രജനികാന്തിന്റെയൊക്കെ സിനിമ കാത്തിരിക്കുന്നത് പോലെ തമിഴ്നാട്ടുകാർ ഒടിയൻ കാണാൻ കാത്തിരിക്കുന്നുണ്ട് – നരെയ്ൻ

0
179

മലയാളത്തിൽ നിന്ന് തമിഴിലേക്ക് കുടിയേറിയെങ്കിലും നരെയ്ൻ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ്. കൃത്യമായ ഇടവേളകളിൽ മലയാളത്തിൽ തിരികെയെത്താറുള്ള നരെയ്ൻ പുതുതായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഒടിയൻ. മലയാള സിനിമയിലെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങുന്ന ഒടിയനെ പറ്റി നരെയ്ൻ പറയുന്നത് ഇങ്ങനെ.

ഒരു അതിഥിവേഷത്തിൽ അഭിനയിച്ചു പോകുമ്പോൾ വലിയൊരു സിനിമ ചെയ്തതായി സാധാരണ തോന്നാറില്ല. കുറച്ചു രംഗങ്ങളിൽ മാത്രമല്ലേ വന്നു പോകുന്നുള്ളൂ. എന്നാൽ ഒടിയന്റെ കാര്യത്തിൽ അങ്ങനെയല്ല. അതിനു കാരണം ചിത്രത്തിന്റെ ഗംഭീരൻ തിരക്കഥയാണ്. പ്രേക്ഷകരെ തിയറ്ററിലേക്ക് ഇടിച്ചു കയറ്റുന്ന തരത്തിലുള്ള മാസ് സിനിമകൾ വരാറുണ്ട്. എന്നാൽ അതിൽ കലാമൂല്യമുള്ള കഥയുണ്ടാകണമെന്നില്ല. ഒടിയൻ അങ്ങനെയല്ല. ഇതൊരു മാസ്–ക്ലാസ് സിനിമയാണ്.

റിലീസ് ദിവസം കുടുംബത്തോടൊപ്പം ചെന്നൈയിൽ ഒടിയൻ കാണാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ്. ഇവിടെ തമിഴ് പത്രങ്ങളിലൊക്കെ ഒടിയനെക്കുറിച്ചുള്ള വാർത്തകൾ കാണുമ്പോൾ സന്തോഷം തോന്നും. തമിഴിൽ പോസ്റ്ററുകളും നിറയെ കാണാം. രജനികാന്തിന്റെയൊക്കെ സിനിമ പോലെ തമിഴ്നാട്ടുകാർ നമ്മുടെ ഒരു സിനിമ കാത്തിരിക്കുന്നത് കാണുന്നത് ഒരു പുതുമയാണ്. അവർക്ക് ഒടിയൻ എന്ന സിനിമയെക്കുറിച്ച് അറിയാം. കേരളത്തിനു പുറത്തുള്ള പ്രേക്ഷകരും മലയാള സിനിമ വലിയ രീതിയിൽ കാണാൻ തുടങ്ങിയിരിക്കുന്നു.