മാമാങ്കത്തിന് ആശംസകൾ നേർന്നു മോഹൻലാൽകേരളക്കരയിൽ നില നിന്നിരുന്ന മാമാങ്ക മഹോത്സവം എന്ന ചരിത്രത്തിന്റെ വെള്ളിത്തിരയിലെ പുനരാവിഷ്കാരവുമായി മമ്മൂട്ടി ചിത്രം മാമാങ്കം തീയേറ്ററുകളിൽ എത്തുമ്പോൾ പ്രേക്ഷകർ ഏറെ ആവേശത്തിലാണ്. ഡിസംബർ പന്ത്രണ്ടിന് തീയേറ്ററുകളിൽ ചിത്രം എത്തുമ്പോൾ അതിനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. എം പദ്മകുമാർ സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് കാവ്യാ ഫിലിമ്സിന്റെ ബാനറിൽ പ്രവാസി വ്യവസായി ആയ വേണു കുന്നപ്പള്ളി ആണ്. ഇന്ത്യയിലെ തന്നെ പ്രഗത്ഭരായ ടെക്നിഷ്യന്മാരാണ് ചിത്രത്തിന് പിന്നിൽ അണിനിരക്കുന്നത്. വെള്ളിത്തിരയിലാകട്ടെ പ്രധാന വേഷത്തിലെത്തുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയും.

ചിത്രത്തിന്റെ റീലിസിനെ വരവേറ്റു സൂപ്പർസ്റ്റാർ മോഹൻലാലും ഇപ്പോൾ രംഗത്തെത്തിയിട്ടുണ്ട്. മാമാങ്കം മലയാളത്തിന്റെ ഉത്സവമായി മാറട്ടെ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ ചിത്രത്തിന് ആശംസകൾ നേർന്നത്. മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെ “ലോകരാജ്യങ്ങൾ നമ്മുടെ കേരളത്തിലേക്കൊഴുകിയെത്തിയ ഒരു മാമാങ്കകാലമുണ്ടായിരുന്നു, പറഞ്ഞും പറയാതെയും നിറം മങ്ങിപ്പോയ പഴമയിലേക്ക് വെളിച്ചം വീശുന്ന ഒരു ദേശത്തിൻ്റെ വീരചരിത്രകഥകൾ വെള്ളിത്തിരയിലെത്തുകയാണ് ഡിസംബർ 12ന്.. മാമാങ്കം മലയാളത്തിൻ്റെ ഉത്സവമായിത്തീരാൻ എല്ലാവിധ ആശംസകളും നേരുന്നു..”

ഉണ്ണി മുകുന്ദൻ, അനു സിതാര, കനിഹ, സിദ്ദീഖ്, തരുൺ അറോറ, സുദേവ് നായർ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്യുതൻ, ഇനിയ, നീരജ് മാധവ്, മണികണ്ഠൻ, വത്സല മേനോൻ, കവിയൂർ പൊന്നമ്മ, മാലാ പാർവ്വതി എന്നിവരാണ് മറ്റു താരങ്ങൾ. ബോളിവുഡ് താരം പ്രാചി ടെഹ്‌ലാൻ ആണ് ചിത്രത്തിൽ നായിക വേഷത്തിൽ എത്തുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് മാമാങ്കം. ഇന്ത്യൻ സിനിമക്ക് തന്നെ മാമാങ്കം ഒരു അഭിമാനമായി മാറും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

Comments are closed.