മരണത്തിലൂടെ ജീവിതത്തെ കാണിച്ചു തരുന്ന ലിജോ മാജിക്!!!!

0
234

നാളിതുവരെയുള്ള കണക്കുകൾ എണ്ണി തിട്ടപ്പെടുത്താനാകാതെ കുറെ ആഗ്രഹങ്ങളും ബാക്കി വച്ച് പെട്ടെന്ന് ഒരു ദിവസം മരിച്ചു പോകുന്ന ഒരുവന്റെ മരണ ചടങ്ങിൽ നിന്ന് അവന്റെ ജീവിതത്തെയും തലമുറയുടെ കോൺഫ്ലിക്റ്റുകളെയും, ആ മരണവും ചടങ്ങും നോക്കിക്കാണുന്ന കണ്ണുകളിലൂടെ അവരുടെ പ്രതികരണങ്ങളിലൂടെ ഒരുപാട് കാര്യം വരച്ചിടുന്ന ചിത്രമാണ് ഈ മ യൗ. ചിത്രത്തിന്റെ രചയിതാവ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറയുന്നത് കേൾക്കാനിടയായി, ജീവിതത്തിന്റെ മറ്റേ വശത്തു നിന്ന് ജീവിതത്തെ നോക്കി കാണുമ്പോളാണ് അതിന്റെ പൊരുൾ മനസിലാകുന്നത് എന്ന്, ഈ മ യൗ കാണുന്ന ഒരാൾക്ക് അതിന്റെ പൊരുൾ മനസ്സിലാക്കാവുന്നതേയുള്ളൂ.

കടലോര ഗ്രാമത്തിലെ ഒരു വീട്ടിൽ പെട്ടെന്നൊരു നാൾ മരിച്ചു പോകുന്ന ഒരു വൃദ്ധന്റെ മരണാന്തര ചടങ്ങുകൾ ആഘോഷമായി നടത്താൻ ഭാര്യയുടെ കെട്ടുതാലി വരെ പണയം വച്ച് ആ രാത്രി ഇറങ്ങുന്ന മകന്റെ, അവനു ചുറ്റുമുള്ള വ്യക്തികളും വ്യവസ്തിയും അവനുമേലെ ചെലുത്തുന്ന സമ്മർദ്ദത്തിലൂടെ അവന്റെ കോൺഫ്ലിക്റ്റുകളിലൂടെ കടന്നു പോകുന്ന ചിത്രമാണ് ഈ മ യൗ. അതിഭാവുകത്വമില്ലാതെ ഇത് നല്ലത് മറ്റേതു ചീത്ത എന്ന വേർതിരിവ് പ്രേക്ഷകന് പകർന്നു കൊടുക്കാതെ സ്വാഭാവികമായ സന്ദര്ഭങ്ങളിലൂടെ സാധാരണക്കാരായ, തീരെ ചെറിയ സ്വപ്നങ്ങളുള്ള മനുഷ്യരുടെ അല്പനേരത്തെ കഥ. ഇരുട്ടിനും ഒടുക്കത്തെ സൗന്ദര്യമാണ് എന്ന് കാണിച്ചു തരുന്ന ഛായാഗ്രഹണ മികവ് ഇതെല്ലം ഈ മ യൗവിന്റെ പ്രത്യേകതയാണ്.

കാഴ്ചക്കാരനും മരിച്ചവീട്ടിലെ സന്ദര്‍ശകനാകുന്ന അപൂർവത. അച്ഛന്റെ ആഗ്രഹം പോലെ അതിയാന്റെ മരിപ്പ് ചടങ്ങു ഗംഭീരമാക്കാൻ ഓടിനടക്കുന്ന ഒരു മകന്റെ മുന്നിലെത്തുന്ന പ്രശ്ങ്ങളിലൂടെ മുന്നോട്ട് കൊണ്ടുപോയി ഈ ലോകം എത്ര ചെറുതാണെന്ന് ചൂണ്ടികാട്ടിത്തരുന്ന ലിജോ സ്കിൽ ഒന്ന് വേറെയാണ്. വാവച്ചന്റെ മരണ ചടങ്ങിനിടയിൽ ആ മഴയത് നനഞ്ഞു നമ്മളും നിൽപ്പുണ്ട് ആ കാഴ്ചക്ക് സാക്ഷിയാകാൻ വേണ്ടി അവിടെ നില്പുണ്ട്. മരിച്ചതിനു ശേഷവും ഒരുവനുമേൽ സമൂഹവും അധികാര വർഗ്ഗവും കടന്നു കയറുന്നതിനു സാക്ഷിയായി..