2018 ലെ മികച്ച മലയാള സിനിമ ഗാനങ്ങള്‍!!!

0
522

2018 സിനിമകളുടെ കാര്യത്തിൽ Mediocre ആയിരുന്ന വർഷമായി അനുഭവപ്പെട്ടെങ്കിലും പാട്ടുകളുടെ കാര്യമെടുത്താൽ ആ തോന്നൽ തകിടം മറിയും. അതി ഗംഭീരമായ ഒരു പിടി ഗാനങ്ങൾ മലയാള സിനിമയിൽ 2018 ൽ പിറന്നു. അങ്ങനെ പറയുന്നതിനേക്കാൾ ഗംഭീര മ്യൂസിക് ആൽബങ്ങൾ പുറത്തിറങ്ങി എന്ന് കൂടെ പറയേണ്ടിവരും. തീവണ്ടി, പൂമരം, ഒടിയൻ, ശിക്കാരി ശംഭു, ക്വീൻ, ജോസഫ്, വരത്തൻ തുടങ്ങി നല്ല ഒരുപാട് മ്യൂസിക് ആൽബങ്ങൾ സിനിമയുടെ കാര്യത്തിൽ ഉണ്ടായിരുന്നു. 2018 ൽ എനിക്ക് ഏറെ ഹൃദ്യമായി അനുഭവപ്പെട്ട ഗാനങ്ങളുടെ ലിസ്റ്റ് ആണിത്. നിങ്ങൾക്ക് എന്തെങ്കിലും അഭിപ്രായങ്ങൾ വിയോജിപ്പുകൾ ഉണ്ടെങ്കിൽ രേഖപെടുത്താം…

ജീവംശമായി – തീവണ്ടി

ഈ വർഷത്തെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നാണ് കൈലാസ് മേനോൻ എന്ന യുവ സംഗീത സംവിധായകൻ. ഒരുപക്ഷെ ഏറെ നാളുകൾക്ക് മുൻപ് തന്നെ സിനിമയിൽ എത്തേണ്ടിയിരുന്ന കൈലാസിന്റെ ആദ്യ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ അതി ഗംഭീരമായിരുന്നു. അതിൽ ജീവാംശമായി ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ഗാനമാണ്.

പൂമുത്തോളെ – ജോസഫ്‌

രെഞ്ജിൻ രാജ്, ഐഡിയ സ്റ്റാർ സിംഗറിൽ ആണ് ഈ പേരുകാരനെ ആദ്യം കാണുന്നത്. വർഷങ്ങൾക്ക് ശേഷം വെള്ളിത്തിരയിൽ രെഞ്ജിൻന്റെ പാട്ടു കേൾക്കുമ്പോൾ ഏറെ സന്തോഷമുണ്ട്. നിത്യ ഹരിത നായകനിലെ ഗാനങ്ങൾ അത്രകണ്ട് ക്ലിക്ക് ആയില്ലെങ്കിലും ജോസഫിലേ ഗാനങ്ങൾ വേറെ ലെവലാണ്. അതിൽ പൂമുത്തോളെ നൽകുന്ന ഫീൽ അതി ഗംഭീരമാണ്.

കിനാവ് കൊണ്ടൊരു – സുഡാനി ഫ്രം നൈജീരിയ

പുതു തലമുറയിലെ മ്യൂസിക് ഡയറെക്ടഴ്സിൽ ഏറ്റവും ഇഷ്ടമുള്ള ആളുകളിൽ ഒരാളാണ് റെക്സ് വിജയൻ. 2017 ലെ ഏറ്റവും മികച്ച ആൽബം മായാനദിക്ക് ശേഷം റെക്സ് 2018 ലും സുഡാനി പോലുള്ള ചിത്രങ്ങളുമായി നമ്മെ വിസ്മയിപ്പിക്കാൻ എത്തിയിരുന്നു. കിനാവ് കൊണ്ടൊരു ഗംഭീരൻ ട്രാക്കാണ്. ഇമാം മജ്‌ബോറിന്റെ ശബ്ദം ആ ഗാനത്തെ വേറിട്ടതാകുന്നു.

ഇനിയൊരു കാലത്തേക്ക് – പൂമരം

എന്ത് ഗംഭീര ട്രാക്കുകൾ ആണ് പൂമരത്തിലേതു എന്ന് ഇപ്പോഴും ചിന്തിച്ചിട്ടുണ്ട്. അവയിൽ അജീഷ് ദാസന്റെ വരികൾക് ലീല എൽ ഗിരികുട്ടൻ ഈണം നൽകിയ ഈ ഗാനം മുന്നിൽ നില്കുന്നു. കാർത്തിക്കിന്റെ ശബ്ദം ഗാനത്തെ ഹൃദ്യമായ അനുഭവമാക്കുന്നു.

വാനവില്ലെ – കൂടെ

എല്ലാ വർഷത്തെയും മികച്ച ഗാനങ്ങളുടെ ലിസ്റ് എടുത്താൽ ആ ലിസ്റ്റിൽ ഒരു ചങ്ങായിയുടെ ഗാനങ്ങൾ എല്ലാകുറിയും ഉണ്ടായിരിക്കും, ഇക്കുറിയുമുണ്ട്. എം ജയചന്ദ്രൻ ഇങ്ങനെ day in and out നല്ല ഗാനങ്ങൾ ഒരുക്കുന്നത് എങ്ങനെയെന്ന് ആലോചിട്ടുണ്ട്. കൂടെയിലെ വാനവില്ലേ മനോഹരമായ ഒരു മെലഡി ആണ്. 2018 ലെ മികച്ച ഗാനങ്ങളിൽ ഒന്ന്.

കൊണ്ടൊരാം -ഒടിയൻ

Again an m jayachandran track.. ഒടിയനിലെ ഗാനങ്ങൾ എല്ലാം തന്നെ പ്രിയപ്പെട്ടതായിരുന്നു. ലിസ്റ്റിൽ കൊണ്ടൊരാമോ മുത്തപ്പന്റെ ഉണ്ണി വേണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. രണ്ടും വളരെ ഇഷ്ടമായ ട്രാക്കുകൾ ആണ്.

വരത്തൻ – പുതിയൊരു പാതയിൽ

സുഷിന് ശ്യാമിന്റെ സംഗീതം, സുഷിന് മികച്ച ഗാനങ്ങളൊരുക്കുവാനും സാധിക്കുമെന്ന് തെളിയിക്കുന്ന ആൽബം. നസ്രിയ ആണ് ഈ പാട്ട് പാടിയത്. വിനായക് ശശികുമാറിന്റെ വരികൾ.

ആനന്ദമേ – അരവിന്ദന്റെ അതിഥികൾ

ഷാൻ മ്യൂസിക്കൽ. നല്ല ഫീൽ നൽകുന്ന മനോഹര ഗാനങ്ങൾ ചിത്രത്തിലുണ്ട്. അതിൽ ആനന്ദമേ വളരെ മനോഹരമായ ട്രാക്കാണ്. ആനിയുടെ ശബ്ദം വേറിട്ടതായി തോന്നി.

പാല്‍ത്തിര പാടും -ക്യാപ്റ്റന്‍

ഗോപി സുന്ദറിന്റെ മ്യൂസിക്. ശ്രേയ ഘോഷാലിന്റെ ശബ്ദം. വളരെയധികം ശ്രദ്ധ നേടിയില്ലെങ്കിലും മികച്ച ഗാനങ്ങൾ ചിത്രത്തിലുണ്ട്. അതിലേറെ ഹൃദ്യമാണ് പാൽതിര പാടും എന്ന ഗാനം.

വെണ്ണിലവേ – ക്വീൻ/ ഇനി എന്ന് കാണും – രണം

2018 ൽ മലയാള സിനിമയെ സംബന്ധിച്ച ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നാണ് ജേക്സ് ബിജോയ്. രണത്തിലെയും ക്വീനിലേയും ട്രാക്കുകൾ അതി മനോഹരമാണ്. ക്വീനിലെ വെണ്ണിലവേ നല്ലൊരു മെലഡിയാണ്.

മാണിക്യ മലരായ പൂവി – ഒരു ആഡാര്‍ ലവ്

ആമുഖങ്ങൾ ആവശ്യമില്ലാത്ത ഗാനം, 2018 ൽ outside കേരളയും ഏറ്റവും അധികം കേട്ട ട്രാക്കുകളിൽ ഒന്ന്. ഷാൻ റഹ്മാൻ മ്യൂസിക്കൽ, വിനീത് ശ്രീനിവാസന്റെ ശബ്ദം.

മഴ – ശിക്കാരി ശംഭു

ശ്രീജിത്ത് ഇടവന എന്ന യുവ സംഗീത സംവിധായകന്റെ മ്യൂസിക്. വളരെ അണ്ടർ റേറ്റഡ് ആയ ഒരു ആൽബമാണ് ഇത്. അതിൽ മഴ എന്ന ഗാനം മികച്ചു നില്കുന്നു. ഹരിചരണും റോഷ്‌നി സുരേഷും ചേർന്നാണ് പാട്ട് പാടിയത്.

– ജിനു അനില്‍കുമാര്‍