സന്തോഷിന്റെ മരണ ശേഷം വീട് ജപ്തി ചെയുന്ന അവസ്ഥയിൽ ആയിരുന്നു, ഇപ്പോൾ തിരിച്ചുവരവിന്റെ കഥ പറഞ്ഞു ജിജി

0
54

ചെറുതെങ്കിലും ഒരുപിടി നല്ല പ്രകടനങ്ങൾ മലയാള സിനിമക്ക് നൽകിയ നടനാണ് സന്തോഷ്‌ ജോഗി. എന്നാൽ എവിടയോ പറ്റിപ്പോയ തോൽവികളിൽ മനം നൊന്തു സന്തോഷ്‌ ജോഗി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മക്കളെയും തന്നെയും ഒറ്റക്കാക്കി സന്തോഷ്‌ പോകുമ്പോൾ ഭാര്യ ജിജിക്ക് 25 വയസു മാത്രമായിരുന്നു പ്രായം. എന്ത് ചെയ്യണമെന്ന് അറിയാതെ കുഴങ്ങി നിന്ന ജിജിയെ കാത്തു നിന്നത് കടങ്ങളുടെ ഒരു കൂമ്പാരമായിരുന്നു. എന്തെന്നും ഏതെന്നും അറിയാതെ കുഴങ്ങി നിന്ന ആ സമയത്തു നിന്നു ദൃഡ നിശ്ചയത്തോടെ ജിജി നടന്നു തുടങ്ങി. ഇരുളിൽ നിന്നു വെളിച്ചത്തിലേക്ക്.

ജോഗി മരിക്കുന്ന സമയത്തു വീടിനു മുന്നിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു തെരുവിലേക്ക് ഇറങ്ങേണ്ടി വരുന്ന അവസ്ഥയിൽ നിന്നു ഇന്ന് ജിജി , സാപ്പിയൻ ലിറ്ററേച്ചർ എന്ന പുസ്തക പ്രസാധന സംരംഭത്തിന്റെയും സ്വാസ്ഥ്യ എന്ന കൗൺസിലിങ് ആൻഡ് സൈക്കോ തെറാപ്പി സെന്ററിന്റെയും അമരക്കാരിയാണ് ജിജി. മക്കളെയും അച്ഛനമ്മമാരെയും കൂടെ ചേർത്തു പിടിച്ചു നടത്തിയ പോരാട്ടത്തിന്റെ കഥ ജിജി വനിതയോട് പറഞ്ഞതിങ്ങനെ.

ജോഗി മരിക്കുമ്പോൾ വീടിനു മുമ്പിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ വേറെയും. എനിക്കു ജോലിയുണ്ടെങ്കിലും ശമ്പളം കുറവായിരുന്നു. ജോഗിയുടെ മരണ ശേഷം ബാങ്ക് ഉദ്യേഗസ്ഥരും പണം കൊടുക്കാമുള്ളവരും എല്ലാ ദിവസവും വീടിനു മുന്നിൽ വരാൻ തുടങ്ങി. ഒടുവിൽ എങ്ങനെയെങ്കിലും വീട് വിറ്റ് കടങ്ങൾ തീർത്ത് എങ്ങോട്ടെങ്കിലും പോയാൽ മതി എന്ന ചിന്തയായി.എന്റെ വീടായിരുന്നു അത്. ഷോർട് ഫിലിമിനു വേണ്ടിയാണ് ജോഗി അതിന്റെ പ്രമാണം പണയം വച്ച് ലോൺ എടുത്തത്. ഒടുവിൽ ചെറിയ വിലയ്ക്ക് വീട് വിറ്റ് ബാങ്കിലെ കടം വീട്ടി. ജോഗി മരിച്ച് ഒരു കൊല്ലത്തിനുള്ളില്‍ നാലും രണ്ടും വയസ്സുള്ള മക്കളെയും എന്റെ അച്ഛനമ്മമാരെയും കൊണ്ടു തെരുവിലേക്കെന്ന പോലെ ഇറങ്ങുകയായിരുന്നു. ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. ഞങ്ങളും ഒരു വാടക വീട്ടിലേക്കു മാറി.

പൂജ്യത്തിൽ നിന്നു ജീവിതം തിരികെ പിടിക്കാൻ ശ്രമിക്കുകയായിരുന്നു അതിനു ശേഷം ഞാൻ. സീതാറാം ആയുർവേദ ഫാർമസിയില്‍ ചെറിയ ജോലിയുണ്ടായിരുന്നെങ്കിലും ആ വരുമാനം കൊണ്ടു ചെലവ് നടക്കുമായിരുന്നില്ല. രണ്ടു ചെറിയ കുട്ടികള്‍, അമ്മ നിത്യരോഗി, കടങ്ങള്‍… അങ്ങനെയാണ് ജോലി കഴിഞ്ഞുള്ള സമയം ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങിയത്. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. ഒപ്പം ഓൺലൈനിൽ ചെറിയ ചെറിയ ജോലികളും ചെയ്തു. അങ്ങനെ പതിയെപ്പതിയ ജീവിതത്തിലേക്കു തിരികെ കയറുകയായിരുന്നു. കടങ്ങൾ വീട്ടിത്തുടങ്ങി, കുറച്ചു സ്ഥലം വാങ്ങി, വീടു പണി തുടങ്ങി… തിരിഞ്ഞു നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുന്നു