ആദ്യമായി കണ്ടപ്പോൾ കുത്തിന് പിടിച്ച് തല്ലിയൊടിക്കുമെന്ന് ഭീഷണി!!പിന്നീട് സൗഹൃദംഇന്ന് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ അറുപതാം പിറന്നാളാണ്. മോഹൻലാലിനോട് ഉറ്റ സൗഹൃദം പുലർത്തുന്ന ഒരാളാണ് ഗായകൻ എം ജി ശ്രീകുമാർ. ഇരുവരും പഠിച്ചതും വളർന്നതും തിരുവനന്തപുരത്താണ്. മോഹൻലാലിന്റെ ഒരുപാട് സിനിമകളിൽ എം ജി ശ്രീകുമാർ പാടിയിട്ടുണ്ട്. കോളേജ് പഠന കാലം മുതൽ ഇരുവരും സുഹൃത്താക്കളാണ്. എന്നാൽ ഉറ്റ ചങ്ങാതിമാർ ആണെങ്കിലും ആദ്യം പരിചയപ്പെട്ടത് ഒരു സംഘർഷത്തിലൂടെ ആണെന്നാണ് ശ്രീകുമാർ പറയുന്നത്. ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ.

“പക്ഷേ മോഹൻലാലുമായി സൗഹൃദത്തിലാകുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. ലാൽ എംജി കോളജിലും പ്രിയൻ യൂണിവേഴ്സിറ്റി കോളജിലും ഞാൻ ആർട്സ് കോളജിലുമാണ് പഠിച്ചത്. കലാലയ ജീവിതം തുടങ്ങിയകാലത്ത് തിരുവനന്തപുരത്ത് ഒരു ഫല–പുഷ്പ പ്രദർശന മേളയുണ്ടായിരുന്നു. പ്രദർശനം മാത്രമായിരുന്നില്ല ഗാനമേളയും ഡാൻസും ഫാഷൻ ഷോയും ഒക്കെ ഉണ്ടായിരുന്നു. എല്ലാ കോളജിലെയും വിദ്യാർഥികൾ അവിടെ വരുമായിരുന്നു. അതു പക്ഷേ പ്രദർശനം കാണാൻ വേണ്ടിയൊന്നും ആയിരുന്നില‌്ല. മറ്റു കോളജിൽ നിന്നും വരുന്ന പെണ്‍കുട്ടികളെ കാണാനായിരുന്നു. ഞാനും പ്രിയനും മോഹൻലാലും ഒക്കെ ആ ഉദ്ദേശത്തിലാണ് പോയത്. പക്ഷേ ഏതെങ്കിലും പെൺകുട്ടിയോട് മറ്റു കോളജിലെ വിദ്യാർഥികൾ മോശമായി പെരുമാറുകയോ കമന്റടിക്കുകയോ ചെയ്താൽ ആ കോളജിലെ ആൺകുട്ടികൾ പ്രശ്നമുണ്ടാക്കും.

മേള നടക്കുന്നതിനിടയിൽ എംജി കോളജിലെ ഒരു പെൺകുട്ടിയെ ഞങ്ങളുടെ കോളജിൽ നിന്നും വന്ന ഏതോ പയ്യൻ കമന്റടിച്ചു. ഇതു ചോദിക്കാൻ വരുന്നത് മോഹൻലാൽ ആണ്. അന്ന് എംജി കോളജിന്റെ ക്യാപ്റ്റൻ മോഹൻലാൽ ആയിരുന്നു. അദ്ദേഹം അവിടുത്തെ വലിയ ഗുസ്തിക്കാരനും ആയിരുന്നു. കമന്റടിച്ച കാര്യം ചോദിക്കാൻ വന്നപ്പോൾ കണ്ടത് എന്നെയാണ് ഞാനാണ് അത് ചെയ്തതെന്നു തെറ്റിദ്ധരിച്ച് ലാൽ വന്ന് ദേഷ്യത്തോടെ എന്റെ ഷർട്ടിൽ കയറി പിടിച്ചിട്ട് പറഞ്ഞു‘ നീ ആർട്സ് കോളജിലെ വലിയ പാട്ടുകാരനൊക്കെ ആയിരിക്കും. പക്ഷേ എന്റെ കോളജിലെ പെൺപിള്ളേരെ കമന്റടിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്താൽ നിന്നെ ഞാൻ ഏഴായിട്ട് ഒടിക്കും. ഇനിയും ഇവിടെ കിടന്ന് കറങ്ങിയാൽ പറഞ്ഞതു പോലെ ചെയ്യും’. അന്ന് ഞാൻ വളരെ മെലി‍ഞ്ഞിട്ടായിരുന്നു. മോഹൻലാൽ ഗുസ്തിക്കാരനല്ലേ പറഞ്ഞതു പോലെ ചെയ്താൽ ഞാൻ ഒടിഞ്ഞു പോകുമെന്ന് എനിക്കുറപ്പായിരുന്നു. ലാലിന്റെ അന്നത്തെ വാക്കു കേട്ടപ്പേൾ ഞങ്ങൾ എല്ലാവരും ചേർന്ന് അവിടെ നിന്നും തിരിച്ചു പോന്നു. ഞാൻ പാവമാണെന്നും കമന്റടിച്ചത് മറ്റാരോ ആണെന്നും പ്രിയൻ അന്ന് ലാലിനോടു പറഞ്ഞു.”

Comments are closed.