ഇരുളത്തും വെളിച്ചത്തും സ്ത്രീകളെ വേട്ടയാടുന്നവർക്കെതിരെ ‘L2R’ എന്ന ഓർമപ്പെടുത്തൽകഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്ത L2R എന്ന ഷോർട്ട് ഫിലിം മികച്ച പ്രേക്ഷക പിന്തുണ നേടുന്നു.സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വലിയ കുറ്റമായി നിലനിന്നിട്ടും , അതിന് വലിയ ശിക്ഷകൾ നമ്മുടെ നിയമവ്യവസ്ഥയിൽ ഉണ്ടായിട്ടും അതിനൊന്നും ഒരു വിലയും നൽകാതെ നൂറു കണക്കിന് അതിക്രമങ്ങൾ നമ്മുടെ സമൂഹത്തിൽ ദിനംപ്രതി നടക്കുന്നുണ്ട്. ഈ ഒരു സാമൂഹിക വ്യവസ്ഥയെ വളരെ വ്യക്തമായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഷോർട്ട്ഫിലിമാണ് L2R .അജു വർഗീസ് ആണ് ഓൺലൈനിൽ റിലീസ് ചെയ്തത്.

കിരൺസ് പ്രൊഡക്ഷൻറെ ബാനറിൽ ഗോപുകിരൺ സദാശിവനും, ആഷിൻ കിരണുമാണ് ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നതു. L2R സംവിധാനം ചെയ്തത് ഓർക്കുട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമ സംവിധാനം ചെയ്ത മനോജ് – വിനോദ് മാർ ചേർന്നാണ് . ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരു വേഷം ചെയ്തിരിക്കുന്നതും നർത്തകനും , കിരൺസ് അക്കാദമി ഓഫ് നാട്യ’യുടെ സ്ഥാപകനുമായ ഗോപുകിരൺ തന്നെയാണ്. നിലവിൽ സൂരജ് സുകുമാർ നായർ സംവിധാനം ചെയ്യുന്ന റൂട്ട്മാപ്പിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ഗോപു.

സിനിമകളിലൂടെ പരിചിത മുഖങ്ങളായ വിഷ്ണു ഗോവിന്ദും , ഗോകുലനും L2Rൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു. കരിക്ക് സീരീസുകളിലൂടെ സുപരിചിതയായ അനഘ മരിയയും L2Rലുണ്ട്. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണവും , മെൻഡോസ് ആന്റണി എഡിററിംഗും നിർവഹിച്ചിരിക്കുന്ന L2R പദ്മശ്രീ മീഡിയയാണ് പുറത്തിറക്കിയിരിക്കുന്നത്.അവസാന രംഗം വരെ പേരിലുള്ള പുതുമയും കൗതുകവും നില നിർത്താൻ L2R സംഘത്തിന് സാധിച്ചിട്ടുണ്ട്. ഗോപുകിരൺ ചെയ്ത പള്ളിയിൽ അച്ഛന്റെ കഥാപാത്രം നിലവിലെ സാമൂഹിക വ്യവസ്ഥയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കഥാപാത്രമാണ്. കഥാപാത്രത്തിലൂടെ പുറത്ത് വരുന്ന വന്യത സമൂഹത്തിൽ ഇത്തരം കഥാപാത്രങ്ങളുടെ സാന്നിധ്യം എത്രത്തോളം ഭീതിജനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത് എന്ന് നമ്മളെ ഓർമിപ്പിക്കുന്നു. തീർച്ചയായും സാമൂഹിക പ്രതിബദ്ധതയുള്ള നമ്മൾ കണ്ടിരിക്കേണ്ട ഒരു ഷോർട്ട് ഫിലിമാണ് L2R.

Comments are closed.