‘പ്രളയത്തില്‍ നിന്ന് മക്കളെ രക്ഷിക്കാന്‍ കഴിഞ്ഞ വര്‍ഷം വിളിച്ചു കരഞ്ഞു, ഇത്തവണ രണ്ടു ചാക്ക് അരി ചോദിച്ചപ്പോള്‍ ബ്ലോക്ക് ചെയ്തു’; പുരോഹിതന്റെ കുറിപ്പ്

0
25

മനുഷ്യർ പലതരത്തിലാണ്. ചിലർ സഹജീവികളുടെ കണ്ണീർ ഒപ്പാൻ ഏത് അറ്റം വരെയും പോകും. മറ്റു ചിലരാകട്ടെ അവരിലേക്ക് മാത്രം ഒതുങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകും. ഈ രണ്ടു തരക്കാരെയും തിരിച്ചറിയുന്നത് ഒരു അപകട ഘട്ടം വരുമ്പോൾ തന്നെയാണ്. സ്വാർഥരായി അവരിലേക്ക് തന്നെ ഒതുങ്ങുന്നവരെ കുറിച്ചു മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികനായ സന്തോഷ് ജോര്‍ജ് സമൂഹ മാധ്യമങ്ങളിൽ പങ്കു വച്ചൊരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. പ്രളയ സഹായത്തിനായി അഭ്യര്‍ത്ഥിച്ചപ്പോള്‍ തനിക്കുണ്ടായ അനുഭവം പങ്കുവെച്ചത്.

കഴിഞ്ഞ പ്രളയത്തിൽ അവധിക്ക് നാട്ടിലെത്തിയ മകന്റെ ഭാര്യയെയും മകളെയും രക്ഷിക്കണമെന്നു തന്നെ വിളിച്ചു കരഞ്ഞ ഒരു സ്ത്രീയെ സന്തോഷ്‌ ജോർജ് സഹായിച്ചിരുന്നു അവരെ ഈ പ്രളയ സമയത്ത് രണ്ടു ചാക്ക് അരി ചോദിച്ചു മെസ്സേജ് അയച്ചപ്പോൾ തന്നെ ബ്ലോക്ക്‌ ചെയ്തു എന്നാണ് ഫാദർ സന്തോഷ്‌ ജോർജ് കുറിക്കുന്നത്. ഫേസ്ബുക് കുറിപ്പ് ഇങ്ങനെ..

കഴിഞ്ഞ വര്‍ഷം ആറന്‍മുള കാരി ഒരു ആന്റി വിദേശത്ത് നിന്ന് പത്തു പ്രാവിശ്യമെങ്കിലും എന്നെ വിളിച്ച് മകന്റെ ഭാര്യയും മകളും അവധിക്കു വന്നതാണ് .വീട്ടില്‍ വെള്ളം കേറി.. അടുത്ത് ആരുമില്ല.. രക്ഷിക്കണം എന്ന് നിലവിളിച്ച് പറഞ്ഞത് കാതില്‍ ഇപ്പോളും ഉണ്ട്.. രണ്ടു മണിക്കൂറിനുള്ളില്‍ നമ്മുടെ രാജുച്ചായനേം ബന്നിയേം പറഞ്ഞയച്ച് അവരെ പരുമല ക്യാമ്പില്‍ എത്തിച്ചു… ഈ പ്രാവിശ്യം ക്യാമ്പിലേക്ക് രണ്ട് ചാക്ക് അരി മാത്രം ഞാന്‍ ചോദിച്ചു.. ഉത്തരം ഇല്ല.. ഇന്നലെ വിണ്ടും മെസേജ് അയച്ചു.. വിജയകരമായ് എന്നെ ബ്ലോക്ക് ചെയ്തു… ദൈവം നടത്തിയ വിധങ്ങളെ മറക്കുന്നതാ മനുഷ്യാ നിന്റെ മേലുള്ള കുറ്റം… അത് അത്ര പെട്ടന്ന് മാഞ്ഞു പോകില്ല… ചിരിക്കാനും ചിന്തിക്കാനും അല്ലേ ഇതൊക്കെ തരുന്ന സന്ദേശം… നിങ്ങളിത് വായിച്ച് ഒന്നു ചിരിച്ചാ മതി… എനിക്കതാ സന്തോഷം.