ഷാങ്ഹായി ചലച്ചിത്രമേളയിൽ ഇന്ത്യൻ സിനിമയുടെ പ്രതിനിധിയായി ഇന്ദ്രൻസേട്ടൻചൈനയിലെ ഷാങ്ങ്ഹായ് ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധികരിച്ചു ഇന്ദ്രൻസ്. ഷാങ്ഹായ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ സ്യൂട്ടും ധരിച്ച് എത്തിയിരിക്കുന്ന ഇന്ദ്രന്‍സിന്‍റെ ചിത്രം ഡോക്ടർ ബിജുവാണ് പങ്കു വച്ചത്. ഡോക്ടര്‍ ബിജുവിന്‍റെ വെയില്‍മരങ്ങള്‍ എന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

മേളയിൽ പ്രദർശിക്കപ്പെടുന്ന പതിനാലു സിനിമകളിൽ ഒന്നാണ് വെയിൽ മരങ്ങൾ. ഇത് രണ്ടാംതവണയാണ് ഡോക്ടർ ബിജുവിന്റെ ഒരു ചിത്രം ഷാങ്ഹായി ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കപ്പെടുന്നത്. 2012ലെ പൃഥ്വിരാജ് നായകനായ ആകാശത്തിന്റെ നിറം ആയിരുന്നു ആദ്യചിത്രം. ഗോൾഡൻ ഗോബ്‌ലറ്റ് പുരസ്കാരങ്ങൾക്കായി ഈ വർഷം മത്സരിക്കുന്ന ഒരേ ഒരു ഇന്ത്യൻ സിനിമയും വെയിൽമരങ്ങൾ ആണ്.

അന്താരാഷ്ട്ര മേളകളുടെ ആധികാരികത നിർണ്ണയിക്കുന്ന ‘ഫിയാപ്ഫി’ന്റെ അംഗീകാരമുള്ള ലോകത്തെ പ്രധാനപ്പെട്ട ആദ്യ 15 ചലച്ചിത്രമേളകളിൽ ഒന്നാണ് ഷാങ്‌ഹായ്‌ലേത്.കഴിഞ്ഞ ആറ് വർഷങ്ങളിലും ഒരു ഇന്ത്യൻ സിനിമയ്ക്കു പോലും ഷാങ്ഹായ് മേളയിൽ പ്രധാന മത്സര വിഭാഗത്തിൽ ഇടം പിടിക്കാനായില്ല. അപൂർവമായി ആണ് ഇന്ത്യൻ ചിത്രങ്ങൾ ഈ മേളയിൽ സാന്നിധ്യമാകുന്നത്. പ്രശസ്ത ടർക്കിഷ് സംവിധായകനായ നൂറി ബിൽഗേ സെയാലിൻ ആണ് ഇത്തവണ ഷാങ്ഹായി ചലച്ചിത്ര മേളയുടെ ഗോൾഡൻ ഗോബ്‌ലറ്റ് മത്സര വിഭാഗം ജൂറി ചെയർമാൻ.

Comments are closed.