രേക്ഷകനെ, അവന്റെ മുൻവിധിയെ തകർത്തു എറിയുകയാണ്. ഒരു മിമിക്രി താരം എന്ന് തന്നെ വിലയിരുത്തിവരിൽ നിന്നും ലോകോത്തര നടൻ എന്ന പുകഴ്ത്തലുകൾ കേട്ടു സുഖിക്കുന്നതിലും വലിയ ഹീറോയിസം ഒന്നും ഒരു സിനിമയിലും ഉണ്ടാകില്ലലോ. കഴിഞ്ഞ വർഷം നടനെന്ന രീതിയിൽ സുരാജ് നേടിയെടുത്തത് ഒരു തുടക്കം മാത്രമാണെന്ന് ഉറപ്പിച്ചു പറയേണ്ടി വരും. ദേശിയ സംസ്ഥാന പുരസ്‌കാരങ്ങൾ കൊണ്ട് അളന്നെടുക്കന്നത് മാത്രമല്ല ഒരു നടന്റെ വലിപ്പം എങ്കിൽ പോലും അവ അവന്റെ അഭിനയിക്കാനുള്ള ത്വരയുടെ ഊർജമായി മാറും. അഭിനന്ദനങ്ങൾ സുരാജ്, സിനിമ നിങ്ങളെ കണ്ടെത്തുകയായിരുന്നില്ല. മറിച്ചു നിങ്ങൾ നിങ്ങളെ സിനിമാലോകത്തിനു കാണിച്ചു കൊടുക്കുകയായിരുന്നു. സുരാജ് ചിരിക്കുന്നുണ്ടാകും, മനസ് നിറഞ്ഞു ചിരിക്കാൻ മനസ് നീറി കരഞ്ഞവർക്കും പറ്റും. ആ അരിസ്റ്റോ ജംഗ്ഷൻ ചരിത്രത്തിന്റെ ഭാഗമാണ്, ഈ സുരാജ് വെഞ്ഞാറമൂടും…
ജിനു അനിൽകുമാർ