മാമാങ്കത്തിലെ നായകൻ ഞാനല്ല!! മമ്മൂട്ടി പറയുന്നു

0
16

വമ്പൻ റീലിസിനു തയാറെടുക്കുകയാണ് മാമാങ്കം എന്ന ചിത്രം. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ റീലീസുകളിൽ ഒന്നായി മാമാങ്കം എത്തുമ്പോൾ നാടെങ്ങുമുള്ള പ്രേക്ഷകർ ആഹ്ലാദത്തിലാണ്. ഡിസംബർ പന്ത്രണ്ടിന് ചിത്രം തീയേറ്ററുകളിൽ എത്തും. ഒരു വലിയ താര നിര ഒന്നിക്കുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അണിയറ പ്രവർത്തകരാൽ സമ്പന്നമാണ്. പതിനാറാം നൂറ്റാണ്ടിൽ ഭാരത പുഴയുടെ തീരത്ത് നടന്നിരുന്ന മാമാങ്ക മഹോത്സവത്തിന്റെ പുനരാവിഷ്കരണമാണ് ചിത്രം. മറന്നു പോയ ചരിത്രത്തിന്റെ ഒരേട് നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ പ്രതീക്ഷകളേറെയാണ്.

മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, പ്രാചി ടെഹ്‌ളാൻ, കനിഹ, അനു സിതാര, സുദേവ് നായർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിൽ മാസ്റ്റർ അച്യുത് എന്ന പതിനൊന്നു വയസുള്ള പ്രതിഭയും വേഷമിടുന്നു. മാസ്റ്റർ അച്യുത് അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ എന്ന് മമ്മൂട്ടി പറയുന്നു. ചിത്രത്തിന്റെ ഒരു പ്രൊമോഷണൽ പ്രോഗ്രാമിലാണ് മമ്മൂക്ക ഇങ്ങനെ പറഞ്ഞത്. “ഞാനല്ല മാമാങ്കത്തിലെ നായകൻ. അത് അച്യുതൻ എന്ന ഒരു ചെറിയ കുട്ടിയാണ്. അവനിലൂടെ ആണ് കഥ മുന്നേറുന്നത്. അവൻ അവതരിപ്പിക്കുന്ന ചന്തുണ്ണി എന്ന കഥാപാത്രത്തിന്റെ സഹതാരങ്ങളായി ആണ് ഞാനും ഉണ്ണി മുകുന്ദനും ഒക്കെ അഭിനയിക്കുന്നത്..

പതിനൊന്നു വയസ് മാത്രമുള്ള ഒരാളാണ് അവൻ. ഒരത്ഭുത കുട്ടിയാണ്. അവന്റെ കഥാപാത്രത്തിന് വേണ്ടിയാണ് ഈ കഥ. ഒരിക്കലും ജയിക്കാൻ സാധ്യത ഇല്ലാത്ത യുദ്ധത്തിന് ഇറങ്ങുന്ന ഒരു കൂട്ടം ധീര യോദ്ധാക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഒരു ചതിയുടെ കഥയാണ്. സ്വന്തം ബന്ധു ജനങ്ങളുടെ ജീവന് വില പറഞ്ഞവരോട് പ്രതികാരം ചെയ്യാനെത്തുന്ന ധീര യോദ്ധാക്കളുടെ കഥ.”