നൗഷാദിക്ക അതിലൊരു കൈ നിങ്ങളുടേത് ആണെന്ന് വിശ്വസിക്കുന്നു – സിദ്ദിഖ്…

0
222

നൗഷാദിക്ക ആ പേര് പെട്ടന്നു മലയാളി മറക്കില്ല അത് ഉറപ്പാണ്. ഫുട് പാത്തിൽ തുണി കച്ചവടം നടത്തി ജീവിക്കുന്ന മനുഷ്യൻ തന്റെ സഹജീവികൾക്ക് വേണ്ടി സമ്പാദ്യത്തിലെ ഒരു പങ്കു സന്തോഷത്തോടെ നൽകിയത് നമ്മൾ കണ്ടത്. തുച്ഛമായ വരുമാനം മാത്രമുള്ള നൗഷാദ് അഞ്ചു ചാക്ക് തുണിയാണ് സന്നദ്ധപ്രവർത്തകർക്ക് നൽകിയത്. നടൻ രാജേഷ് ശർമ്മയിലൂടെ ആണ് നൗഷാദിനെ കുറിച്ചു ലോകം അറിഞ്ഞത്. നൗഷാദിന് കൈയടികളുമായി കേരള സമൂഹം എത്തിയിട്ടുണ്ട്. നൗഷാദിനെ കുറിച്ചു നടൻ സിദ്ദിഖ് സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാണ്…

ഈ മനുഷ്യൻ….. നൗഷാദ്…..ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ “നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ” എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, “നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ.” എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത് വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു. ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കു വയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെക്കണ്ട് മനസ്സു നിറയുന്നു.. സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. !!