ബാലുവിന്‍റെ അച്ഛൻ മാധവൻ തമ്പിയിൽ നിന്നു ഡ്രൈവർ കുമാരനിലേക്ക്….തീയേറ്ററുകളിൽ മികച്ച പ്രകടനം നടത്തി, കൈയടികളോടെ മുന്നേറുകയാണ് അയ്യപ്പനും കോശിയും എന്ന ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ഏറെ മികവാർന്ന നില്കുന്നത് അതിലെ കഥാപാത്രങ്ങളാണ്, അവരെ അവതരിപ്പിച്ച താരങ്ങളാണ്. ഒരുപക്ഷെ മെയിൻ സ്ട്രീം താരങ്ങളേക്കാൽ മികച്ച പ്രകടനം തന്നെയാണ് പലരും നടത്തിയത്. നായകനും വില്ലനുമല്ലാതെ അവർക്ക് ചുറ്റുമുള്ള കഥാപാത്രങ്ങൾക്കും പ്രാധാന്യം കൊടുക്കാനും അധികമാരും ഉപയോഗിക്കാത്ത മികച്ച നടന്മാരെ ആ വേഷങ്ങളിൽ പ്രതിഷ്ഠിക്കാനും, കൈയടി വാങ്ങി കൊടുക്കാനും തക്ക വലിപ്പത്തിൽ മലയാള സിനിമ വളർന്നു കഴിഞ്ഞു.

അത്തരത്തിൽ മികച്ച പ്രകടനം നടത്തിയ ഒരാളാണ് ചിത്രത്തിലെ കുമാരേട്ടൻ എന്ന കഥാപാത്രത്തിൽ അഭിനയിച്ച കോട്ടയം രമേശ്‌. ഒരുപക്ഷെ കോട്ടയം രമേശിനെ പലരും ഇതിനു മുൻപ് കണ്ടിട്ടുണ്ടായിരിക്കും. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിൽ അദ്ദേഹം അഭിനയിച്ചു വരുകയാണ്. ഉപ്പും മുളകിൽ ബാലുവിന്റെ അച്ഛൻ ശൂലംകൂടി വീട്ടിൽ മാധവൻ തമ്പി എന്ന കഥാപാത്രത്തെ ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ക്ലീൻ ഷേവ് ചെയ്തു ഒരു വ്യത്യസ്ത ലുക്കിലാണ് അദ്ദേഹം അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. ഏറെ പ്രാധാന്യമുള്ളൊരു വേഷമാണ് അദ്ദേഹത്തിന്റേത്.

മലയാള സിനിമയിൽ ഇന്നില്ലാത്തതു മികച്ച സ്വഭാവ നടന്മാരുടെ അഭാവമാണ്. ഒരു കാലത്തു ശങ്കരാടിയും, തിലകനും, കലാശാല ബാബുവും ഒക്കെ ആടി തകർത്ത സ്വഭാവ നടന്മാരുടെ കഥാപാത്രങ്ങൾ ഇന്ന് പല സിനിമയിലും പ്രാധാന്യമില്ലാത്ത ആയി പോകുന്നത് അവരുടെയത്ര മികവുള്ള താരങ്ങളുടെ അഭാവം തന്നെയാണ്. മികവാർന്ന പ്രകടനമാണ് കോട്ടയം രമേശ്‌ കുമാരനായി കാഴ്ച വച്ചത്. ഇരുത്തം വന്ന നടൻ എന്ന് വിളിപ്പിക്കാവുന്ന പ്രകടനം, എവിടെയൊക്കെയോ തിലകൻ ചേട്ടനെയും കലാശാല ബാവുവിനെയും ഒക്കെ ഓർമിപ്പിക്കുന്ന പ്രകടനം. അയ്യപ്പനും കോശിയിലെ ഡ്രൈവർ കുമാരൻ ഒരുപാട് പ്രതീക്ഷകൾ നൽകുന്നുണ്ട്, ഒപ്പം കോട്ടയം രമേശും.

– ജിനു അനില്‍കുമാര്‍

Comments are closed.