മാതാ ജെറ്റിനെ പിടിക്കാൻ നീയാ.. ഡിനോയ് മാസ്സ്…

0
431

കൗണ്ടറുകളുടെ സംസ്ഥാന സമ്മേളനം ഒരുക്കി വച്ച ചിത്രമായിരുന്നു തണ്ണീർ മത്തൻ ദിനങ്ങൾ. ആകൂട്ടത്തിൽ തലയെടുപ്പോടെ ഹര്ഷാരവങ്ങൾ ഏറ്റു വാങ്ങിയവരിൽ ആ സിനിമയുടെ എഴുത്തുകാരനുമുണ്ട്. കഥാ നായകൻ ജെയ്‌സന്റെ ചേട്ടൻ ജോയ്‌സ് ആയി തകർത്ത ഡിനോയ് പൗലോസ്. അലസനായ, ജോലി ചെയ്യാൻ ഇഷ്ടമില്ലാത്ത, ക്രിക്കറ്റ്‌ കളിയിൽ തല്പരനായ ജോയിസ്. നമ്മുക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരാളാണ് ജോയിസ്. ജോലി ആയില്ലേ എന്ന ക്ലിഷേ ചോദ്യം അഭിമുഖീകരിക്കാത്ത ചെറുപ്പക്കാർ ഭൂമി മലയാളത്തിൽ ആരുമുണ്ടാകില്ലലോ..

കട്ട റിയലിസ്റ്റിക് ആയ ഭാഗങ്ങളിൽ നിന്ന് മറ്റൊരു പ്രതലത്തിലേക്ക് സിനിമ സഞ്ചരിക്കുന്ന അവസാന ഭാഗങ്ങളിൽ ആളുകളെ എൻഗേജിങ് ആക്കി നിർത്തുന്നതും, കഥയോടൊപ്പം ചേർത്തു് നിർത്തുന്നതും ഡിനോയ്യുടെ കിടിലൻ കോമഡി നമ്പറുകളാണ്. അതുവരെ ഉള്ള ഡിനോയ്യുടെ ക്യാരക്ടർ ഡെമോൺസ്‌ട്രേഷനും അതിനു ഉതകിയിട്ടിട്ടുണ്ട്. ഡയലോഗ് ഡെലിവറി കൊണ്ടും അസാധ്യ ടൈമിംഗ് കൊണ്ടും ഡിനോയ് തന്റെ കഥാപാത്രത്തെ മികവുറ്റത് ആക്കിയിട്ടുണ്ട്. സ്വന്തം എഴുത്തു കൂടെ ആയത് കൊണ്ടായിരിക്കും, പൂണ്ടു വിളയാടാൻ ഉള്ള സന്ദർഭങ്ങൾ ഒരുക്കിയിട്ടുണ്ട് ഡിനോയ്..

മാതാ ജെറ്റിനെ പിടിക്കാൻ നീയാ, നിനക്ക് പിടിക്കാൻ താറാവുണ്ട് എന്നൊക്കെ താരതമ്യേന എഴുത്തിൽ ഒരുപാട് ചിരി വരുത്താത്ത നമ്പറുകൾ കൊണ്ട് തീയേറ്ററുകളിൽ ചിരിയൂടെ മുഴക്കം സൃഷിക്കുന്നെങ്കിൽ അത് അയാളിലെ നടനിലെ മിടുക്കാണ്. തണ്ണീർമത്തൻ ദിനങ്ങൾ തീയേറ്ററുകളിൽ ഓളങ്ങൾ സൃഷ്ടിക്കുമ്പോൾ ആ കൈയടികൾക്ക് ഒരു പങ്കും ഈ ചെറുപ്പക്കാരനും അവകാശപ്പെട്ടതാണ്, സിനിമയെന്ന സ്വപ്നത്തിലെത്താൻ ദിനോയ് ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഷോർട് ഫിലിമുകളിൽ നിന്ന് ഡിനോയ് എന്ന നടന്റെ പാടവം സിനിമ എന്ന മീഡിയത്തിലൂടെ നമ്മിലേക്ക് എത്തുകയാണ്. പ്രതിഭയാണ്.. പ്രതിഭാസം ആകുമെന്ന് പ്രതീക്ഷിക്കാം..

– ജിനു അനില്‍കുമാര്‍