നടന്‍ സുകുമാരന്‍ വിടപറഞ്ഞിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം!!!വെള്ളിത്തിരയിലെ അനശ്വര നായകന്‍ സുകുമാരന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് 21 വര്‍ഷം തികയുന്നു. സിനിമ തന്ന സമ്പാദ്യം സിനിമയില്‍ തന്നെ ചെലവഴിച്ച അപൂര്‍വ്വം വ്യക്തികളിലൊരാളാണ് സുകുമാരന്‍. അനായാസ അഭിനയ ശൈലികൊണ്ടും സംഭാഷണചാതുരി കൊണ്ടും സിനിമപ്രേക്ഷകര്‍ നെഞ്ചേറ്റിയ നടനായിരുന്നു സുകുമാരന്‍. 1997 ജൂണ്‍ 16 ന് ഹൃദയ സ്തംഭനംമൂലമായിരുന്നു മലയാളികളുടെ  പ്രിയ നടന്‍ സുകുമാരന്‍ വിടവാങ്ങിയത്. 49 വയസ്സേ അപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ..

250-ഓളം സിനിമകളിൽ അഭിനയിച്ചു. ബന്ധനം എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ലഭിച്ചു. “കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷ”ന്റെ മുൻ ചെയർമാൻ ആയിരുന്നു സുകുമാരന്‍.  സ്കോട്ട് ക്രിസ്ത്യൻ കോളേജിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിച്ചുവരുന്നതിനിടയിലാണ് സുകുമാരന് ‘നിർമ്മാല്യം’ എന്ന ചിത്രത്തിൽ അഭിനയിയ്ക്കാൻ ഒരു ക്ഷണം വന്നത്.

എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ധിക്കാരിയായ ഒരു ചെറുപ്പക്കാരന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിച്ചത്. മലയാളത്തിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന ഈ ചിത്രത്തിനുശേഷം സുകുമാരന് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. അഭിനയം വിട്ട് അദ്ധ്യാപനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചാലോ എന്നുവരെ അദ്ദേഹം ആലോചിച്ചിരുന്നു.

അതിനിടയിലാണ് 1977-ൽ പുറത്തുവന്ന ‘ശംഖുപുഷ്പം’ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം അദ്ദേഹത്തിന് ലഭിച്ചത്. ഈ ചിത്രത്തോടെ സുകുമാരൻ താരങ്ങളിൽ മുൻനിരയിലേയ്ക്ക് കടന്നുവന്നു. പിന്നീട് ഒരുപാടുകാലം മലയാളസിനിമയിൽ അദ്ദേഹം തിളങ്ങിനിന്നു. നിരവധി വേഷങ്ങൾ അദ്ദേഹം ചെയ്തു. ഇരകള്‍,പടയണി എന്നീ മികച്ച ചിത്രങ്ങള്‍ സ്വന്തമായി ആരംഭിച്ച നിര്‍മ്മാണ കമ്പനിയില്‍ നിര്‍മ്മിക്കുകയും ചെയ്തു.

വിറ്റ്‌നസ്സ്, വാരിക്കുഴി , ഒരു സി.ബി.ഐ.ഡയറിക്കുറിപ്പ്, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ന്യായവിധി, രാധ എന്ന പെണ്‍കുട്ടി, ശാലിനി എന്റെ കൂട്ടുകാരി, കലിക, ഇഷ്ടമാണു പക്ഷേ,കുറുക്കന്റെ കല്യാണം, കിന്നാരം, ഉത്തരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് സുകുമാരന്‍.

1978 ഒക്ടോബർ 17-ന് പ്രശസ്ത ചലച്ചിത്രനടി മല്ലികയെ സുകുമാരന്‍ വിവാഹം കഴിച്ചു… ഇന്ന്  ഇതാ ഒരു ഒരു നിയോഗമെന്നപോലെ മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളി പ്രേക്ഷകരുടെ പ്രിയ നടന്‍മാരായി മലയാള സിനിമയിലെ താര നക്ഷത്രങ്ങളായി തിളങ്ങി നില്‍കുന്നു….

Comments are closed.