ദി ഗ്രേറ്റ് ഫാദർ റിവ്യൂ – കാമ്പുള്ള അവതരണത്തിന്റെ പുത്തൻ അനുഭവംthe great father

ഇരുപത്തി ഒൻപതു വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ നായർ സാബ് എന്ന സിനിമയുടെ ചിത്രീകരണം കാശ്മീരിൽ നടക്കുമ്പോൾ, തന്റെ അഭിനയ ജീവിതത്തിന്റെ ഏറ്റവും മോശം സമയത്തു മമ്മൂട്ടി എന്ന നടൻ നിസ്സഹായനായി നിൽക്കുന്നു സമയം, വിജയം അനിവാര്യമായിരുന്നു നിമിഷം. കാശ്മീരിലെ കൊടും തണുപ്പിൽ പോലും മമ്മൂട്ടി വിയർത്തു തുടങ്ങി. ആ സമയം ലൊക്കേഷനിലേക്കു ഒരു ഫോൺകാൾ വന്നു, ന്യൂ ഡൽഹി എന്ന സിനിമയുടെ വിജയ വാർത്ത അറിയിച്ചു കൊണ്ട്, അനിയന്ത്രിതമായി തിരക്കിൽ ന്യൂഡൽഹി പലയിടത്തും പ്രദർശനം ആരംഭിച്ചു എന്ന വാർത്ത മമ്മൂട്ടി ജോഷി എന്നിവർക്ക് പുതുജീവൻ നൽകി, പിന്നീട് സംഭവിച്ചത് ചരിത്രം.

17436254_1856671787932138_7174313250133064976_o

ഇന്ന് ദി ഗ്രേറ്റ് ഫാദർ പ്രദർശനം ആരംഭിക്കുമ്പോഴും മമ്മൂട്ടി ക്കു കഴിഞ്ഞ കുറെ വര്ഷങ്ങളായി എടുത്തു പറയത്തക്ക ഒരു ഗംഭീര വിജയം ഇല്ല, അതുകൊണ്ടു തന്നെ മമ്മൂട്ടി എന്ന താരത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം വിലയിരുത്തുന്നതിൽ അനിവാര്യ പങ്കു വഹിക്കുന്ന ചിത്രം ആകും ദി ഗ്രേറ്റ് ഫാദർ എന്നതിൽ സംശയമില്ല. മമ്മൂട്ടിയിലെ താരത്തെ എഴുതിത്തള്ളിയവർക്കുള്ള മറുപടിയാണ് ദി ഗ്രേറ്റ് ഫാദർ എന്ന് നിസംശയം പറയാം. നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ദി ഗ്രേറ്റ് ഫാദർ മമ്മൂട്ടിയിലെ നടനെയും താരത്തെയും ഒരുപോലെ ഉപയോഗപ്പെടുത്തുന്ന സിനിമയാണ്, കെട്ടിലും മട്ടിലും മാത്രമല്ല കാമ്പുള്ള കഥയുടെയും അവതരണത്തിന്റെയും പുത്തൻ അനുഭവം ആകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ. ഹനീഫ് അദേനി എന്ന സംവിധായകന്റെ മികവ് തെളിയിക്കുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ, ഒരു നവാഗത സംവിധായകന്റെ യാതൊരു വിധ സങ്കുചിതങ്ങളും ഇല്ലാതെ തനിക്കു വേണ്ടത് എന്താണോ അതിനെ മാത്രം വേർതിരിച്ചെടുത്തു മിനുക്കി ഒരുക്കി വച്ചിട്ടുണ്ട് ഹനീഫ് അദേനി. ഒരു സ്റ്റൈലിഷ് സിനിമയുടെ പുറംചട്ടയിൽ ഒതുക്കിനിർത്താതെ വ്യക്തമായി തയ്യാറാക്കിയ തിരക്കഥയുടെ ബലത്തിൽ തന്റേതായ അവതരണശൈലിയിൽ സിനിമയെ അവതരിപ്പിച്ചപ്പോൾ നല്ല സിനിമയുടെ അനുഭവമാണ്, ആഘോഷമാണ് ദി ഗ്രേറ്റ് ഫാദർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. വരും കാലങ്ങളിൽ മലയാള സിനിമയ്ക്ക് പ്രതീക്ഷ അർപ്പിക്കുവാനാകുന്ന സംവിധായകനാണ് താനെന്നു ദി ഗ്രേറ്റ് ഫാദറിലൂടെ അടിവരയിട്ടുറപ്പിക്കുന്നുണ്ട് ഹനീഫ് അദേനി.

tgf3

ഡേവിഡ് നൈനാനും മകളും തമ്മിലുള്ള ആത്മബന്ധമാണ് ദി ഗ്രേറ്റ് ഫാദർ വിഷയമാക്കുന്നത്, തന്റെ  കുടുംബ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നിനിനോട് ഡേവിഡ് നൈനാൻ എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ദി ഗ്രേറ്റ് ഫാദർ.ഡേവിഡ് നൈനാന്റെ മകൾ അഭിമുഖീകരിച്ച വലിയൊരു പ്രശ്നത്തെ മുൻനിർത്തിയാണ് കഥ മുന്നോട് പോകുന്നത്. ഇവിടെയാണ് ഹനീഫ് അദേനി എന്ന സംവിധായകന്റെ മിടുക്കു കാണാൻ കഴിയുന്നത്, തന്റേതായിട്ടുള്ള അടയാളപ്പെടുത്തലുകൾ സിനിമയിൽ ഉൾക്കൊള്ളിക്കാൻ സംവിധായകന് കഴിഞ്ഞിടുത്തു ദി ഗ്രേറ്റ് ഫാദർ പ്രേക്ഷകരുടെ ആസ്വാദനത്തിനു പൂർണതയേകുന്നുണ്ട്.

tgf6

കഥയിലെ ഫ്രഷ്‌നെസ്സ് എന്നൊരു നെറ്റിപ്പട്ടം ചൂടാനാകില്ലെങ്കിലും, ഉള്ള വിഷയത്തോട് മാക്സിമം നീതി പുലർത്തിട്ടുണ്ട്.കാലിക പ്രസക്തമായൊരു വിഷയം തന്നെയാണ് കഥയുടെ കാതൽ.ആദ്യ പകുതി ആ കഥ പ്ലേസ് ചെയ്യാൻ എടുത്ത ഒന്നാണ്. വിഷയപരമായും ആശയപരമായും ഇന്നത്തെ സമൂഹത്തിന്റെ വൃത്തികെട്ട ചെയ്തികളിലേക്ക് ചിത്രം എത്തിനോക്കുന്നുണ്ട്. നമ്മുടെ ചുറ്റിലും എവിടെ വേണോ നടക്കാവുന്ന ഒരു കഥയെ അല്ലെങ്കിൽ സംഭവത്തെ വലിയൊരു ഫ്രെമിൽ അവതരിപ്പിക്കുകയാണിവിടെ .ഫാന്സുകാര്ക് വേണ്ടി ബിഗ് ബി പോലെ ചെയ്ത രോമാഞ്ചമുണർത്തുന്ന സ്സീനുകളാൽ മാത്രം നിറഞ്ഞ ഒന്നല്ല ദി ഗ്രേറ്റ് ഫാദർ,കാലിക പ്രസക്തമായ ഒരു വിഷയത്തിലൂന്നി മാക്സിമം സ്റ്റൈലിഷ് ആയി ചിത്രീകരിച്ച ഒരു സിനിമയാണത്. അതിൽ ഇമോഷൻസിനു പ്രാധാന്യമുണ്ട്, ബന്ധങ്ങൾക്ക് പ്രാധാന്യമുണ്ട്, അത് തന്നെയാണ് ദി ഗ്രേറ്റ് ഫാദറിന്റെ വലിയ വിജയവും

17457397_1856875004578483_6726143391854968891_n

ആദ്യപകുതിയിലെ  സ്ലോ പേസ് നറേഷൻ രണ്ടാം പകുതി കൊണ്ട് മറികടക്കുന്നുണ്ട് ഗ്രേറ്റ് ഫാദർ, മുൻപ് പറഞ്ഞത് പോലെ കഥ പ്ലേസ് ചെയ്യാൻ ഉള്ള ശ്രമമാണ് ഫസ്റ്റ് ഹാഫ്. രണ്ടാം പകുതിയിൽ കഥ ചടുലത കൈവരിക്കുന്നു. ആ പരിണാമം മൊത്തത്തിലുള്ള ആഖ്വാനത്തെ അനുകൂലമായി സ്വാധീനിച്ചു എന്ന് വേണം പറയാൻ. ഇന്റെര്വല് പഞ്ചും തെറ്റില്ലാത്ത രീതിയിൽ വന്നിടുണ്ട്.ഹനീഫ് അദനി ആദ്യ പകുതിയിലെ ഇമോഷണൽ രംഗങ്ങളെ കൈകാര്യം ചെയ്ത രീതി പ്രശംസനീയമാണ്.സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ ഒരു അച്ഛന്റെ കാഴ്ചപ്പാടിൽ നിന്നും കാണുനത് മാത്രമല്ലാതെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ ട്രീറ്റ്‌ ചെയ്തിട്ടുണ്ട് സംവിധായകൻ. വില്ലനുള്ള ക്ലിഷേ കോൺസെപ്റ്റിൽ നിന്നും വളരെയധികം മുന്നോട്ട് വന്നതിൽ ഗ്രേറ്റ് ഫാദറിന് അഭിമാനിക്കാം.

പ്രകടനത്തിൽ മമ്മൂട്ടി എന്നത്തേയുംപോലെ തന്നെ മുന്നിൽ തന്നെയുണ്ട്, ആദ്യം സൂചിപ്പിച്ചതുപോലെ മമ്മൂട്ടി യിലെ താരത്തെ മാത്രം ഉപയോഗപ്പെടുത്തിയ സിനിമയല്ല ദി ഗ്രേറ്റ് ഫാദർ മറിച്ചു മമ്മൂട്ടി യിലെ നടനെയും സിനിമ ആവശ്യപ്പെടുന്നുണ്ട്, അതുകൊണ്ടു തന്നെ മമ്മൂട്ടിയുടെ മികച്ച അഭിനയ മുഹൂർത്തങ്ങളും സിനിമയിൽ കാണാം. മമ്മൂട്ടിയിലെ താരത്തെയും നടനെയും അതിന്റെ ആവശ്യകത അനുസരിച്ചു ഹനീഫ് അദേനി മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ദി ഗ്രേറ്റ് ഫാദർ എന്ന സിനിമയുടെ ഏറ്റവും വലിയ നേട്ടം.നടപ്പിലും ഇരുപ്പിലും ചിരിയിലും പ്രേക്ഷകരുടെ കയ്യടി വാങ്ങാനും ഡേവിഡ് നൈനാൻനു മമ്മൂട്ടിലൂടെ സാധ്യമാകുന്നുണ്ട്.

17390804_1858720177727299_8096622506915547896_o

തന്റെ തിരഞ്ഞെടുപ്പുകൾ കൊണ്ട് പ്രേക്ഷകരെ ഇഷ്ടപെടുത്തിയ നടനാണ് ആര്യ, ഇത്തവണയും തിരഞ്ഞെടുപ്പിൽ പിഴവുകൾ സംഭവിച്ചിട്ടില്ല, നായകനൊപ്പം നിൽക്കുന്ന പ്രകടനം തന്നെയാണ് ആൻഡ്രൂസ് ഈപ്പൻന്റേതു. ഇത് മൂന്നാം തവണയാണ് മമ്മൂട്ടി യുടെ നായികയായി സ്നേഹ മലയാളത്തിലെത്തുന്നത്, മിഷേൽ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്, പോരായ്മകൾ ഇല്ലാതെ തന്റെ വേഷം ഭംഗിയാക്കാൻ സ്നേഹക്കു കഴിഞ്ഞു. അനിഖയാണ് സാറ ഡേവിഡ് ആയി വേഷമിടുന്നത്, പ്രകടനത്തിൽ വലിയ പാളിച്ചകളൊന്നും അനിഖയിൽ നിന്നും ഇല്ല.മിയാ ജോർജ്, ഐ എം വിജയൻ, ശാം, മണികണ്ഠൻ ആചാരി,മാളവിക മോഹനൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

tgf8

റോബി വർഗീസ് രാജ്ന്റെ ഛായാഗ്രഹണം സിനിമയുടെ ത്രില്ലർ സ്വഭാവത്തോടു ചേർന്ന് നിൽക്കുന്നു.നൗഫൽ ആണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്, കൃത്യമായ വേഗതയിലും സിനിമയുടെ ഒഴുക്കിനെയും തടസപ്പെടുത്താതെ ഭാവപരിസരത്തോടു ചേർന്ന് നിൽക്കുന്നുണ്ട് എഡിറ്റിംഗ്. സംഗീതം ഗോപി സുന്ദറും പശ്ചാത്തല സംഗീതം സുഷിന് ശ്യാമുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഗോപി സുന്ദറിന്റെ സംഗീതം പ്രതീക്ഷക്കൊത്തുയുരുന്നില്ലെങ്കിലും  സുഷിന് ശ്യാമിന്റെ പശ്ചാത്തലം സംഗീതം സിനിമയുടെ താളത്തിനൊപ്പം നീങ്ങുന്നുണ്ട്. ആകെ മൊത്തത്തിൽ പ്രേക്ഷക പ്രതീക്ഷയോട് നീതി പുലർത്തുന്ന സിനിമയാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ. മമ്മൂട്ടി ആരാധകർക്ക് മാത്രമല്ല എല്ലാ തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയാകുന്നുണ്ട് ദി ഗ്രേറ്റ് ഫാദർ. പ്രകടന ഭദ്രതയിലും സംവിധാന മികവിലും പ്രേക്ഷകർക്ക് പുത്തൻ ആസ്വാദന ശൈലി സമ്മാനിക്കാൻ കഴിയുന്ന സിനിമയാണ് ദി ഗ്രേറ്റ് ഫാദർ. ഇനി ഡേവിഡ് നൈനാൻന്റെ നാളുകൾ….

റേറ്റിംഗ് 3 .75/5

Comments are closed.