“നമ്മുടെ ജീവിതം എങ്ങനാവണമെന്നത് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ്. സഹിക്കാൻ പറ്റൂല്ല സാറേ.!!”

0
815

തൊഴിലിടങ്ങളിൽ പോലും ജാതി മേല്‍കോയ്മയുടെ ഊറ്റം പേറി ഹുങ്ക് കാണിക്കുന്ന ടിപ്പിക്കൽ സവർണ ഹുങ്ക് എത്രയൊക്കെ നവോദ്ധാനം പ്രസംഗിച്ചാലും സോഷ്യലിസം ശര്‍ദിച്ചാലും നമുക്കിടയിൽ ഉണ്ട് എന്ന് ഉറക്കെ പറയേണ്ടതായി ഉണ്ട്. അധമൻ എന്നൊരു ഗ്ലോറിഫിക്കേഷൻ നൂറ്റാണ്ടുകളായി ചാർത്തികിട്ടിയ ഒരു ജനത, അവരെ ഒരു കാലത്തു അതിന്റെ പേരിൽ കാൽ കീഴിലിട്ട് ചവിട്ടി അരച്ചിരുന്ന സവര്‍ണ്ണ സമൂഹം ഇന്ന് അത് ഒളിഞ്ഞു തുടർന്നുണ്ട്. എത്രെയൊക്കെ ഒതുക്കി പിടിച്ചാലും തികട്ടി വരുന്ന ആ സത്യം തന്നെയാണ് ഉണ്ട എന്ന സിനിമ വിളിച്ചു പറയുന്നത്. അധ്വാനിച്ചു നേടിയ ജോലിയിലെ സഹ പ്രവർത്തകർക്ക് ഇടയിൽ പോലും അപഹാസ്യനാകുന്ന നിറത്തിന്‍റെ സമൂഹത്തിന്‍റെ പേരിൽ കളിയാക്കപ്പെടുന്ന അവരുടെ പ്രതിനിധി ആണ് ചിത്രത്തിലെ ലുക്ക്മാൻ അവതരിപ്പിക്കുന്ന ബിജു എന്ന കഥാപാത്രം..

“നമ്മുടെ ജീവിതം എങ്ങനാവണമെന്നത് വേറൊരാൾ തീരുമാനിക്കുന്ന അവസ്ഥ ഭീകരമാണ്. സഹിക്കാൻ പറ്റൂല്ല സാറേ.!!” ജാതിയുടെയും നിറത്തിന്റെയും പേരിലുള്ള കളിയാക്കലുകൾ കൊണ്ട് മനം മടുത്തു ബിജു എന്ന പോലീസുകാരൻ പറയുന്നത് ഇതുപോലെ യഥാർഥ ജീവിതത്തിൽ തൊഴിലിടങ്ങളിൽ പോലും ആക്ഷേപിക്കപ്പെടുന്ന അനേകം പേർ ഉറക്കെയും മനസിലും പറഞ്ഞ വാക്കുകൾ തന്നെയായിരിക്കണം. ഉണ്ട എന്ന സിനിമ വ്യതസ്തമാകുന്നത് ഇത്തരം നിലപാടുകൾ കൊണ്ട് തന്നെയാണ്. നാളിതു വരെയുള്ള സിനിമകൾ പ്രത്യേകിച്ച് കൊമേർഷ്യൽ സിനിമകൾ എല്ലാം സവർണ്ണ ഗ്ലോറിഫിക്കേഷന്റെ ഗദ്യ വേർഷനുകൾ തന്നെയാണ് എന്ന് പറയുമ്പോൾ ഉണ്ട പോലുള്ള അപൂർവം സിനിമകൾ മാത്രമാണ് ആക്ഷേപിക്കപ്പെടുന്നവന്റെ വീട്ടിൽ തൂറാൻ കക്കൂസ് ഇല്ല എന്ന് പറഞ്ഞു കളിയാക്കപ്പെടുന്നവന്റെ സൈഡ്, അതിലെ രാഷ്ട്രീയം ചർച്ച ചെയ്യുന്നുള്ളു.

പലരും പറയാൻ മടിക്കുന്ന ഈ നിലപാടുകൾ, രാഷ്ട്രീയം ഒക്കെ മുഖ്യധാര പ്രേക്ഷകന് മുന്നിൽ കൊണ്ട് വന്നതിനു ഖാലിദ് റഹ്മാന് കൈയടികൾ. ക്യാമ്പിൽ കസേര വലിച്ചിട്ട് ഇരിക്കുന്ന ആദിവാസിയായ ബിജുവിന് എതിരെ ഒളിഞ്ഞും തെളിഞ്ഞും ഉയരുന്ന വേരുകളുടെ പേരിലെ ആക്ഷേപം പലരുടെയും ഫ്രസ്‌ട്രേഷന്റെ ആകെ തുകയാണ്. ലുക്ക്മാൻ നിങ്ങൾ സ്കോർ ചെയ്തത് ഒരുപിടി ഗംഭീര നടന്മാർക്ക് ഇടയിൽ നിന്നാണ്. അപ്പൊ അതിനൽപ്പം മാറ്റ് കൂടുതൽ തന്നെയാണ്. ബിജു ഒന്നോ രണ്ടോ വരികളിലൂടെ പറഞ്ഞതിന്റെ രാഷ്ട്രീയം പ്രേക്ഷകരിലേക്ക് ഇടിച്ചു കയറിയെങ്കിൽ അത് നിങ്ങളുടെ കൂടെ മികവാണ് ലുക്മാൻ.. കൈയടികൾ ഫോർ ഉണ്ട ടീം…

– ജിനു അനില്‍കുമാര്‍