തുണി കൊടുത്ത് നന്മ ചെയ്ത മനുഷ്യന് തുണി കൊണ്ടൊരു സൃഷ്ടി സമ്മാനിച്ചു ഡാവിഞ്ചി സുരേഷ്നൗഷാദിക്ക ആ പേര് പെട്ടന്നു മലയാളി മറക്കില്ല അത് ഉറപ്പാണ്. ഫുട് പാത്തിൽ തുണി കച്ചവടം നടത്തി ജീവിക്കുന്ന മനുഷ്യൻ തന്റെ സഹജീവികൾക്ക് വേണ്ടി സമ്പാദ്യത്തിലെ ഒരു പങ്കു സന്തോഷത്തോടെ നൽകിയത് നമ്മൾ കണ്ടത്. തുച്ഛമായ വരുമാനം മാത്രമുള്ള നൗഷാദ് അഞ്ചു ചാക്ക് തുണിയാണ് സന്നദ്ധപ്രവർത്തകർക്ക് നൽകിയത്. നടൻ രാജേഷ് ശർമ്മയിലൂടെ ആണ് നൗഷാദിനെ കുറിച്ചു ലോകം അറിഞ്ഞത്. നൗഷാദിന് കൈയടികളുമായി കേരള സമൂഹം എത്തിയിട്ടുണ്ട്.

പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈമാറാൻ വേണ്ടി എറണാകുളം ബ്രോഡ് വേയിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുകയായിരുന്നു രാജേഷ് ശർമ്മയും സംഘവും. അപ്പോഴാണ് നൗഷാദ് എന്റെ കൈയിൽ ആവശ്യത്തിന് തുണികൾ ഉണ്ടെന്നു പറഞ്ഞു രാജേഷ് ശർമയേയും കൂടെയുള്ളവരെയും കൂട്ടി പൂട്ടി കിടന്ന തന്റെ കട തുറന്നു കെട്ടു കണക്കിന് ഡ്രസ്സ്‌ അവർക്കായി ചാക്കിൽ നിറച്ചു നൽകിയത്. കൊടുത്തിട്ടും കൊടുത്തിട്ടും മനസ് നിറയാതെ നൗഷാദ് ചാക്കുകളിൽ തുണികൾ വാരി നിറച്ചു.

തുണികൊണ്ട് നന്മ ചെയ്ത ആ വലിയ മനുഷ്യനു തുണി കൊണ്ട് തന്നെ ഒരു സൃഷ്ടി ചെയ്തു നൽകി അനുമോദിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. അദ്ദേഹം തീർത്ത സൃഷ്ടിയുടെ ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും. അതിങ്ങനെ “കഴിഞ്ഞ പ്രളയത്തിനു സ്വയം ചവിട്ടു പടിയായ ജൈസലിനെ നമുക്ക് മറക്കാനാവില്ല… ദുരന്തം ഈ വര്‍ഷവും ആവര്‍ത്തിച്ചപ്പോള്‍ നൌഷാദ് മറ്റൊരു നന്മ നിറഞ്ഞ സഹോദരനെ നമുക്ക് കാണാനായി ചെറിയ ഫുട്ട് പാത്ത് കച്ചവടക്കാരനായ ഇദ്ദേഹം സ്വന്തം കടയിലെ തുണികള്‍ മുഴുവനും ചാക്കിലാക്കി ദുരിതാശ്വാസത്തിനു വേണ്ടി സമ്മാനിക്കുന്ന കാഴ്ച എല്ലാവരും കണ്ടു …കഴിഞ്ഞു മഴവെള്ളം എന്‍റെ പ്രദേശം മുഴുവനും മുക്കി വീടിന്‍റെ പടിവരെ വെള്ളം വന്നു തിരിച്ചു പോയി ചെളിയും ചവറും ക്ലീന്‍ ചെയ്യുന്ന സമയത്താണ് ഇദ്ദേഹത്തിന്‍റെ നന്മയ്ക്ക് ഒരു ആദരവായി ചിത്രം വരയ്ക്കണമെന്നു തോന്നിയത് ഏതു മീഡിയത്തില്‍ വരച്ചു വേണം എന്ന ചിന്തയിലാണ് തുണികള്‍ തന്നെ തെരഞ്ഞെടുത്തത് സ്വന്തം സമ്പാദ്യവും കച്ചവട ഉല്പന്നവുമായ തുണികള്‍ ദാനം ചെയ്ത നൌഷാദിക്കാടെ നല്ല മനസിന്‌ തുണി തന്നെയല്ലേ ഉചിതമായ മീഡിയം..”

Comments are closed.