മോഹൻലാൽ ഒളിച്ചോടുകയാണ്, സംഘടനാപരമായ കാര്യങ്ങൾ ഒന്നും അറിയില്ല, ഷമ്മി തിലകൻഒരു ചാനൽ പ്രോഗ്രാമിനിടെ അടുത്തിടെ അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞ വാക്കുകൾ വിവാദം സൃഷ്ടിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയെ കുറിച്ചു ഇടവേള ബാബു പറഞ്ഞ വാക്കുകളെ ചൊല്ലിയാണ് വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടത്. നടി പാർവതി തിരുവോത് അടക്കമുള്ളവർ ഇടവേള ബാബുവിന് എതിരെ പരസ്യ പ്രതികരണവുമായി രംഗത്തു വന്നിരുന്നു. ഇടവേള ബാബുവിന്റെ വാക്കുകളിൽ പ്രതിഷേധിച്ചു പാർവതി അമ്മയിലെ അംഗത്വം രാജി വയ്ക്കുകയും ചെയ്തിരുന്നു.

തന്റെ അച്ഛൻ തിലകനോട് അമ്മ സംഘടന കാണിച്ച കാര്യങ്ങളെ കുറിച്ചുള്ള ഇടവേള ബാബുവിന്റെ വിശദീകരണത്തിനു എതിരെ ഷമ്മി തിലകനും രംഗത്തെത്തിയിരുന്നു. അസംബന്ധമാണ് ഇടവേള ബാബു പറയുന്നതെന്നാണ് ഷമ്മി തിലകൻ പറഞ്ഞത്. തിലകൻ സംഘടനയിലേക്ക് തിരികെ കയറേണ്ട എന്ന് എതിര് പറഞ്ഞ ആളാണ് ഇടവേള ബാബു എന്നും ഷമ്മി തിലകൻ ആരോപിച്ചു. ഇപ്പോൾ മോഹൻലാലിനെ വിമർശിച്ചും ഷമ്മി തിലകൻ രംഗത്തെത്തിയിട്ടുണ്ട്. സഘടനയുടെ തലപ്പത്തു ഉണ്ടെങ്കിലും സംഘടനയുടെ നിയമാവലിയെ പറ്റി മോഹൻലാലിന് ഒന്നും അറിയില്ലെന്നാണ് ഷമ്മി പറയുന്നത്. ദി ക്യൂവിനു നൽകിയ അഭിമുഖത്തിൽ ഷമ്മി പറയുന്നതിങ്ങനെ.

മോഹന്‍ലാല്‍ നിശ്ശബ്ദനായിരിക്കുന്നത് വിഷമമുണ്ടാക്കുന്നതാണ്. വിഡ്ഢിത്തം പറയുന്നവരെ സ്ഥാനങ്ങളില്‍ വെച്ചുകൊണ്ടിരിക്കുകയാണ്. 2018 ല്‍ ക്രൗണ്‍ പ്ലാസയിലെ അമ്മ മീറ്റിങ്ങിലേക്ക് എന്നെ മോഹന്‍ലാല്‍ നേരിട്ട് വിളിക്കുകയായിരുന്നു. സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല, നിങ്ങളൊക്കെ നോക്കി കാര്യങ്ങള്‍ പറഞ്ഞുതന്നാല്‍ ഞാന്‍ അതുപോലെ ചെയ്യാം എന്നാണ് അദ്ദേഹം ആ യോഗത്തില്‍ പറഞ്ഞത്. അത് ശരിയായിരിക്കണം. അദ്ദേഹത്തിന് ഇപ്പോഴും ഇതേക്കുറിച്ചൊന്നും അറിയില്ലെന്നാണ് തോന്നുന്നത്. കുറഞ്ഞത് സംഘടനയുടെ നിയമാവലിയെക്കുറിച്ചെങ്കിലും ധാരണ ഉണ്ടായിരിക്കേണ്ടതാണ്. ലിംഗസമത്വത്തെക്കുറിച്ചൊന്നും അദ്ദേഹത്തിനൊരു ബോധവുമില്ലെന്ന അവസ്ഥയാണ്. പ്രശ്‌നങ്ങളില്‍ നിന്ന് അദ്ദേഹം ഒളിച്ചോടുകയാണ്. സമൂഹത്തെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ടോ അതോ മറുപടി ഇല്ലാത്തതുകൊണ്ടാണോയെന്നന്നൊന്നും മനസ്സിലാകുന്നില്ല. നമുക്ക് പറയാനല്ലേ പറ്റൂ. അദ്ദേഹത്തിനല്ലേ അതെല്ലാം തോന്നേണ്ടത്. അല്ലെങ്കില്‍ ഇത്തരമൊരു സ്ഥാനത്ത് അദ്ദേഹം ഇരിക്കരുതായിരുന്നു.

Comments are closed.