നീ ഇങ്ങനെയൊന്നു വാങ്ങണം.. പക്ഷെ നിന്റെ അച്ഛൻ സമ്മതിക്കില്ല…കീർത്തിയോട് മമ്മൂട്ടി

0
18

മലയാള സിനിമയിൽ കാരവൻ സംസ്കാരം തുടങ്ങി വന്ന കാലത്ത് അതിനെ വളരെയധികം എതിർത്ത ഒരാളാണ് നിർമ്മാതാവ് സുരേഷ്‌കുമാർ. രേവതി കലാമന്ദിർ എന്ന ബാനറിൽ ഒരുപാട് ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം ഇന്നത്തെ തെന്നിന്ത്യൻ താരോദയം കീർത്തി സുരേഷിന്റെ അച്ഛനാണ്. സുരേഷ്‌കുമാർ ഇപ്പോൾ അഭിനേതാവായും സ്വയം രേഖപ്പെടുത്തി കഴിഞ്ഞു. ഒരു പിടി നല്ല സിനിമകളിൽ അഭിനേതാവായും അദ്ദേഹം പങ്കു ചേർന്നു. ആദ്യ കാലത്തു കാരവൻ സംസ്കാരത്തെ എതിർത്ത താൻ ഇന്ന് കാരവാനിൽ വിശ്രമിക്കുമ്പോൾ പലരും കളിയാക്കാറുണ്ടെന്നു സുരേഷ്‌കുമാർ പറയുന്നു. മകളും നടിയുമായി കീർത്തി സുരേഷിന്റെ മുന്നിൽ വച്ചു ഈ കാര്യത്തിന്റെ പേരിൽ തന്നെ മെഗാസ്റ്റാർ മമ്മൂട്ടി ട്രോളിയത് സുരേഷ്‌കുമാർ വനിതക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ..

‘തുടക്ക കാലത്ത് കാരവന്‍ സംസ്‌കാരത്തെ എതിര്‍ത്ത ആളാണ് ഞാന്‍. ഇപ്പോള്‍ ഞാന്‍ കാരവനില്‍ ഇരിക്കുമ്പോള്‍ എല്ലാവരും കളിയാക്കും. അടുത്തിടെ ഞങ്ങള്‍ കുടുംബസമേതം മമ്മൂട്ടിയുടെ ചെന്നൈയിലെ വീട്ടില്‍ പോയി. മമ്മുക്ക കീര്‍ത്തിയെ കൂട്ടിക്കൊണ്ടു പോയി കാരവനൊക്കെ കാണിച്ചിട്ട് പറഞ്ഞു, ‘നീ ഇതു പോലൊന്നു വാങ്ങണം, പക്ഷേ, നിന്റെ അച്ഛന്‍ സമ്മതിക്കില്ല. അവന്‍ ഇതിന് എതിരാണ്…’

‘പഴയകാലത്തെ അവസ്ഥ വച്ചാണ് ഞാന്‍ കാരവാനെ എതിര്‍ത്തത്. ഷൂട്ടിങ് സെറ്റില്‍ എല്ലാവരും ഒരു കുടുംബം പോെല മരച്ചുവട്ടിലോ വീടിന്റെ വരാന്തയിലോ ഒന്നിച്ചിരുന്നു സംസാരിച്ചിരുന്ന കാലമാണത്. മേനകയൊക്കെ അഭിനയിക്കുമ്പോള്‍ റോഡ് സൈഡില്‍ ഇരുന്നാണു ഭക്ഷണം കഴിച്ചിരുന്നതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ചില നടന്മാര്‍ കാരവനുകളില്‍ അഭയം പ്രാപിച്ചപ്പോള്‍ സ്നേഹബന്ധം പോകുമല്ലോ എന്നോര്‍ത്താണ് അന്ന് എതിര്‍ത്തത്. കാരവന്‍ കാലഘട്ടത്തോട് താദാത്മ്യം പ്രാപിക്കാന്‍ കുറച്ചു സമയമെടുത്തു എന്നതു സത്യം. ഇപ്പോള്‍ അതൊക്കെ എനിക്കു തന്നെ തിരിച്ചടിയായി.’