അവരുണ്ടാക്കിയ പരസ്യചിത്രങ്ങൾ കണ്ടു അത്ഭുതപെട്ടിട്ടുണ്ട്!!സത്യൻ അന്തിക്കാട്

0
466

ലക്കി സ്റ്റാർ എന്ന സിനിമക്ക് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ നാലാംമുറ’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്ത് വന്നിരുന്നു. ഗുരു സോമസുന്ദരവും ബിജു മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള , ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പരസ്യ ചിത്ര രംഗത്തെ മുൻനിര സംവിധായകരിൽ ഒരാളാണ് ദീപു അന്തിക്കാട്. അദ്ദേഹവും സഹോദരന്മാരായ ഷാബുവും ഷിബുവും ചേർന്നൊരുക്കിയ പല പരസ്യ ചിത്രങ്ങളും ശ്രദ്ധേയമായവയാണ്. സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സഹോദരന്റെ മക്കളാണ് ഇവർ. ‘ നാലാംമുറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ കുറിച്ചു സത്യൻ അന്തിക്കാട് സാമൂഹിക മാധ്യമമായ ഫെയിസ്‌ബുക്കിൽ എഴുതിയ വാക്കുകൾ ഇപ്പോൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“പണ്ട് മദ്രാസിൽ നിന്ന് നാട്ടിലെത്തുമ്പോൾ ചേട്ടന്റെ മൂന്നു മക്കളും എന്റെ ചുറ്റും കൂടും. ഷാബു, ദീപു, ഷിബു. മൂന്നുപേരുടെയും മനസ്സു നിറയെ സിനിമയാണ്. എങ്ങനെയാണ് കഥകൾ കണ്ടെത്തുന്നത്, ലൊക്കേഷൻ കണ്ടെത്തുന്നത്, നടീനടന്മാരെ തിരുമാനിക്കുന്നതൊക്കെ ആരാണ് – നൂറു നൂറു സംശയങ്ങളുണ്ടാകും അവർക്ക് ചോദിക്കാൻ. പഠിപ്പു കഴിഞ്ഞ് മൂന്നു പേരുമെത്തിയത് പരസ്യചിത്രങ്ങളുടെ മേഖലയിലേക്കാണ്. അവരുണ്ടാക്കിയ മനോഹരമായ പരസ്യങ്ങൾ കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു.

ദീപു തന്റെ രണ്ടാമത്തെ സിനിമ പൂർത്തിയാക്കിയിരിക്കുകയാണ്.
‘നാലാം മുറ’. ബിജു മേനോനും ഗുരു സോമസുന്ദരവുമാണ് പ്രധാന വേഷങ്ങളിൽ. നല്ല സിനിമകൾ തിയറ്ററിൽ തന്നെ പോയി കാണുന്ന ശീലത്തിലേക്ക് പ്രേക്ഷകർ തിരിച്ചെത്തിയ കാലമാണിത്. ഈയിടെയിറങ്ങിയ ചില ചിത്രങ്ങളുടെ വലിയ വിജയം അതിന്റെ തെളിവാണ്. ‘നാലാം മുറയും’ തിയറ്ററുകളിൽ ആഘോഷമായി മാറട്ടെ എന്ന് ആശംസിക്കുന്നു.
അതിനായി കാത്തിരിക്കുന്നു. “

ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് കൈലാസ് മേനോനാണ്. ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഒക്ടോബർ 21 നു ചിത്രം തീയേറ്ററുകളിലെത്തും