മാമാങ്കത്തിനെ വടക്കൻ വീരഗാഥയുമായി താരതമ്യപ്പെടുത്തരുത് !! എം എ നിഷാദ്

0
143

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വമ്പൻ റീലീസുകളിൽ ഒന്നായി ആണ് മാമാങ്കം തീയേറ്ററുകളിൽ എത്തിയത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറാണ്. 16, 17 നൂറ്റാണ്ടുകളിൽ നിളാ നദിയുടെ തീരങ്ങളിൽ നടത്തി വന്നിരുന്ന മാമാങ്ക മഹോത്സവത്തിന്റെ പുനരാഖ്യാനമാണ് ചിത്രം. മമ്മൂട്ടി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം യുവതാരം ഉണ്ണി മുകുന്ദനും നവാഗതൻ അച്യുതും ശ്രദ്ധേയമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യുന്നു. 45 രാജ്യങ്ങളിലായി രണ്ടായിരത്തിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയത്.

മികച്ച പ്രതികരണങ്ങൾ ലഭിക്കുന്ന ചിത്രം തിയേറ്റർ സ്റ്റാറ്റസിലും ഗംഭീര പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ചിത്രത്തിനെ പ്രശംസിച്ചു സംവിധായകൻ എം എ നിഷാദ് എഴുതിയ കുറിപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എം ടി – ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത് എന്ന് നിഷാദ് പറയുന്നു. നിഷാദിന്റെ വാക്കുകൾ ഇങ്ങനെ.

മാമാങ്കം…. മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ സിനിമകളിലൊന്ന്… തീര്‍ച്ചയായും,ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് വേണു കുന്നപ്പളളിക്ക് അഭിമാനിക്കാം. അദ്ദേഹത്തിന് തന്നെയാണ് അഭിനന്ദനങ്ങള്‍ നല്‍കേണ്ടത്. ഒരുപാട് വൈതരണികള്‍ തരണം ചെയ്ത് ഈ സിനിമ പ്രദര്‍ശനത്തിനെത്തിച്ചതിന്. മമ്മൂട്ടി എന്ന നടന്റെ ഗാംഭീര്യം നിറഞ്ഞ ശബ്ദവും, ആകാര ഭംഗിയും വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട് ഈ ചിത്രത്തില്‍. ഉണ്ണിമുകുന്ദന്‍ ഈ അടുത്ത കാലത്ത് ചെയ്ത ഇരുത്തം വന്ന വേഷം. അച്ഛുതന്‍ എന്ന കൊച്ച് മിടുക്കനാണ് എടുത്ത് പറയേണ്ട താരം. ചെറുതെങ്കിലും സുരേഷ് കൃഷ്ണയും, മണിക്കുട്ടനും, അവരവരുടെ ഭാഗം നന്നാക്കി. നായികയേക്കാളും മികച്ച് നിന്നത് ഇനിയയാണ്. അനു സിത്താരയും മോശമാക്കിയില്ല.

മനോജ് പിളളയുടെ ക്യാമറക്ക് ഫുള്‍ മാര്‍ക്ക്. എം ജയചന്ദ്രന്റെ പാട്ടുകള്‍ പതിവ് പോലെ നന്നായി. കൂറ്റന്‍ സെറ്റുകളും,സംഘട്ടന രംഗങ്ങളും, പടത്തിന്റെ മാറ്റ് കൂട്ടി. എം ടി – ഹരിഹരന്‍ ടീമിന്റെ ഒരു വടക്കന്‍ വീരഗാഥയുമായിട്ട് ഈ ചിത്രത്തെ താരതമ്യം ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് അവിവേകമാണ് താനും. ഈ ചിത്രം കണ്ട് കൊണ്ടിരുന്നപ്പോള്‍, ഞാന്‍ വളരെ ചെറുപ്പത്തില്‍ കണ്ട പ്രേം നസീര്‍ അഭിനയിച്ച മാമാങ്കം എന്ന സിനിമ ഓര്‍മ്മ വന്നു. ആ സിനിമ കണ്ടപ്പോഴാണ് മാമാങ്കം എന്താണെന്ന് മനസ്സിലാക്കിയത്. അവിടെ നിന്ന് എത്രയോ ദൂരം നമ്മുടെ സിനിമ വളര്‍ന്നിരിക്കുന്നു സാങ്കേതികമായി മറ്റ് ഭാഷാ ചിത്രങ്ങളോട് മത്സരിക്കാന്‍ നമ്മള്‍ ശക്തരായിരിക്കുന്നു. ഒരിക്കല്‍ കൂടി കാവ്യാ ഫിലിംസിനും നിര്‍മ്മാതാവ് വേണുവിനും അഭിനന്ദനങ്ങള്‍. ഈ മാമാങ്ക ദിനത്തില്‍ പ്രേം നസീറിനെ വല്ലാതെ മിസ്സ് ചെയ്യുന്നു. പഴയ മാമാങ്കത്തിലെ പാട്ടും.