രാജി വച്ച നടിമാരെ അപേക്ഷാ ഫീസ് പോലും വാങ്ങാതെ തിരിച്ചെടുക്കണമെന്ന് ജനറല്‍ ബോഡി യോഗത്തില്‍ മമ്മൂട്ടി

0
283

താര സംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗം ഇന്നലെ നടന്നിരുന്നു. നടി ആക്രമിക്കപ്പെട്ട കാര്യങ്ങളും ദിലീപിന്റെ രാജിയുമടക്കം യോഗത്തില്‍ പല വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വനിതാ പ്രാതിനിധ്യം കൂട്ടാനെന്ന പേരിൽ ‘അമ്മ’ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അടക്കം മീറ്റിംഗിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നു. അമ്മ’യുടെ നേതൃനിരയിൽ കൂടുതൽ വനിതകളെ ഉൾക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളായിരുന്നു വാർഷിക പൊതുയോഗത്തിന്‍റെ പ്രധാന അജണ്ട.

രാജി വച്ച അംഗങ്ങൾക്ക് ‘അമ്മ’യ്ക്ക് അപേക്ഷ എഴുതിത്തന്നാൽ മാത്രം തിരിച്ചുവരാമെന്നാണ് സംഘടനയുടെ നിലപാട്. ആക്രമിക്കപ്പെട്ട നടിയെ കൂടാതെ റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് സംഘടനയില്‍ നിന്ന് രാജി വച്ച അംഗങ്ങള്‍. ഇവരുടെ തിരിച്ചു വരവ് എളുപ്പമല്ലാതാക്കാതിരിക്കുന്ന തരത്തിലാണ് പുതിയ ഭേദഗതി. രാജി വച്ചവരെ അംഗങ്ങളായി ഒരിക്കലും കാണാൻ കഴിയില്ല എന്നാണ് ഇപ്പോഴത്തെ സംഘടനയുടെ നിലപാട്.

അപേക്ഷ നൽകിയാൽ അംഗങ്ങൾക്ക് അംഗത്വ ഫീസില്ലാതെത്തന്നെ തിരികെ വരാൻ കഴിയണമെന്ന് മമ്മൂട്ടി യോഗത്തിൽ ആവശ്യപ്പെട്ടു. അംഗങ്ങൾ കൈയടിയോടെ ആണ് ഇതിനെ വരവേറ്റത്. ഇതിൽ അന്തിമ തീരുമാനം ഇനി എക്സിക്യൂട്ടീവിൽ ആയിരിക്കും കൈക്കൊള്ളുക. അപ്പോഴാണ് അവർ അപേക്ഷ നൽകിയാൽ അത് സ്വീകരിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നു മോഹൻലാൽ മറുപടി നൽകിയത്.