നാടിന്റെ കാടത്തവും കാടിന്റെ സംസ്കൃതിയും വിളിച്ചോതുന്ന കാർബൺ – വെട്ടുക്കിളി പ്രകാശ് എഴുതിയ റിവ്യൂകാർബൺ എന്ന ചിത്രത്തെ പറ്റി നടൻ വി ജി പ്രകാശ് (വെട്ടുക്കിളി പ്രകാശ്) എഴുതിയ റിവ്യൂ

‘കാർബൺ’ – എന്തുകൊണ്ട് ?
_________________
ഒരു തുള്ളി വെള്ളത്തിൽ
സമുദ്രത്തെ കാണാനായാൽ അതൊരു മഹത്തായ കാര്യമാണ്- അങ്ങിനെ കാണുന്നവരാണ്, ദാർശനികർ. ഒരു തുള്ളി വെള്ളത്തെ സമുദ്രത്തിൽ നിന്നും വേർത്തിരിച്ചെടുത്ത്, വിശകലനം ചെയ്ത് വിസ്മയപ്പെടുന്നത് മഹത്തരമായ കാര്യമാണ്- അങ്ങിനെ കാണുന്നവരാണ് ശാസ്ത്രജ്ഞന്മാർ.ഒരു തുള്ളി വെള്ളത്തിൽ ജീവന്റെ ഉറവയെ കാണുന്നത് മഹത്തമമായ കാര്യമാണ് -അവരാണ് അതീന്ദ്രിയരായ ജ്ഞാനികളും മഹാന്മാരായ കലാകാരന്മാരും.

ഇത്തരം കലാകാരന്മാരുടെ കാഴ്ചപ്പാടുള്ള മഹാനായ ഒരു വ്യക്തിയുടെ കലാസൃഷ്ടിയാണ് കാർബൺ എന്ന സിനിമ. അന്തിമമായി സിനിമ പ്രേക്ഷകന്റെയുള്ളിലാണ് പൂർത്തിയാവുക എന്നതിനാൽ പ്രേക്ഷകന്റെ സ്ഥാനം ഇവിടെ പ്രഥമഗണനീയമാണ്.കലാ രൂപമെന്ന നിലയിൽ സിനിമ ആസ്വദിക്കപ്പെടുന്നത് “ഇന്റലക്ച്വൽ ” ആകാനൊ, ആയിട്ടൊ അല്ല. ഇന്റലക്ച്വൽ എന്നത് ബുദ്ധിയുടെ വിഷയവുമായി ബന്ധപ്പെട്ടതാണ്. തലച്ചോറും ശിരസ്സുമൊക്കെയാണ് അതിനടിസ്ഥാനം.കലാസ്വാദനം ഹൃദയത്തിന്റെ വിഷയമാണ്. ഹൃദയം കൊണ്ടാണ് കലാസ്വാദനം സംഭവിക്കുന്നതും പൂർണ്ണമാകുന്നതും.ഹൃദയ മണ്ഡലത്തിലെ ആർദ്രതയും സ്വീകാര്യതയുമൊക്കെയാണ് ഇവിടെ സാംഗത്യമായി വരുന്നത്. അതു കൊണ്ടാണല്ലൊ നാടകം പോലുള്ള രംഗ കലാരൂപങ്ങൾ ആരംഭിക്കുന്നതിനു മുമ്പെ, കാണികളെ “സഹൃദയരെ…..” എന്ന് അഭിസംബോധന ചെയ്യുന്നത്. എന്നും കാണികൾക്കാണ് കലാകാരനേക്കാൾ കൂടുതൽ ആർജ്ജവമുണ്ടായിരിക്കുക.ഈ ആർജ്ജവത്തെ കൂടുതൽ വികസിപ്പിക്കുന്നതിനായിരിക്കണം കലകൾ;നശിപ്പിക്കുന്നതിനാകരുത്. ഹൃദയം സംവേദനക്ഷമമല്ലെങ്കിൽ ജീവിതത്തിലും കലയിലും നമ്മൾ കളത്തിനു പുറത്തായിരിക്കും. ഒരു ബൈബിൾ വാക്യമുണ്ട് – ” ഹൃദയം നഷ്ടപ്പെട്ടവന് ലോകം മുഴുവൻ നേടിയെടുത്താലും എന്ത് ഫലം ?”

സാധാരണ ജീവിതത്തിൽ പരസ്പര ആശയ വിനിമയം നടത്തുന്നത് വസ്തുനിഷ്ഠമായ തലത്തിലാണ് (obejective Ievel). വ്യക്തി- ബന്ധങ്ങൾ- കുടുംബം- സമൂഹം- സാമൂഹിക സ്ഥാപനങ്ങൾ തുടങ്ങി ജീവിതത്തിന്റെ ബാഹ്യഘടനയിൽ അത് പ്രകടിതവും ആവശ്യമായി വരുന്നതുമാണ്. എന്നാൽ ആലങ്കാരികമായ ഭാഷ- കാവ്യഭാഷ- ഹൃദയഭാഷ എന്നതൊക്കെ കലകളുടെ സമ്പ്രദായവുമായി ബന്ധപ്പെട്ട വിഷയമാണ്. അത് ഒരുതരത്തിൽ “ഇൻ ഡയറക്ട് കമ്മ്യൂണിക്കേഷൻ” എന്ന് തോന്നിപ്പോവുന്ന “ഈസ്തെറ്റിക്കൽ വേ ഓഫ് കമ്മ്യൂണിക്കേഷൻ ” ആകുന്നു.എല്ലാ കലകളും ആത്മനിഷ്ഠാനുഭാവമാകയാൽ (subjective level) അവ അപ്രകാരം വ്യവഹരിക്കപ്പെടുന്നു.ഇത്തരം ഭാഷക്ക് ദൃശ്യശ്രവണമാത്രാർത്ഥങ്ങൾക്കപ്പുറമുള്ള വ്യാപ്തിയും വ്യാപനവുമാണുള്ളത്. അതിൽ സവിശേഷമായ കോഡിങ്ങും, ഡി- കോഡിങ്ങുംഅടങ്ങിയിരിക്കും. ഇത് കലയിൽ മാത്രമല്ല, ജീവിതത്തിന്റെ പല സന്ധികളിലും നമുക്കത് അനുഭവപ്പെട്ടിട്ടുണ്ടാകും – “നാം ആത്മാവിൽ ദരിദ്രർ ” അല്ലെങ്കിൽ!

ഉദാഹരണത്തിന്, തനിക്കു ജൻമം നൽകിയ അമ്മയെ ഒരു കുഞ്ഞ് തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും കുഞ്ഞിനോട് അതിന്റെ അമ്മ” നേരെ ചൊവ്വ”, ഞാനാണ് നിന്റെ അമ്മ…ഞാനാണ് നിന്നെ പ്രസവിച്ചത് എന്നാവർത്തിച്ചു പറഞ്ഞിട്ടല്ലല്ലോ. അതുപോലെ അനിവാര്യവും ഉദാത്തവുമായ പ്രണയാവസ്ഥയിൽ വൈകാരികമായ ആശയ വിനിമയത്തിന് വാ മൊഴിയോ, വരമൊഴിയോ അല്ല ആദ്യം ഉപയോഗിക്കപ്പെടുന്നത്. സ്വാഭാവികവും
എന്നാൽ സവിശേഷവുമായ കോഡിങ്ങും, ഡി-കോഡിങ്ങും പ്രകൃത്യാ തന്നെ അവർക്കിടയിൽ ആക്ടിവേററാകുന്നു. എപ്പോഴൊക്കെ അത് യഥാതഥമായി സ്ഥാപിച്ചെടുക്കാൻ തുടങ്ങുന്നുവോ അപ്പോഴത് പ്രണയമല്ലാതായി മാറുകയും ചെയ്യുന്നു. അപ്പോൾ “നേരെ ചൊവ്വെ ” പറയാതെ തന്നെ, ജീവിതത്തിൽ പലതും പരസ്പരം മനസ്സിലാക്കാനാവുന്നുമുണ്ട് പക്ഷെ, അതിന് ഹൃദയം സംവേദനക്ഷമമാകണം. അതുകൊണ്ടാണ് – “കാണാതെ വിശ്വസിക്കുന്നവരും പറയാതെ കേൾക്കുന്നവരും ഭാഗ്യവാന്മാർ” എന്ന് പറയപ്പെടുന്നത്.


കലകളുടെ ആസ്വാദനം സംഭവിക്കുന്നത് അതിന്റെ സൂക്ഷ്മതല ഉപാധിയായ സംവേദകത്വ പ്രക്രിയ്യയാലാണ്. ആസ്വാദകൻ സംവേദനക്ഷമതയുള്ളവനാകണം. മനസ്സിനകത്തെ പ്രതിരോധത്തിന്റെ മതിലുകൾ അതിനു തടസ്സമാകരുത്.കാരണം പ്രകൃത്യായുള്ള കോഡിങ്ങും ഡി-കോഡിങ്ങും, ഇവിടെ കലാസൃഷ്ടിക്കും ആസ്വാദകനുമിടയിൽ ആക്ടീവാകേണ്ടതുണ്ട്. അനുനിമിഷം വികസിതവും ഉദാത്തവുമായ അനുഭൂതിയുടെ തലങ്ങളിലേക്ക് ആസ്വാദകർ പരിണമിക്കപ്പെടേണ്ടതുണ്ട്. അതു കൊണ്ടു കൂടിയാണ്, എല്ലാ നാടുകളിലും സംസ്കാരങ്ങളിലും ഭാഷകളിലും എക്കാലത്തും കലകളെ ആദരണീയമായ സ്ഥാനത്ത് കണ്ടു വരുന്നത്. ഭാരതത്തിൽ അത് പഞ്ചമവേദമായോ, വേദാംഗമായോ ഒക്കെ പ്രകീർത്തിക്കപ്പെടുന്നതും.

കാഴ്ചയുടെ കലയായ സിനിമ ഇന്ന് സമൂഹ മനസ്സിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ് ;കേവലം അതൊരു മയക്കുമരുന്നിന്റെ ദൗത്യമല്ല നിർവ്വഹിക്കുന്നതെങ്കിൽ.കലാ ധർമ്മ നിർവ്വഹണം ലോകത്ത് ഏറ്റവും
ലളിതമായും വ്യാപകമായും നടത്തുന്ന മാധ്യമാണ് സിനിമ.കാർബൺ അത്തരത്തിലുള്ള ഒരു സിനിമയാകുന്നു.

നാടിന്റെ കാടത്തവും കാടിന്റെ സംസ്കൃതിയും കാർബണിൽ വിഷയമാകുന്നുണ്ട്.

വ്യക്തി മനസ്സിന്റെ രോഗാതുരമായ സ്വാർത്ഥ ലക്ഷ്യങ്ങളും വിഭാഗീയമായ സാമൂഹ്യ ഇടപെടലുകളുടെ പ്രതീകങ്ങളും കാലത്തിനു പുറകെ തിരക്കിട്ടോടുന്ന മനുഷ്യരുടെ അരക്ഷിതാവസ്ഥയുമാണ് നാട്ടിലുള്ളത്.
മറുഭാഗത്ത് കാടിന്റെ സത്യങ്ങളും അപരിമേയമായ ധർമ്മങ്ങളും അവ കാക്കുന്ന വനദേവതയുടെജീവ സാന്നിദ്ധ്യവും, വനത്തിലെ ആവാസ വ്യവസ്ഥയുടെ ഭാഗമായി നാം അനുഭവിക്കുന്നു. ഇവിടെ കാലം സംഭവങ്ങൾക്ക് പുറകിലായ് മാത്രം സഞ്ചരിക്കുന്നു.

ഇനി, ജനസംഖ്യയേക്കാൾ കൂടുതൽ സംഘടനകളുള്ള നാട്ടിൽ, ലോട്ടറി ടിക്കറ്റിൽ ജീവിത പ്രത്യാശകൾ കുരുക്കിയിട്ട, തൊഴിൽ മേഖലകൾ നിർജ്ജീവമായ, അനിശ്ചിതമായ NRI പണത്തിൽ മാത്രം സുരക്ഷിതത്വം കാണുന്ന ഒരു ജനതയുടെ mind set കാർബണിന്റെ പശ്ചാത്തലമാണ്.

വനഗാന്ധാരങ്ങളുടെ നിഗൂഡതയും ശൂന്യതയും ദുർഗ്ഗമമായ മാർഗ്ഗങ്ങളും, അപഭ്രംശം വന്ന വ്യക്തിബോധത്തെ ശുദ്ധീകരിച്ച് ഉണ്മയിലേക്ക് അടുപ്പിക്കുന്നുണ്ടെങ്കിലും കഥാന്ത്യത്തിൽ നാട്ടു സംസർഗ്ഗം വരുന്നതോടുകൂടി, യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ വ്യക്തി വീണ്ടും രോഗാതുരനാകുന്നു.

നടനെ കഥാപാത്രമാക്കുകയും കഥാപാത്രത്തെ പ്രേക്ഷകനാക്കി മാറ്റുകയും അവസാനം സംവിധായകന് ചോദിക്കാനുള്ളത്, പാത്രാസ്ഥിത്വത്തിൽ നിന്ന് അടർത്തിയ നടനെ കൊണ്ട് പ്രേക്ഷകർക്കു നേരെ തൊടുക്കുന്ന
” ഏലിനേഷൻ “ടെക്നിക് വളരെ മനോഹരമായി പ്രയോഗിച്ചിട്ടുണ്ട് അവതരണത്തിൽ.

-വികൽപ്പങ്ങളുടെ തുരുമ്പിച്ച പഴയ വാൾപിടി ഭൂരേക്ക് വലിച്ചെറിഞ്ഞ് നടക്കുന്നവന്റെ മുന്നിൽ, ഏകാശ്രയമായി വന്നുപ്പെടുന്ന ജീപ്പ് ഡ്രൈവറോട്, കഥാനായകൻ താൻ ഒരിക്കലും കണ്ടെത്താത്ത ‘സ്വപ്ന നാണയം’ ഉയർത്തി കാണിച്ച് “ഇതുമതിയാകുമോ ?/ ഇതെടുക്കുമോ ?” എന്ന് ചോദിക്കുന്നുണ്ട് – ഇത് സംവിധായകന്റെ പ്രേക്ഷകരോടുള്ളചോദ്യമാണ്. അതിനു നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഇവിടെ നമുക്കുള്ളിലെ മിഥ്യാ സങ്കൽപ്പങ്ങളേയും മുൻവിധികളെയും അതിന്റെ താവളത്തിലിട്ട് ചുട്ട് ചാരമാക്കി അതിൽ നിന്നും വജ്രങ്ങളെ പുന:സൃഷ്ടിക്കുന്നു- കാർബൺ എന്ന സിനിമ.

Comments are closed.